പ്രതീകാത്മക ചിത്രം
തിരുവല്ല: മഴ കുറയുകയും വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തെങ്കിലും അപ്പർ കുട്ടനാടിന്റെ പ്രളയ ദുരിതം ഒഴിയുന്നില്ല. പത്തനംതിട്ട ജില്ലയിൽ ഇന്നലെ റെഡ് അലർട്ടായിരുന്നെങ്കിലും കിഴക്കൻ മേഖലയിൽ മഴയ്ക്കു ശക്തി കുറവെന്നതും ഡാമുകളിൽ നിലവിൽ മുന്നറിയിപ്പുകളില്ലെന്നതും പടിഞ്ഞാറൻ മേഖലയ്ക്ക് ആശ്വാസമാണ്. നദികളിലെ ജലനിരപ്പും താഴ്ന്നു. ഇന്നലെ രാവിലെ മുതൽ ഉച്ചവരെ മഴ മാറിനിന്നു.
തിരുവല്ല നഗരസഭ വാർഡുകളിലെ വീടുകളിൽ കയറിയ വെള്ളം ഒഴിഞ്ഞപ്പോൾ ക്യാന്പുകളിൽനിന്നും ആളുകൾ തിരികെയെത്തി ശുചീകരണ പ്രവർത്തനങ്ങളിൽ മുഴുകി. അടച്ചിട്ടിരുന്ന വ്യാപാര സ്ഥാപനങ്ങളും ശുചീകരിച്ചു തുടങ്ങി. മന്നംകരച്ചിറ ഗവ.യുപിഎസ്, നല്ലൂര്‍സ്ഥാനം എന്‍എസ്എസ് കരയോഗമന്ദിരം ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു.
അതേസമയം ഇന്നലെയും പടിഞ്ഞാറന്‍ മേഖലകളില്‍ പുതിയ ക്യാമ്പുകള്‍ തുടങ്ങി. 2018ലെ പ്രളയത്തിന് ശേഷം ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിലാണ് ഇത്രയധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയേണ്ടി വരുന്നത്. മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമായെങ്കിലും മണിമല, പമ്പാ നദികള്‍ നിറഞ്ഞൊഴുകുന്നത് ആശങ്കയ്ക്കു കാരണമാണ്. മഴ ശക്തിപ്പെട്ടാൽ നദികളിലെ ജലനിരപ്പ് വീണ്ടും ഉയരാമെന്നതു തന്നെ കാരണം.
ആറന്മുള, ചെങ്ങന്നൂര്‍, തിരുവല്ല എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പൂർണമായി താഴ്ന്നിട്ടില്ല. വെള്ളമിറങ്ങിയ പ്രദേശങ്ങളിലെ റോഡുകളും പൊതുഇടങ്ങളും കാത്തിരിപ്പു കേന്ദ്രങ്ങളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും അംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും ചേര്‍ന്ന് ശുചീകരിച്ചു. വെള്ളം ഇറങ്ങിയതിനെതുടര്ന്ന് തിരുവല്ല - കുമ്പഴ റോഡ്, ചെങ്ങന്നൂര്‍ - തെക്കേമല റോഡ്, കുളനട-ആറന്മുള റോഡ്, തിരുവല്ല - എടത്വ എന്നിവിടങ്ങളിലെ ഗതാഗതം പുനഃസ്ഥാപിച്ചു.
ശുചീകരണം മന്ദഗതിയിൽ, ക്യാന്പ് ഒഴിയാൻ മടിച്ച് ആളുകൾ
കോഴഞ്ചേരി: പ്രളയജലം ഒഴിഞ്ഞുതുടങ്ങിയെങ്കിലും ആറന്മുള ഭാഗത്ത് ദുരിതത്തിന് അറുതിയില്ല. കോഴഞ്ചേരി - മാവേലിക്കര, തിരുവല്ല -കോഴഞ്ചേരി റോഡുകളിലെ വെള്ളക്കെട്ട് പൂര്‍ണമായി ഒഴിഞ്ഞതിനാല്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയ ഭാഗത്തെ വീടുകളുടെ പരിസരത്ത് വെള്ളക്കെട്ട് ഒഴിയാത്തതിനാൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് തിരികെ പോകാനാകുന്നില്ല. വെള്ളം കയറിയ വീടുകളും കിണറുകളും ശുചീകരിക്കാതെ ക്യാമ്പുകളില്‍ നിന്നും മാറാനാകില്ലെന്നാണ് ആളുകൾ പറയുന്നത്.
കിണര്‍ വൃത്തിയാക്കുന്നതിന് ബ്ലീച്ചിംഗ് പൗഡറാണ് വേണ്ടത്. ഇത് ആവശ്യത്തിന് പല പഞ്ചായത്തിലും ലഭ്യമല്ലെന്ന സ്ഥിതിയും ഉണ്ട്. മല്ലപ്പുഴശേരി പഞ്ചായത്തിൽ ജല നിരപ്പ് കുറഞ്ഞു വരുന്നതായി പ്രസിഡന്റ് ബെന്നി കുഴിക്കാല പറഞ്ഞു. പഞ്ചായത്തിലെ ഗതാഗതം പൂനഃസ്ഥാപിച്ചിട്ടുണ്ട്. ഓരോ ദുരിതാശ്വാസ ക്യാമ്പിലും 10 കിലോ മുതല്‍ 15 കിലോ വരെ ബ്ലീച്ചിംഗ് പൗഡര്‍ വീടുകളും കിണറുകളും വൃത്തിയാക്കുന്നതിന് നല്‍കുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്തിന്റെ ചുമതലയില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ ആറു പേര് അടങ്ങിയ മെഡിക്കല്‍ ടീം ഒന്‍പത് ദുരിതാശ്വാസ ക്യാന്പുകളിലായി സേവനത്തിനുണ്ട്. ക്യാന്പുകൾ സന്ദര്‍ശിച്ച് മരുന്നുകൾ നല്‍കിയിട്ടുണ്ടെന്നും വാഹന സൗകര്യം പഞ്ചായത്ത് തന്നെ ക്രമീകരിച്ചെന്നും പ്രസിഡന്റ് പറഞ്ഞു.
കോയിപ്രം ഗ്രാമപഞ്ചായത്തിൽ 12 ക്യാന്പുകളാണ് നിലവിലുള്ളത്. കുന്പനാട്ടെ മൂന്ന് ക്യാന്പുകളിൽ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ 100 ഭക്ഷണ പൊതികള്‍ നല്‍കിയതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ജയ പറഞ്ഞു. ക്ലീനിംഗിന് പിഎച്ച്എസിയുടെ നേതൃത്വത്തില്‍ 75 കിലോ ബ്ലീച്ചിംഗ് പൗഡര്‍ എത്തിയിട്ടുണ്ടെന്നും ഇത് വെള്ളംകയറിയ വീടുകളിലാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
ആവശ്യത്തിന് ബ്ലീച്ചിംഗ് പൗഡര്‍ ഇല്ലാത്തതിനാല്‍ പൊതു വിപണികളില്‍ നിന്നും വാങ്ങി നല്‍കുന്നുണ്ടെന്നും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് സി.എസ്. വിജയകുമാര്‍ പറഞ്ഞു.