നടൻ കുഞ്ചാക്കോ ബോബൻ ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയശേഷം മഷിയടയാളം ഉയർത്തിക്കാട്ടുന്നു.
ഹരിപ്പാട്: വോട്ടെടുപ്പിന്റെ തുടക്കത്തിൽ ഹരിപ്പാട് നിയോജകമണ്ഡലത്തിലെ മൂന്ന് കേന്ദ്രങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറിലായത് ആശങ്ക പരത്തി. മണ്ഡലത്തിലെ പുല്ലമ്പട മാധവ മെമ്മോറിയൽ സ്കൂൾ, മണ്ണൂർ ഡികെഎൻഎം സ്കൂൾ, കരുവാറ്റ കുഴിക്കാട് എൽപിഎസ് എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് വോട്ടെടുപ്പ് തടസപ്പെട്ടത്.
രാവിലെ വോട്ടെടുപ്പ് ആരംഭിച്ച ഉടൻതന്നെ ഈ കേന്ദ്രങ്ങളിലെ ഇവിഎമ്മുകൾ പ്രവർത്തനരഹിതമാകുകയായിരുന്നു. ഉദ്യോഗസ്ഥർ ഉടനടി ഇടപെടുകയും സാങ്കേതികവിദഗ്ധരുടെ സഹായത്തോടെ ഏകദേശം അരമണിക്കൂറിനുള്ളിൽ തകരാർ പരിഹരിക്കുകയും ചെയ്തു.
തുടക്കത്തിലുണ്ടായ തടസം വോട്ടർമാരുടെ ആവേശത്തെ ബാധിച്ചില്ലെന്നും മണ്ഡലത്തിൽ മികച്ച പോളിംഗ് രേഖപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. മൂന്നിടങ്ങളിലും പിന്നീട് തടസങ്ങളില്ലാതെ വോട്ടെടുപ്പ് പൂർത്തിയായി.
ചെങ്ങന്നൂർ: വോട്ടെടുപ്പിന്റെ തുടക്കത്തിൽ ചെങ്ങന്നൂർ മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ വോട്ടിംഗ് മെഷീനുകൾ തകരാറിലായത് വോട്ടർമാരെ വലച്ചു. പലയിടങ്ങളിലും പോളിംഗ് വൈകിയത് നീണ്ട ക്യൂവിന് കാരണമായി. പുത്തൻകാവ്, തിരുവൻവണ്ടൂർ, പെരിശേരി, മുളക്കഴ, ചെറിയനാട് എന്നിവിടങ്ങളിലാണ് യന്ത്രത്തകരാർ ഉണ്ടായത്
പുത്തൻകാവ് ഗവ. യുപി സ്കൂളിലെ 63-ാം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ വോട്ട് രേഖപ്പെടുത്തുന്നതിനിടെയാണ് മെഷീൻ പ്രവർത്തനരഹിതമായത്. പുലർച്ചെ 5.30ന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ മോക്ക് പോളിംഗിൽ മെഷീൻ തകരാറുകൾ കണ്ടിരുന്നില്ല. മെഷീൻ തകരാറായതിനെത്തുടർന്ന് വോട്ടെടുപ്പ് നിർത്തിവയ്ക്കുകയും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് സെന്ററിൽനിന്ന് വിദഗ്ധ സാങ്കേതിക പ്രവർത്തകർ എത്തി തകരാർ പരിഹരിക്കുകയുമായിരുന്നു. ഇന്നലെ രാവിലെ 7.45നാണ് ഇവിടെ പോളിംഗ് പുനരാരംഭിക്കാനായത്. വോട്ടെടുപ്പ് വൈകിയത് വോട്ടർമാരെ പ്രകോപിതരാക്കി.
തിരുവൻവണ്ടൂർ ഗവൺമെന്റ് എൽപി സ്കൂളിലെ 39-ാം ബൂത്തിൽ രാവിലെ 7.15നാണ് യന്ത്രത്തകരാർ ഉണ്ടായത്. ഉടൻതന്നെ തകരാർ പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിച്ചു. പേരിശേരിയിലെ 11-ാം നമ്പർ ബൂത്തിലും മുളക്കഴ, ചെറിയനാട് എന്നിവിടങ്ങളിലെ പോളിംഗ് സ്റ്റേഷനുകളിലും മെഷീനുകൾ തകരാറിലായി.
കായംകുളം: വോട്ടിംഗ് മെഷീന്റെ സാങ്കേതികത്തകരാർ മൂലം കായംകുളത്ത് ഒരു മണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു. കായംകുളം മണ്ഡലത്തിലെ കണ്ടല്ലൂർ പുതിയവിള യുപി സ്കൂളിലെ 135 നമ്പർ തെക്കേ ബൂത്തിലെ വോട്ടിംഗ് മെഷീനാണ് തകരാറിലായത്. തകരാർ പരിഹരിച്ച ശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്.
വൈകുന്നേരം നാലരയോടെയാണ് മെഷീൻ തകരാറിലായത്. ക്യൂവിൽ ഈ സമയം എൺപതിലധികം പേർ വോട്ട് ചെയ്യാൻ കാത്ത് നിൽപ്പുണ്ടായിരുന്നു. ഇവർക്കെല്ലാം വോട്ട് ചെയ്യാൻ അവസരം നൽകിയാണ് വോട്ടെടുപ്പ് പൂർത്തീകരിച്ചത്.
മാവേലിക്കര: നിയമസഭാ മണ്ഡലത്തിലെ ഏതാനും ബൂത്തുകളില്‍ വോട്ടിംഗ് മെഷീന് തകരാറിലായതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് വൈകി. മാവേലിക്കര ബിഷപ് ഹോഡ്ജസ് സ്കൂളിലെ അഞ്ചാം നമ്പര്‍ ബൂത്ത്, ഈരേഴ വടക്ക് ഓണാട്ടുകര വെളളാളസംഘം ഹാളിലെ 24-ാം നമ്പര്‍ ബൂത്ത്, താമരക്കുളം പിഎന്‍പിഎം എല്‍പി സ്കൂളിലെ 189-ാം നമ്പര്‍ ബൂത്ത്, വളളികുന്നം കാഞ്ഞിപ്പുഴ ഓക്സ്ഫോഡ് സ്കൂളിലെ 224-ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളിലാണ് വോട്ടിംഗ് മെഷീന് തകരാറിലായത്. പകരം മെഷീന് എത്തിച്ച ശേഷമാണ് വോട്ടെടുപ്പ് പുനഃരാരംഭിച്ചത്.
Tags : Voting machines nattuvishesham local news