മാലിന്യങ്ങൾ അടിഞ്ഞുകൂടി ഒഴുക്കുനിലച്ച പന്നഗം തോട്.
മറ്റക്കര: പന്നഗം തോട്ടിലെ പടിഞ്ഞാറെ പാലത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയതോടെ ഒഴുക്ക് നിലച്ചു. കുപ്പികൾ, പ്ലാസ്റ്റിക്കുകൾ, വലകൾ, തെർമോക്കോളുകൾ തുടങ്ങി നിരവധി അജൈവ മാലിന്യങ്ങൾ തോടിനെ മലിനമാക്കിക്കൊണ്ടിരിക്കുകയാണ്.
അടിഞ്ഞുകൂടിയ മാലിന്യങ്ങൾക്കു മുകളിൽ കാടും വളർന്നു. തോട്ടിൽക്കൂടി ഒഴുകി വരുന്ന തടികൾ, മരച്ചില്ലകൾ എന്നിവ പാലത്തിന്റെ തൂണുകളിൽ തടഞ്ഞുക്കിടക്കുകയാണ്. മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറകെ വന്നടിഞ്ഞ് വലിയ മാലിന്യക്കൂമ്പാരമായി.
ഈ പാലത്തിനു തൊട്ടുതാഴേയാണ് പടിഞ്ഞാറെ പാലം തടയണ. നിരവധി ആളുകളാണ് ഇവിടെ വസ്ത്രങ്ങൾ അലക്കുന്നതിനും കുളിക്കുന്നതിനും എത്തുന്നത്. അതുകൊണ്ട് ഇവിടെ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുണ്ട്. പടിഞ്ഞാറെ പാലം പുതുക്കിപ്പണിയുന്നതിനും തടയണയുടെ അശാസ്ത്രീയത പരിഹരിക്കുന്നതിനും സർക്കാർ തലത്തിൽ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.