പ്രതീകാത്മക ചിത്രം
കഴക്കൂട്ടം: കർക്കടക വാവുബലി പിതൃതർപ്പണത്തിന് കഴക്കൂട്ടം മേഖലയിലെ ക്ഷേത്രങ്ങളും സ്നാന ഘട്ടങ്ങളും ഒരുങ്ങി. കഠിനംകുളം മഹാദേവർ ക്ഷേത്രം ആറാട്ടുകടവിൽ പുലർച്ചെ മൂന്നുമുതൽ തർപ്പണ ചടങ്ങുകളും തിലഹോമവും ആരംഭിക്കും. വിവിധ ഡിപ്പോകളിൽനിന്നും കെഎസ്ആർടിസി ബസുകൾ പ്രത്യേക ബസുകൾ സർവീസ് നടത്തും.
മേനംകുളം അർധനാരീശ്വര സമാധി ക്ഷേത്രത്തിൽ കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഒരേസമയം 500 പേർക്ക് പിതൃതർപ്പണം നടത്താനുള്ള സൗകര്യവും തിലഹോമവും ഒതുക്കിയിട്ടുണ്ട്. ശ്രീകാര്യം പുലിയൂർക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കലാമഠം വിഷ്ണു നമ്പൂതിരിയുടെ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
ചെമ്പഴന്തി തച്ചിങ്ങൽ മഹാവിഷ്ണു ക്ഷേത്രത്തിൽ വടക്കേമന രാജീവ് കൃഷ്ണ അയ്യരുടെ കാർമികത്വത്തിൽ ചടങ്ങുകൾ നടത്തും. ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലത്തിൽ രാവിലെ നാലു മുതൽ തിലഹോമത്തോടെ പിതൃതർപ്പണ ചടങ്ങുകൾ നടക്കും. കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ രാവിലെ നാലു മുതൽ ക്ഷേത്രം മേൽശാന്തി സൗമിത്രന്റെ മുഖ്യകാർമികത്വത്തിൽ തർപ്പണ ചടങ്ങുകൾ നടക്കും.
ചെമ്പഴന്തി അത്രശേരി ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിൽ പുലർച്ചെ മൂന്നു മുതൽ ബലിചടങ്ങുകൾ ക്ഷേത്രം മേൽശാന്തി സന്ദീപ് പോറ്റിയുടെ കാർമികത്വത്തിൽ തിലഹോമത്തോടെ നടക്കും.
വെഞ്ഞാറമൂട്: പിരപ്പൻകോട് മത്തനാട് ക്ഷേത്രക്കടവിലും അണ്ണൻ ദേവീ ക്ഷേത്രക്കടവിലും ബലിതർപ്പണത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. നാളെ പുലർച്ചെ 4.30 മുതൽ ആരംഭിക്കുന്ന ചടങ്ങുകൾക്കു തന്ത്രിമാർ കാർമികരാകും.
ആലിയാട് വിളയ്ക്കാട് മാടൻ നടയ്ക്ക് സമീപം രാവിലെ അഞ്ചു മുതൽ ആലിയാട് രവീന്ദ്രൻ നായരുടെ മുഖ്യകാർമികത്വത്തിൽ ബലിതർപ്പണവും തിലഹവനവും നടക്കും. വിവരങ്ങൾക്ക്: 9846531486.
നെടുമങ്ങാട്: അരുവിക്കരയിൽ നാളെ രാവിലെ നാലു മുതൽ ബലിതർപ്പണം ആരംഭിക്കും. കൂപ്പണുകൾ ബലിതർപ്പണ മണ്ഡപത്തിനടുത്ത് നിന്നും സ്വാഗതസംഘം ഓഫീസിൽ ലഭിക്കും.
ഒരേസമയം 500ൽ പരം പേർക്ക് ബലിതർപ്പണം ചെയ്യാനാകും. ബലിതർപ്പണത്തിനു മുന്നോടിയായി 50 രൂപ അരുവിക്കര ഡാം സൈറ്റിൽ പ്രവർത്തിക്കുന്ന ഓഫീസിൽ അടച്ചു മുൻകൂർ കൂപ്പണുകൾ വാങ്ങാം. അരുവിക്കര ഡാം സൈറ്റിൽ ബലിതർപ്പണ ദിവസമെത്തുന്നതിനു നെടുമങ്ങാട്, വെള്ളനാട്, തമ്പാനൂർ എന്നിവിടങ്ങളിൽനിന്ന് പ്രത്യേക കെഎസ്ആർടിസി പ്രത്യേക സർവീസുകളും, ഫയർഫോഴ്സ്, പോലീസ്, ജല അഥോറിറ്റി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സേവനവും ഒരുക്കിയിട്ടുള്ളതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. എട്ടുമുതൽ ആരംഭിച്ച കാർഷിക വ്യവസായിക പ്രദർശനം നാളെ അവസാനിക്കും.
നെടുമങ്ങാട് : കർക്കിടക വാവുബലിയോടനുബന്ധിച്ച് വേങ്കോട് കൊടൂർ ശ്രീഭഗവതി ക്ഷേത്ര ബലിക്കടവിൽ പിതൃതർപ്പണ കർമം ചെയ്യുന്നതിന് സൗകര്യം ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. നാളെ രാവിലെ 4.30ന് ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. മേൽശാന്തി മഹേശ്വരൻ പോറ്റി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.