ചീഞ്ഞഴുകിയ ജൈവ മാലിന്യം സീപോർട്ട് -എയർപോർട്ട് റോഡിലേക്ക് ഒഴുകിയ നിലയിൽ.
കാക്കനാട്: തൃക്കാക്കര നഗരസഭാ പരിധിയിലെ ജൈവ മാലിന്യം നീക്കം ചെയ്യാത്തതിനെ തുടർന്ന് പ്രദേശത്തെ വീടുകളിലും ഫ്ലാറ്റ് സമുച്ചയങ്ങളിലും താമസിക്കുന്നവർ ദുർഗന്ധം മൂലം പൊറുതിമുട്ടിയിരിക്കുകയാണ്. കരാർ എടുത്ത കളമശേരിയിലെ ഏജൻസി മാലിന്യം ശേഖരിക്കാനെത്തിയിട്ട് ഒരാഴ്ചയിലേറെയായെന്ന് പ്രദേശവാസികൾ പറഞ്ഞു.
തൃക്കാക്കര നഗരസഭാ മന്ദിരത്തിന് സമീപമുള്ള മാലിന്യ സംഭരണിയിൽ ഈച്ചയാർത്ത് ചീഞ്ഞഴുകി കിടക്കുന്നത് ടൺ കണക്കിന് മാലിന്യമാണ്. തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രി, ജില്ലാ പഞ്ചായത്ത്, കളക്ട്രേറ്റ് എന്നിവിടങ്ങളിൽനിന്നും വിളിപാടകലെയായി കുന്നുകൂടി കിടക്കുന്ന മാലിന്യം ദിവസംതോറും നീക്കം ചെയ്യാൻ കരാറെടുത്ത ഏജൻസിയുടെ പ്രവർത്തനം മുടങ്ങിയതിനാലാ ണ് 300ലേറെ കുടുംബങ്ങൾക്ക് ഈ ദുരിതം സഹിക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്.
കരാർ പ്രകാരം ഒരു കിലോഗ്രാം ജൈവമാലിന്യം ശേഖരിച്ചു കൊണ്ടുപോകുന്നതിന് നഗരസഭ അഞ്ച് രൂപയോളമാണ് നൽകുന്നത്. പകൽ വാഹനങ്ങളുമായി എത്തി ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയുടെയോ, സമിതി അംഗങ്ങളുടെയോ സാന്നിധ്യത്തിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ മേൽനോട്ടത്തിൽ വാഹനത്തിന്റെ തൂക്കം തിട്ടപ്പെടുത്തിയതിനു ശേഷം മാലിന്യസംഭരണിയിൽ നിന്ന് ശേഖരിച്ച് കൊണ്ടുപോകുന്ന ജൈവ മാലിന്യത്തിന്റെ തൂക്കം രേഖപ്പെടുത്തണമെന്നാണ് വ്യവസ്ഥയെങ്കിലും തൃക്കാക്കര നഗരസഭയിൽ ഇതൊന്നും നടക്കുന്നില്ലെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിക്കുന്നു.
രാത്രികാലങ്ങളിൽ കരാറുകാരൻ വാഹനങ്ങളുമായെത്തി മാലിന്യം കയറ്റി കൊണ്ടുപോകുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അമിതതൂക്കം രേഖപ്പെടുത്തിയ ശേഷം നഗരസഭയുടെ ഫണ്ട് കൈക്കലാക്കുകയും ചെയ്യുന്നതായും ആരോപണമുണ്ട്. ഓണക്കാലത്തും അതിനു ശേഷവും ഹരിതകർമ സേനാംഗങ്ങൾ വാർഡുകളിൽ നിന്നു ശേഖരിച്ച ജൈവ മാലിന്യമാണ് ഒരാഴ്ചയായി നീക്കം ചെയ്യാത്തതിനാൽ ചീഞ്ഞുനാറുന്നത്.
മാലിന്യ സംസ്കരണ പ്ലാന്റിനായുള്ള ഡിപിആർ മാസങ്ങൾക്കു മുൻപ് പാസായിട്ടും സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി മുനിസിപ്പൽ എൻജിനീയർ ഡിപിആർ മാറ്റിവച്ചിരിക്കുകയാണെന്ന് നഗരസഭാ മുൻ ചെയർപേഴ്സൺ രാധാമണിപിള്ള പറഞ്ഞു. തൃക്കാക്കരയിൽ കുറ്റമറ്റ രീതിയിൽ മാലിന്യ സസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham DistrictNews