പ്രതീകാത്മക ചിത്രം
ചെറുതോണി: വാട്ടർ അഥോററ്റിയുടെ പൈപ്പുലൈനിനെ ആശ്രയിച്ചു കഴിയുന്ന വാഴത്തോപ്പ് മേഖലയിലെ ജനങ്ങൾക്ക് കുടിവെള്ളം മുടങ്ങിയിട്ട് ഇന്ന് പതിനെട്ട് ദിവസം. പൈനാവ് വാട്ടർ അഥോറിറ്റിയിലെ ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ചാൽ എടുക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. നേരിട്ട് പരാതിപ്പെട്ടപ്പോൾ വെള്ളം തുറന്നുവിട്ടിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാൽ ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് രണ്ടാഴ്ചയായി കുടിവെള്ളമില്ല.
വാട്ടർ അഥോറിറ്റിയുടെ കുടിവെള്ളം ലഭിച്ചിരുന്നവരാണ് ഇപ്പോൾ മഴയെ ആശ്രയിച്ച് കഴിയേണ്ടി വന്നിരിക്കുന്നത്. രോഗികളും പ്രായമായവരുമുൾപ്പെടെയുള്ളവരാണ് കുടിവെള്ളം കിട്ടാതെ ദുരിതത്തിലായിരിക്കുന്നത്. കുടിവെള്ളവിതരണ പൈപ്പുവഴി കൂടുതൽ വെള്ളം തുറന്നിടുമ്പോൾ പൈപ്പ് പൊട്ടുന്നതിനാൽ കുറഞ്ഞ അളവിലാണിപ്പോൾ വെള്ളം തുറന്നുവിടുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതാണ് ഉയർന്ന പ്രദേശങ്ങളിലുള്ളവർക്ക് വെള്ളം ലഭിക്കാത്തതിനു കാരണമെന്നും ഇവർ പറയുന്നു.
ജൽജീവൻ പദ്ധതിയുടെ ഭാഗമായി വലിയ പൈപ്പുകൾ സ്ഥാപിക്കാൻ റോഡരികിൽ കുഴിയെടുക്കുമ്പോൾ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടുന്നതും കുടിവെള്ള വിതരണം മുടങ്ങാനിടയാക്കുന്നു. ഇതിന്റെ പേരിൽ രണ്ടു കൂട്ടരും തമ്മിലുള്ള തർക്കവും പൈപ്പ് നന്നാക്കി കുടിവെള്ളവിതരണം വൈകാനിടയാക്കുന്നു.
നിലവാരമില്ലാത്ത പൈപ്പാണ് വാട്ടർ അഥോറിറ്റി സ്ഥാപിച്ചിരിക്കുന്നതെന്ന ആക്ഷേപം വർഷങ്ങൾക്ക് മുമ്പേ ഉള്ളതാണ്. കുടിവെള്ളം മുടങ്ങിയിരിക്കുന്ന വീട്ടുകാർക്ക് അടിയന്തരമായി വെള്ളമെത്തിക്കാനുള്ള നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Nattuvishesham Local News Water Authority drinking water