പ്രതീകാത്മക ചിത്രം
പെരിന്തല്‍മണ്ണ: നഗരസഭയുടെ അധീനതയിലുള്ള ഇന്‍ഡോര്‍ മാര്‍ക്കറ്റില്‍ മലിനജല ട്രീറ്റ്മെന്റ്് പ്ലാന്റ് സ്ഥാപിക്കുന്നു. മാര്‍ക്കറ്റില്‍നിന്നുള്ള മലിനജലം പൈപ്പുകള്‍ വഴി ഓടകളിലേക്ക് നേരിട്ട് ഒഴുക്കിവിടുന്നുവെന്ന വ്യാപക പരാതികളെത്തുടര്ന്നാണിത്.
നഗരത്തില്‍ കര്‍ശന പരിശോധനകള്‍ നടക്കുന്നതിനിടയില്‍, നഗരസഭയുടെ സ്വന്തം സ്ഥാപനത്തില്‍നിന്നുതന്നെ മലിനജലം പുറന്തള്ളുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലിനജലവും കക്കൂസ് അവശിഷ്ടങ്ങളും അങ്ങാടിപ്പുറം ചെറുപുഴയിലേക്ക് ഒഴുകിയെത്തുന്നതായി നേരത്തേ പരാതികളും ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ അധികൃതര്‍ ഡ്രൈനേജ് സ്ലാബുകള്‍ നീക്കം ചെയ്ത് ശക്തമായ പരിശോധനകളാണ് നടത്തിവരുന്നത്.
അനധികൃതമായി മലിനജലം ഓടകളിലേക്ക് ഒഴുക്കിവിട്ടതിന് ഇതുവരെ 18 സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതിനൊപ്പം 1,25,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. നഗരത്തിലെ മുഴുവന്‍ ഓടകളും സമഗ്രമായി പരിശോധിച്ച് നിയമലംഘനങ്ങള്ക്കെതിരേയുള്ള നടപടികള്‍ ശക്തമായി തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
15- ലക്ഷം രൂപ ചെലവഴിച്ചാണ് ഇന്‍ഡോര്‍ മാര്‍ക്കറ്റില്‍ എസ്ടിപി സംവിധാനം ഒരുക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് നിര്‍മാണ പ്രവൃത്തി ആരംഭിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. കൂടാതെ, നഗരത്തില്‍ മൊബൈല്‍ എസ്ടിപി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളും നഗരസഭയുടെ പരിഗണനയിലുണ്ട്.
Tags :