പത്തനംതിട്ട: കാടിനു നടുവിൽ വലിച്ചുകെട്ടിയ ടാർപോളിൻ ഷീറ്റിനു കീഴിൽ എട്ട് പെൺമക്കളോടൊത്ത് ജീവിക്കുന്ന ആദിവാസി വീട്ടമ്മയുടെ ദുരവസ്ഥയിൽ അടിയന്തരമായി ഇടപെട്ട് പുനരധിവാസവും കുട്ടികൾക്ക് വിദ്യാഭ്യാസവും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് പത്തനംതിട്ട ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
ളാഹ മഞ്ഞത്തോടിനു സമീപം താമസിക്കുന്ന ആദിവാസി വിഭാഗത്തിലുള്ള മീന എന്ന വീട്ടമ്മയുടെ പരാതി അടിയന്തരമായി പരിഹരിക്കാനാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
കുടുംബത്തെ സർക്കാർ തലത്തിൽ ഉടൻ പുനരധിവസിപ്പിക്കാൻ ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ സാമൂഹികനീതി വകുപ്പിന്റെ സഹായത്തോടെ സാമൂഹിക സംഘടനകളുമായി ബന്ധപ്പെട്ട് പുനരധിവാസം ഉറപ്പാക്കാനാകുമോയെന്നു പരിശോധിക്കണമെന്നും നിർദേശിച്ചു.
പത്തനംതിട്ട ജില്ലാ കളക്ടർ ഒരു മാസത്തിനകം വിശദമായ റിപ്പോർട്ട് കമ്മീഷൻ സിറ്റിംഗിൽ ഹാജരാക്കണമെന്നും നിർദേശമുണ്ട്.