അജാനൂർ, പുല്ലൂർ-പെരിയ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ കേന്ദ്ര സർവകലാശാലയിലെ മലിനജല സംസ്കരണ സംവിധാനം പരിശോധിക്കാനെത്തിയപ്പോൾ.
പെരിയ: കേന്ദ്രസര്‍വകലാശാലയിലെ മലിനജല സംസ്കരണ പ്ലാന്റില്‍നിന്ന് മലിനജലം സമീപ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നതായുള്ള പരാതിയില്‍ ജനപ്രതിനിധികള്‍ അടക്കം നടത്തിയ സംയുക്ത പരിശോധനയില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തി. മലിനജലം സമീപത്തെ തോട്ടിലേക്ക് ഒഴുകിയെത്തി കിണറുകളും കുളങ്ങളും മലിനമാകുന്നതായും ഇതുമൂലം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായുമുള്ള തണ്ണോട്ട്, കളിയങ്ങാനം പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞദിവസം പരിശോധന നടത്തിയത്.
പുല്ലൂര്‍ - പെരിയ, അജാനൂര്‍ പഞ്ചായത്തുകളിലെ ജനപ്രതിനിധികളാണ് കേന്ദ്രസര്‍വകലാശാല അധികൃതരുടെ സാന്നിധ്യത്തില്‍ സ്ഥലം പരിശോധിച്ചത്. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസി, വൈസ്പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരന്, പുല്ലൂര്‍ -പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പെണ്‍കുട്ടികളുടെ രണ്ടു ഹോസ്റ്റലുകളിലെ ശുചിമുറികളില്‍നിന്നുള്ള മാലിന്യം ശേഖരിക്കുന്നതിനായി നിര്‍മിച്ച ടാങ്കുകള്‍ അശാസ്ത്രീയമായ രീതിയിലാണെന്ന് പരിശോധനയില്‍ കണ്ടെത്തി. സമീപത്തെ മലിനജല സംസ്കരണപ്ലാന്റിന്റെ അടിഭാഗത്തു നിന്ന് മലിനജലം ചോര്‍ന്നൊലിക്കുന്നതും ശ്രദ്ധയില്‍പെട്ടു.
ജനപ്രതിനിധികള്‍ രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ.വി.ബി.സമീര്കുമാറുമായി ചര്‍ച്ച നടത്തി. പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി ഒരു ലക്ഷം ലിറ്റര്‍ ശേഷിയുള്ള പുതിയ മലിനജല സംസ്കരണ പ്ലാന്റ് നിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഏകദേശം 50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പ്ലാന്റിന് അനുമതി ലഭിക്കുന്നതിനായി ഒരാഴ്ചയ്ക്കകം പുല്ലൂര്‍ -പെരിയ പഞ്ചായത്തില്‍ അപേക്ഷ നല്‍കുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
Tags : NattuVishesham DistricteNews