കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാരിന്റെ പ്രഥമ ബജറ്റിന്റെ അവതരണം ധനമന്ത്രിയുമായ മുഖ്യമന്ത്രി വി.ഡി. സതീശന് പൂര്‍ത്തിയാക്കിയപ്പോള്‍ വയനാട്ടില്‍ ചിരിയും കണ്ണീരും.
വയനാട് ട്രൈബല്‍ യൂണിവേഴ്സിറ്റിക്ക് 50 കോടി രൂപയും ബത്തേരി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിനും വയനാട് പാക്കേജില്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍ പദ്ധതിക്കും രണ്ടു കോടി രൂപ വീതവും ബജറ്റില്‍ വകയിരുത്തിയത് ജില്ലയില്‍ ആഹ്ലാദത്തിന് വകയായി.
ട്രൈബല്‍ ഹെല്‍ത്ത് ക്ലസ്റ്റര്‍ രൂപീകരണം, ടൂറിസം മേഖലയില്‍ ബ്രാന്‍ഡ് വയനാട്, കടുവ, പുലി എന്നിവയുടെ ശാസ്ത്രീയ സെന്‍സസ് എന്നിങ്ങനെ ബജറ്റ് നിര്‍ദേശങ്ങളും ജനം കൈയടിയോടെ സ്വീകരിച്ചു. എന്നാല്‍ അതിയായി ഇച്ഛിച്ചതില്‍ പല പദ്ധതികള്‍ക്കും ബജറ്റില്‍ ഇടം ലഭിക്കാത്തത് നിരാശയ്ക്ക് കാരണമായി. വയനാട് ഗവ. മെഡിക്കല്‍ കോളജ് സ്ഥിര നിര്‍മാണത്തിന് സ്ഥലമെടുപ്പ്, സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി, കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍, ചിപ്പിലിത്തോട്-മരുതിലാവ് താമരശേരി ചുരം ബൈപാസ്, പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദല്‍ റോഡ്, മേപ്പാടി പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളില്‍ പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം പരോക്ഷമായി ബാധിച്ചവരുടെ കടം ഏറ്റെടുക്കല്‍ എന്നിവയെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല.
വന്യജീവി ശല്യത്തിന്റെ പരിഹാരത്തിന് വയനാടിന് മാത്രമായി പ്രത്യേക പദ്ധതിക്ക് ബജറ്റില്‍ സ്ഥാനം ലഭിച്ചില്ല. ഇതില്‍ യുഡിഎഫ് അനുഭാവികളിലടക്കം തിളച്ചുമറിയുകയാണ് പ്രതിഷേധം. ജില്ല നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് താമരശേരി ചുരത്തില്‍ അടിക്കടി ആവര്‍ത്തിക്കുന്ന ഗതാഗതക്കുരുക്ക്. ഇതിന് പരിഹാരമെന്ന നിലയില്‍ ചിപ്പിലിത്തോട്-മരുതിലാവ് ബൈപാസിനും പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡ് പദ്ധതിക്കും ബജറ്റില്‍ പരിഗണന ലഭിക്കുമെന്ന് കരുതിയിരുന്നവര്‍ നിരവധിയാണ്.
ചുരം ബദല്‍ റോഡിന് അന്തിമ ഡിപിആര്‍ തയാറാക്കുന്നതിന് ബജറ്റില്‍ തുക വകയിരുത്തുമെന്ന പ്രതീക്ഷയായിരുന്നു പൊതുവെ. ഇക്കാര്യത്തില്‍ പൂഴിത്തോട്-പടിഞ്ഞാറത്തറ ജനകീയ കര്‍മസമിതിക്ക് ജനപ്രതിനിധികളില്നിന്നടക്കം വാഗ്ദാനങ്ങള്‍ ലഭിച്ചതുമാണ്. ചുരം ബദല്‍ റോഡ് പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവുമായി കര്‍മസമിതി 1,260ല്‍പരം ദിവസങ്ങളായി സമരമുഖത്താണ്.
