വിഴിഞ്ഞം : പതിനൊന്ന് വർഷത്തെ കാത്തിരിപ്പിനു ശേഷം കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ളിൽനിന്ന് ആദ്യ ട്രെയിലർ ലോറി കണ്ടെയ്നറുമായി കവാടം കടന്ന് പുറത്തിറങ്ങി. ഉച്ചക്കുശേഷം മൂന്നോടെ മുല്ലൂരിൽനിന്ന് യാത്ര തിരിച്ച കണ്ടെയ്നർ ലോറി പത്തു മിനിറ്റിനുള്ളിൽ കഴക്കൂട്ടം കാരോട് ബൈപ്പാസിൽ പ്രവേശിച്ചു.
കണ്ടെയ്നർ കടന്നുപോകുമ്പോഴുള്ള ട്രാഫിക് നിയന്ത്രണം ഉൾപ്പെടെയുള്ള അടിസ്ഥാന കാര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് തയാറാക്കി ഉചിതമായ മാറ്റം വരുത്താനുള്ള ദേശീയപാതാ അധികൃതരുടെ പരിശോധനയുടെ ഭാഗമായിരുന്നു കണ്ടെയ്നറിന്റെ ഓട്ടം. പുറത്തേക്ക് കണ്ടെയ്നറുകൾ കൊണ്ടുപോകുന്നതിനായി കസ്റ്റംസിന്റെ അനുമതിയും ലഭിച്ചതോടെ ചരക്ക് ഗതാഗതത്തിനുള്ള പ്രധാന തടസവും ഒഴിവായതായി അധികൃതർ അറിയിച്ചു.
കഴക്കൂട്ടം-കാരോട് ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന തലക്കോട് ജംഗ്ഷൻ വഴിയുള്ള ചരക്കുനീക്കത്തിന്റെ ട്രയൽ റൺ നടന്നതോടെ ജനത്തിന്റെ ആത്മവിശ്വാസവും വർധിച്ചു.
തുറമുഖ കവാടത്തിൽനിന്ന് 1.8 കിലോമീറ്റർ ദൂ രെയുള്ള റോഡാണ് ദേശീയപാതയിലെ തലക്കോട് ജംഗ്ഷനുമായി ബന്ധിപ്പിച്ചത്. കണ്ടെയ്നറുകൾ കയറ്റിവരുന്ന ട്രക്കുകൾ കവാടത്തിലെത്തിയശേഷം ദേശീയപാതയിലേക്ക് കടക്കുമ്പോ ഴുള്ള ട്രാഫിക് ക്രമീകരണങ്ങൾ, അതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവർത്തനങ്ങൾ എന്നിവയട ക്കം പരിശോധിച്ച് ഉറപ്പാക്കാൻ ദേശീയപാതാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ സംഘം വിഴിഞ്ഞത്തെത്തിയിരുന്നു.
കണ്ടെയ്നർ നിശ്ചയിച്ച സമയമായ വൈകുന്നേരം മൂ ന്നിനു ബൈപ്പാസിലെ തലക്കോടിൽ പ്രവേശിച്ചെങ്കിലും ദേശീയപാതാ അധികൃതർ എ ത്താൻ മൂന്നര മണിക്കൂർ വരെ വൈകി. അതിനു ശേഷമായിരുന്നു ട്രയൽ റൺ. ഇരു ഭാഗത്തുനിന്നും വാഹനങ്ങൾ കടന്നുപോകുന്ന സമയത്ത് തലക്കോട്ടുനിന്നു ദേശീയ പാതയിലേക്ക് പ്രവേശിച്ച ട്രക്ക് കോവളം ജംഗ്ഷൻവഴി വെള്ളാർ ജംഗ്ഷനിലെത്തി. തുടർനന്നു കാഞ്ഞിരംകുളം ജംഗ്ഷനിലും അവിടെനിന്നു തിരികെ തലക്കോട് ജംഗ്ഷനിലും എത്തിയശേഷം ദേശീയപാതയിൽ നിന്ന് തുറമുഖത്തേക്ക് മടങ്ങി.
ഫീക്കൻ ഇൻഫ്രാ ലോജിസ്റ്റിക്കിന്റെ മാൻ എന്ന ട്രക്കിനാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തു നിന്നുള്ള ആദ്യ കണ്ടെയ്നർ കടത്തിനുള്ള നിയോഗം ലഭിച്ചത്. അധികം താമസിയാതെ വ്യാവസായികാടിസ്ഥാനത്തിലുള്ള ചരക്ക് ഗതാഗതം തുടങ്ങാമെന്ന വിശ്വാസത്തിലാണ് അധികൃതർ.