ചാവക്കാട്: ഇറാൻ- അമേരിക്ക സംഘർഷത്തെതുടർന്ന് ഗൾഫിൽനിന്നുള്ള പണത്തിന്റെ വരവു കുറഞ്ഞതോടെ പ്രവാസികളുടെ നാടായ ചാവക്കാട് മേഖലയിലെ കുടുംബങ്ങളും വ്യാപാരികളും പ്രതിസന്ധിയിൽ.
പ്രവാസികളുടെ പണത്തിന്റെ വരവിനെ ആശ്രയിച്ചാണ് ചാവക്കാട്ടെ കച്ചവടമേഖലയുടെ നിലനില്പ്. മാസങ്ങളായി തുടരുന്ന ഗൾഫ് സംഘർഷത്തെതുടർന്ന് പണത്തിന്റെ വരവ് പകുതിയായി കുറഞ്ഞു. ഗൾഫിലെ പലയിടത്തായി ജോലിചെയ്യുന്ന പലർക്കും ജോലി നഷ്ടമായി. നാട്ടിൽ വന്ന ചിലർക്കു തിരിച്ചു പോകാൻ കഴിഞ്ഞില്ല. ഇതു പല കുടുംബങ്ങളെയും കടുത്ത വിഷമത്തിലാക്കി.
ചാവക്കാട്ടെ മറ്റൊരു പ്രധാന വരുമാനമാണ് മത്സ്യബന്ധനം. മത്സ്യക്ഷാമം രൂക്ഷമായതിനാൽ കടലിൽനിന്നുള്ള വരുമാനവും കുറഞ്ഞു. കടലിൽ പോകുന്നവർ പലപ്പോഴും വെറുംകൈയോടെ മടങ്ങുന്നു. ചൂടിനെത്തുടർന്ന് മീനുകൾ ഉൾക്കടലിലേക്കു പോയതാണ് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കാലവർഷത്തിന്റെ തുടക്കമായതോടെ കടലിൽ പോകുന്നതിന് മുന്നറിയിപ്പുമായി.
പണത്തിന്റെ വരവു കുറഞ്ഞത് കച്ചവടത്തെ ശരിക്കും ബാധിച്ചു. സ്കൂൾ തുറക്കുന്ന സമയമായിട്ടും പതിവുള്ള കച്ചവടം നടന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ബലി പെരുന്നാൾ അടുത്തിട്ടുപോലും കടകളിൽ തിരക്കു കുറവാണ്.
സ്കൂൾ സീസൺ മറികടക്കാനും, ബക്രീദ് ആഘോഷിക്കാനുമായി ആളുകൾ പണത്തിനായി നെട്ടോട്ടമാണ്.
രണ്ടുദിവസം കഴിഞ്ഞാൽ പെരുന്നാളായി. തിങ്കളാഴ്ച സ്കൂൾ തുറക്കും. ഭാരിച്ച ചെലവാണ് ഇതു രണ്ടിനും. ഗ്യാസിന്റെ ക്ഷാമവും വിലക്കയറ്റവും ഇന്ധനത്തിന്റെ തുടർച്ചയായ വിലവർധനവും കൂനിന്മേൽ കുരു പോലെയായി.
തെരഞ്ഞെടുപ്പു സമയത്ത് നാടുകളിലേക്കു പോയ ഇതരസംസ്ഥാന തൊഴിലാളികൾ തിരിച്ചുവരാത്തതും മറ്റൊരു പ്രതിസന്ധിയായി. ഇവരുടെ ഇടപാടും കച്ചവടക്കാർക്ക് പ്രധാനമായിരുന്നു. ചാവക്കാട് മേഖലയിൽ രണ്ടായിരത്തിലധികം തൊഴിലാളികൾ ഉണ്ടെന്നാണ് ഏകദേശ കണക്ക്. നാട്ടിൽ പോയവർ തിരിച്ചുവരാത്ത സാഹചര്യത്തിൽ ഇവിടെയുള്ള ഇതര സംസ്ഥാന തൊഴിലാളികൾ കൂലികൂട്ടി.
മുനക്കക്കടവ്, ചേറ്റുവ എന്നിവിടങ്ങളിൽ മത്സ്യബന്ധന ബോട്ടിൽ പോകുന്ന തൊഴിലാളികളിൽ നല്ലൊരു ശതമാനം ബംഗാളികളാണ്. അവർ തിരിച്ചെത്താത്തതിനാൽ കുറേ ബോട്ടുകൾ കരയിലാണ്.പണത്തിന്റെ വരവ് കുറഞ്ഞതുമൂലം സ്വർണാഭരണപണയം വർധിച്ചിട്ടുണ്ടെന്ന് ബാങ്ക് - സ്വകാര്യ ധനകാര്യസ്ഥാപന അധികൃതർ പറയുന്നു. പഴയ സ്വർണം വിൽക്കുന്നതും കൂടി.
Tags : War fish shortage nattuvishesham local news