ബദല്‍ റോഡ് പദ്ധതിയെ ബജറ്റില്‍ അവഗണിച്ചതിനെ ആക്ഷേപമായാണ് കര്‍മ സമിതി കാണുന്നത്. കര്‍മസമിതി ഇന്നലെ വൈകുന്നേരം പടിഞ്ഞാറത്തറ ടൗണില്‍ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മയില്‍ സര്‍ക്കാരനെതിരേ നിശിത വിമര്‍ശനമാണ് ഉയര്‍ന്നത്. ബദല്‍ റോഡിനെ ബജറ്റില്‍ തഴഞ്ഞത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കര്‍മ സമിതി കോ ഓര്‍ഡിനേറ്റര്‍ കമല്‍ ജോസഫ് പറഞ്ഞു. മാനന്തവാടിയില്‍ ഗവ. മെഡിക്കല്‍ കോളജ് ഉണ്ടെങ്കിലും ജില്ലയിലുള്ളവര്‍ അടിയന്തര സാഹചര്യങ്ങളില്‍ വൈദ്യസഹായത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയെയും മറ്റും ആശ്രയിക്കേണ്ട സ്ഥിതിയാണ്.
എന്നിരിക്കേ ഗവ. മെഡിക്കല്‍ കോളജില്‍ ആധുനിക ചികിത്സാസൗകര്യങ്ങള്‍ ഒരുക്കുന്നതിന് ബജറ്റില്‍ പ്രത്യേക ഫണ്ട് ജനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനടക്കം 100 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. വയനാട് ഗവ. മെഡിക്കല്‍ കോളജിന്സ്ഥിരനിര്മാണം എവിടെ നടത്തുമെന്നത് സംബന്ധിച്ചും ബജറ്റില്‍ പരാമര്‍ശമില്ല.
റെയില്‍ പദ്ധതി: ബജറ്റില്‍ രണ്ട് കോടി അനുവദിച്ചതിനെ സ്വാഗതം ചെയ്ത് ആക്ഷന്‍ കമ്മിറ്റി
കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ രണ്ട് കോടി രൂപ അനുവദിച്ചതിനെ നീലഗിരി-വയനാട് എന്‍എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി സ്വാഗതം ചെയ്തു. ബജറ്റില്‍ തുക വകയിരുത്തിയതോടെ 10 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതിക്ക് പുതുജീവന്‍ ലഭിച്ചിച്ചുവെന്ന് യോഗം അഭിപ്രായപ്പെട്ടു. 2016ല്‍ കേന്ദ്ര അനുമതി ലഭിച്ച പദ്ധതിയുടെ നിര്‍മാണത്തിന് വിഘാതമായത് കഴിഞ്ഞ സര്‍ക്കാരിന്റെ താത്പര്യ രാഹിത്യമാണ്.
റെയില്‍ പദ്ധതി അഞ്ച് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാമെന്ന് 2010ല്‍ അന്നത്തെ ഡിഎംആര്‍സി ചെയര്മാന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍വേയ്ക്കുള്ള ഫണ്ട് ഡിഎംആര്‍സിക്ക് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. സംസ്ഥാന സര്‍ക്കാര്‍ മുടക്കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഫണ്ടനുവദിച്ചതിനെത്തുടര്ന്ന് പാതയുടെ ഡിപിആറും അന്തിമ സ്ഥലനിര്‍ണയ സര്‍വേയും പൂര്‍ത്തിയായിട്ടുണ്ട്.
റെയില്‍ പദ്ധതിയോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരേ ആക്ഷന്‍ കമ്മിറ്റി ഒരു ദശാബ്ദമായി നടത്തുന്ന സമരങ്ങളുടെ വിജയകരമായ പരിസമാപ്തിയാണ് ബജറ്റ് പ്രഖ്യാപനം. സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യം പദ്ധതിക്ക് ദിശാബോധം നല്‍കുമെന്ന് യോഗം വിലയിരുത്തി.
