ഷമീർ, ഷംനാദ്
നെടുമങ്ങാട് : രാത്രി ദമ്പതികളെ റോഡിൽ തടഞ്ഞ് ആക്രമിക്കുന്നത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയും തറയിലിട്ട് മർദിക്കുകയും ചെയ്ത രണ്ടംഗ സംഘത്തെ പോലീസ് പിടികൂടി .
ചുള്ളിമാനൂർ ഷമിൻ മൻസിലിൽ എസ്.ഷമീർ (37), ആനാട് മെത്തോട് തെക്കുംകര വീട്ടിൽ ആർ.ഷംനാദ് (38) എന്നിവരെയാണ് നെടുമങ്ങാട് സി ഐ പ്രസാദിന്റെയും എസ്ഐ അംബരീഷിന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 26ന് രാത്രി പതിനൊന്നോടെ പനവൂർ-പുത്തൻപാലം റോഡിൽ മൂഴിയിലാണ് സംഭവം. കാറിൽ സഞ്ചരിക്കുകയായിരുന്ന പനവൂർ സ്വദേശികളായ ദന്പതികളേയാണ് അക്രമികൾ വഴിതടഞ്ഞ് ഉപദ്രവിച്ചത്.
ഇതേസയമം ഓണാഘോഷത്തിൽ പങ്കെടുത്ത ശേഷം ഭക്ഷണം കഴിക്കാനായി പുത്തൻപാലത്തേയ്ക്ക് വരികയായിരുന്ന കരിക്കുഴി മീന്നിലം നിഷാദ് മൻസിലിൽ മുഹമ്മദ് നിഷാദും സുഹൃത്ത് ഷബിനും അക്രമികളെ ചോദ്യം ചെയ്യുകയായിരുന്നു. അസഭ്യം വിളിച്ചുകൊണ്ട് റോഡിൽ കിടന്ന പാറക്കല്ലെടുത്ത് പ്രതികൾ നിഷാദിനെയും ഷബിനെയും തലയ്ക്കടിച്ച് വീഴ്ത്തിയശേഷം തറയിലിട്ടു ചവിട്ടുകയായിരുന്നു.നിഷാദിന്റെ നെറ്റിയിൽ ആഴത്തിൽ മുറിവേറ്റു.ഷബിന്റെ തലയുടെ പിറകിൽ പരിക്കുണ്ട്.ദമ്പതികളുടെ പരാതിയിൽ മാനഹാനിക്കും ബൈക്ക് യാത്രികരുടെ പരാതിയിൽ നരഹത്യാശ്രമത്തിനും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.