പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലർ ആർ. സുഗതന്റെ അവധി അപേക്ഷയെച്ചൊല്ലി തിരുവനന്തപുരം കോർപറേഷൻ കൗണ്‍സിലിൽ യോഗത്തിൽ വീ ണ്ടും വാക്കേറ്റം. സപ്ലിമെന്ററി ഗുണഭോക്തൃ പട്ടികയും വാർഷിക പദ്ധതിയുടെ സ്പിൽ ഓവർ പട്ടികയും അംഗീകരിക്കുന്നതിനായി വിളിച്ചുചേർത്ത പ്രത്യേക കൗണ്‍സിലി ലായിരുന്നു സംഭവം.
കൗണ്‍സിൽ ആരംഭിച്ച ഉടൻ യോഗത്തിൽ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ച കൗണ്‍സിലർമാരുടെ പേരുകൾ മേയർ വി.വി. രാജേഷ് വായിച്ചു. സുഗതന്റെയും കെ.എസ്. ശബരീനാഥന്റെയും പേരുകൾ ഇതിൽ ഉൾപ്പെട്ടതോടെ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
ജയിലിൽ കഴിയുന്ന സുഗതന്റെ അവധി അപേക്ഷ അംഗീകരിക്കുന്നതു നിയമവിരുദ്ധമാണെന്നും അത് അനുവദിക്കരുതെന്നും പ്രതിപക്ഷ കൗണ്‍സിലറായ എസ്.പി. ദീപക് ആവശ്യപ്പെട്ടു. എന്നാൽ ഈ വിഷയം പ്രത്യേക കൗണ്‍സിലിന്റെ അജണ്ടയിലില്ലെന്നും ചർച്ച ചെയ്യാനാകില്ലെന്നും മേയർ വ്യക്തമാക്കി. തുടർന്ന് അജണ്ട അവതരിപ്പിക്കാൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനോട് മേയർ നിർദേശിച്ചു. ഇതിനിടെ ഇടതുപക്ഷ കൗണ്‍സിലറായ എസ്. ശ്രീകുമാറും വഞ്ചിയൂർ ബാബുവും സുഗതൻ വിഷയത്തിൽ വിഷയത്തിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. സംസാരിക്കാൻ ശ്രമിച്ച എൽഡിഎഫ് അംഗങ്ങളുടെ മൈക്ക് ഓഫ് ചെയ്തതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു. നഗരസഭയിൽ ഭരണസ്തംഭനമാണെന്നു പ്രതിപക്ഷം ആരോപിച്ചപ്പോൾ, മുൻ ഭരണസമിതിയുടെ കാലത്താണ് വികസന പ്രവർത്തനങ്ങൾ നിലച്ചതെന്ന വാദവുമായി ഭരണപക്ഷം പ്രതിരോധിച്ചു.
പ്രതിഷേധവും വാക്പോരും തുടരുന്നതിനിടെ അജണ്ടകൾ പാസാക്കിയതായി പ്രഖ്യാപിച്ച മേയർ, ഏകദേശം അരമണിക്കൂറിനുള്ളിൽ കൗണ്‍സിൽ നടപടികൾ അവസാനിച്ചതായി അറിയിച്ചു. ഓഗസ്റ്റ് 21ന് കൗണ്‍സിലർമാരുടെയും ജീവനക്കാരുടെയും ഓണാഘോഷം സംഘടിപ്പിക്കാനും 22നു മേയർ കെയർ പദ്ധതിയുടെ ഭാഗമായി ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്യാനും തീരുമാനിച്ചതായും മേയർ അറിയിച്ചു.
Tags : Corporation NattuVishasham DistrictNews