പാത യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. കണ്‍വീനര്‍ അഡ്വ. ടി.എം. റഷീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത്, പി.വൈ. മത്തായി എം.എ. അസൈനാര്‍, ജോസ് കപ്യാര്‍മല, സി. അബ്ദുള്‍റസാഖ്, സി.എച്ച്. സുരേഷ്, മോഹന്‍ നവരംഗ്, ജോയിച്ചന്‍ വര്‍ഗീസ്, ജേക്കബ് ബത്തേരി, നാസര്‍ കാസിം, സിറാജുദീന്‍, അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
കല്‍പ്പറ്റ: വയനാടിന്റെ വികസനഭാവിക്ക് ദിശപാകിയ ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ ലഭിച്ചിട്ടുണ്ട്. വയനാട് ട്രൈബല്‍ സര്‍വകലാശാലയും തദ്ദേശ വിജ്ഞാന മേഖലയും തുടങ്ങാനുള്ള തീരുമാനം ആദിവാസി സമൂഹങ്ങളുടെ സവിശേഷമായ സാംസ്കാരിക പൈതൃകം, പരമ്പരാഗത വിജ്ഞാനം, വികസനാഭിലാഷങ്ങള്‍ എന്നിവ ലോകത്തിന് പരിചയപ്പെടുത്താനുള്ള വിപ്ലവകരമായ നടപടിയാണെന്നും സിദ്ദിഖ് പറഞ്ഞു.
ബത്തേരിയിൽ സർക്കാർ കോളജിന് രണ്ട് കോടി: ബജറ്റ് പ്രഖ്യാപനത്തെ ജിസിടിഒ സ്വാഗതം ചെയ്തു
കൽപ്പറ്റ: ജില്ലയിൽ സർക്കാർ കോളജ് ഇല്ലാത്ത നിയമസഭാ മണ്ഡലമായ സുൽത്താൻ ബത്തേരിയിൽ സർക്കാർ കോളജ് സ്ഥാപിക്കുമെന്ന സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തെ ഗവണ്മെന്റ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ജിസിടിഒ) ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു.
കഴിഞ്ഞ നിരവധി വർഷങ്ങളായി ബത്തേരിയിലെ സർക്കാർ കോളജ് എന്നത് പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിക്കിടന്ന ഒരു ആവശ്യമായിരുന്നു. എന്നാൽ ഇത്തവണ സർക്കാർ ഈ വിഷയത്തിൽ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുവന്ന് കോളജ് സ്ഥാപനം ബജറ്റിൽ ഉൾപ്പെടുത്തി യാഥാർഥ്യമാക്കാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത് വയനാടിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ആദിവാസി സമൂഹവും കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന സാധാരണക്കാരായ കുടുംബങ്ങളുമാണ് ബത്തേരി മണ്ഡലത്തിന്റെ സാമൂഹിക അടിത്തറ. ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളുടെ അപര്യാപ്തത മൂലം നിരവധി വിദ്യാർഥികൾക്ക് ഉപരിപഠന അവസരങ്ങൾ നിഷേധിക്കപ്പെടുകയോ മറ്റ് ജില്ലകളെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകുകയോ ചെയ്തിരുന്നു. പുതിയ സർക്കാർ കോളജിന്റെ സ്ഥാപനം ഈ പ്രശ്നത്തിന് ഗണ്യമായ പരിഹാരമാകുമെന്നും പ്രദേശത്തെ വിദ്യാർഥികൾക്ക് കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ സൃഷ്ടിക്കുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സമഗ്രമായ വളർച്ചയും പുതിയ സാധ്യതകളും തുറന്നുകൊടുക്കുന്ന വയനാട് ട്രൈബൽ സർവകലാശാല യാഥാർഥ്യമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടിയും ഏറെ അഭിനന്ദനാർഹമാണ്. ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ, ഗവേഷണ, സാംസ്കാരിക മുന്നേറ്റങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതോടൊപ്പം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ് ട്രൈബൽ സർവകലാശാലയുടെ സ്ഥാപനം.
സർക്കാർ കോളജും ട്രൈബൽ സർവകലാശാലയും യാഥാർഥ്യമാകുന്നതോടെ വയനാട് കേരളത്തിലെ പ്രധാന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായി മാറുമെന്ന പ്രതീക്ഷയും കമ്മിറ്റി പ്രകടിപ്പിച്ചു.
വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യനീതിയും പ്രാദേശിക സമത്വവും ഉറപ്പാക്കുന്ന ഈ സുപ്രധാന തീരുമാനങ്ങൾക്ക് ഗവണ്മെന്റ് കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംസ്ഥാന സർക്കാരിനെയും ജില്ലയിലെ ജനപ്രതിനിധികളെയും അഭിനന്ദിച്ചു. ജിസിടിഒ ജില്ലാ പ്രസിഡന്റ് ഷിബു ജോർജ്, ലഫ്. ഡോ. ബഷീർ പൂളക്കൽ, കെ.എസ്. ഷീജ എന്നിവർ പ്രസംഗിച്ചു.
ബജറ്റ് നിരാശാജനകം: എല്‍ഡിഎഫ്
കല്‍പ്പറ്റ: സംസ്ഥാന ബജറ്റ് തീര്‍ത്തും നിരാശാജനകമാണെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ യുഡിഎഫ് ജില്ലയ്ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് ആദ്യ ബജറ്റില്‍ത്തന്നെ വ്യക്തമായി. അടിയന്തര ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങള്‍പോലും അവഗണിച്ചു. അടിസ്ഥാന പ്രശ്നങ്ങളുടെ പരിഹാരത്തിന് പദ്ധതിയോ തുകയോ ഇല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍പോലും നിലയ്ക്കുന്ന സഹാചര്യമാണ്.
വയനാട് പാക്കേജിന് പണം അനുവദിക്കാതെ അവസാനിപ്പിക്കുകയാണെന്ന സൂചനയാണ് ബജറ്റില്‍. പുഞ്ചിരിമട്ടം ദുരന്തബാധിതരെയും പുനരധിവാസ പദ്ധതിയെയുംകുറിച്ച് ഒരു വാക്കുപോലും ബജറ്റില്‍ ഇല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പുനരധിവാസ പദ്ധതികള്‍ തുടരുമോയെന്നതില്‍ വ്യക്തതയില്ല. വയനാട് മെഡിക്കല്‍ കോളജിന്റെ തുടര്‍വികസനത്തിന് പദ്ധതികളില്ല. തുരങ്കപാതയെക്കുറിച്ച് മിണ്ടുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറെ മുന്നോട്ടുകൊണ്ടുപോയ പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാതയ്ക്ക് ഒരു രൂപ വകയിരുത്തിയില്ല.
രൂക്ഷമായ വന്യമൃഗപ്രതിരോധത്തിന് പ്രത്യേക പദ്ധതിയില്ല. തുക വെട്ടിക്കുറച്ചു. കാര്‍ഷിക, തോട്ടം, പട്ടികവര്‍ഗ മേഖലയെയും അവഗണിച്ചു. ടൂറിസം മേഖല പൂര്‍ണമായും കൈവിട്ടു. കൃഷിമന്ത്രിയുടെ ജില്ലയായിട്ടും കാര്‍ഷിക മേഖലയ്ക്ക് പരിഗണന ലഭിച്ചില്ല. അവഗണനക്കെതിരേ ശക്തമായ പ്രതിഷേധം ഉയരണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
വയനാടിനെ കരുതിയ ബഡ്ജറ്റ്: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ
സുൽത്താൻ ബത്തേരി: വയനാട്ടിൽ പട്ടികവർഗ സർവകലാശാല ആരംഭിക്കുമന്ന പ്രഖ്യാപനവും അതിനായി 50 കോടി രൂപ അനുവദിച്ചതും ആദിവാസികളുടെ ഉന്നത വിദ്യാഭ്യാസത്തിന് കരുത്തുപകരുമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ.
വയനാട് പാക്കേജിൽ മൈസൂരു-നഞ്ചൻഗോട് - നിലന്പൂർ റെയിൽപാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രണ്ടു കോടിയും കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് പലകുറി ആവശ്യപ്പെട്ടിട്ടും പണമില്ലെന്നു പറഞ്ഞ് അനുവദിക്കാതിരുന്ന സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് സ്ഥാപിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി രണ്ടു കോടിയും ദേശീയ അന്തർദേശീയ തലത്തിൽ വയനാടിനെ അവതരിപ്പിക്കുന്നതിനായി "ബ്രാൻഡ് വയനാട് ’എന്ന ആശയം ടൂറിസം മേഖലയ്ക്കും കരുത്ത് പകരും.
വയനാട് പാക്കേജിൽ ആരോഗ്യം വിദ്യാഭ്യാസം ഉപജീവനമാർഗങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകും എന്നുള്ള പ്രഖ്യാപനവും മനുഷ്യ വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്നുള്ള പദ്ധതികളും ക്ഷീരവികസനം, മൃഗസംരക്ഷണം എന്നിവയ്ക്കുള്ള പ്രത്യേക പരിഗണനയും വയനാടിനു ഗുണം ചെയ്യുമെന്ന് എംഎൽഎ പറഞ്ഞു.
വയനാടിന് പരിഗണന ലഭിച്ചെന്ന് യുഡിഎഫ് നേതൃത്വം
കൽപ്പറ്റ: വി.ഡി. സതീശൻ സർക്കാരിന്റെ പ്രഥമ ബജറ്റിൽ ജില്ലയ്ക്ക് മുന്തിയ പരിഗണന ലഭിച്ചെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം. ജില്ലയെ ചേർത്തുപിടിച്ച ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് യുഡിഎഫ് ജില്ലാ ചെയർമാനും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ കെ.കെ. അഹമ്മദ് പറഞ്ഞു. ജില്ലയുടെ വികസനക്കുതിപ്പിന് വഴിയൊരുക്കുന്നതാണ് ബജറ്റ്. വന്യമൃഗശല്യം, കാർഷിക മേഖലയിലെ പ്രതിസന്ധി അടക്കം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങൾ.
വയനാട് പാക്കേജിൽ ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനമാർഗങ്ങൾ എന്നീ മേഖലകൾക്ക് മുൻഗണന നൽകുമെന്നുള്ള പ്രഖ്യാപനവും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പദ്ധതികളും ഏറെ ആശ്വാസകരമാണ്. കാർഷിക കടാശ്വാസ കമ്മീഷൻ അവാർഡ് പ്രഖ്യാപിച്ച കർഷകരുടെ പ്രമാണങ്ങൾ തിരിച്ചുനൽകാനുള്ള നടപടി, ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ മേഖലക്കുള്ള പദ്ധതികൾ എന്നിവ ജില്ലയ്ക്ക് ഗുണം ചെയ്യുമെന്നും അഹമ്മദ് പറഞ്ഞു.
ജില്ലയുടെ വികസനത്തിൽ വൻ മുന്നേറ്റം സാധ്യമാക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങളെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് പറഞ്ഞു. പട്ടികവർഗ ഉപപദ്ധതിക്ക് 152.52 കോടി രൂപ അധിക വിഹിതമായി വകയിരുത്തിയതും പ്രത്യേക ഭവന പദ്ധതി പ്രഖ്യാപനവും സ്വാഗതാർഹമാണ്. വിനോദസഞ്ചാരമേഖലയെ പരിസ്ഥിതി സൗഹൃദ രീതിയിൽ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും ദേശീയ-അന്തർദേശീയ തലങ്ങളിൽ വയനാടിനെ അവതരിപ്പിക്കുന്നതിനുള്ള "ബ്രാൻഡ് വയനാട് ’ആശയവും ശ്രദ്ധേയമാണെന്നും മുഹമ്മദ് പറഞ്ഞു. കടുത്ത സാന്പത്തിക പ്രതിസന്ധികൾക്കിടയിലും സമസ്ത മേഖലകൾക്കും പ്രതീക്ഷ നൽകുന്നതാണ് വി.ഡി. സതീശന്റെ പ്രഥമ ബജറ്റെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ എച്ച്.ബി. പ്രദീപ് പറഞ്ഞു.
വയനാട്ടിൽ ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത് പട്ടികവർഗ വിഭാഗങ്ങളുടെ പുരോഗതി ത്വരിതപ്പെടുത്തും. വന്യമൃഗ ശല്യത്തിനെതിരേ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തൽ, നെറ്റ് സീറോ കാർബണ്‍ പദ്ധതി, ജെൻസി ടെക്നോളജി മിഷൻ എന്നിവ പ്രതീക്ഷ നൽകുന്നതാണെന്നും പ്രദീപ് പറഞ്ഞു.
ജില്ലയിൽ വികസന മുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് ബജറ്റ് നിർദേശങ്ങളെന്ന് ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് പറഞ്ഞു. വയനാട് ഗവ. മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാൻ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. മലയോര മേഖലയിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് 192.20 കോടി രൂപയാണ് വകയിരുത്തിയത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ പുതിയ ആർആർ ടീമിനെ അനുവദിക്കുന്നത് വയനാടിനും ഗുണം ചെയ്യുമെന്ന് ഐസക് പറഞ്ഞു.
സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ: ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ
പുൽപ്പള്ളി: കേരളത്തിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവയ്ക്കേണ്ട അവസ്ഥയിലാണെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പുൽപ്പള്ളി മേഖല കമ്മിറ്റി അറിയിച്ചു.
ഡീസൽ, ടയർ, സ്പെയർപാർട്സ് എന്നിവയുടെ കുത്തനെയുള്ള വിലവർധന മൂലം കേരളത്തിലെ പൊതുഗതാഗത സംവിധാനം തകരുന്ന അവസ്ഥയാണ്. ഇത് പിടിച്ചുനിർത്തുന്നതിനുള്ള സംവിധാനം ബജറ്റിൽ ഉണ്ടാകുമെന്നായിരുന്നു സ്വകാര്യ ബസ് മേഖല പ്രതീക്ഷിച്ചത്. എന്നാൽ പ്രതിദിനം 130 നും 150 നും ഇടയ്ക്കുമുള്ള ഒരു സംഖ്യ ടാക്സ് ഇനത്തിൽ കുറവ് തന്നിരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്.
കെഎസ്ആർടിസി ബസുകളിൽ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര ആരംഭിച്ചതോടെ 75 ശതമാനം യാത്രക്കാരും സ്വകാര്യ ബസ് മേഖലയ്ക്ക് ഇല്ലാതായി. ഈ അവസ്ഥയിൽ കേവലം 150 രൂപ മാത്രമാണ് സർക്കാർ ആനുകൂല്യം എന്ന നിലയ്ക്ക് തരുന്നത് തങ്ങളെ കളിയാക്കുന്നതിന് തുല്യമാണ്.
സംഘടന സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതുപോലെ കേരളത്തിലെ സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുക്കുകയും ഒരു നിശ്ചിത തുക നൽകുകയോ അല്ലെങ്കിൽ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുകയും ആ സംഖ്യ സർക്കാർ നൽകുകയും ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്.
കേരളത്തിൽ സ്വകാര്യ ബസുകൾ ഇല്ലാതാകുന്ന അവസ്ഥയിലേക്കാണ് ഇപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്. അതിനാൽ പൊതുഗതാഗത സംവിധാനം സർക്കാരിന് യാതൊരുവിധ മുതൽമുടക്കം ഇല്ലാതെ നടത്തുന്നതിന് ആവശ്യമായ സംവിധാനം അടിയന്തരമായി ഉണ്ടാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പുൽപ്പള്ളി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ബ്രിജേഷ് കെ. തോമസ്, സെക്രട്ടറി കെ.വി. ബിനോയ്, ജോർജ് തോമസ്, കെ.സി. ബെന്നി, എം.ജെ. കുര്യാക്കോസ്, എം.ജി. സുമേഷ് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Wayanad