തലയോലപ്പറമ്പ് ദുരിതാശ്വാസ ക്യാമ്പിൽ സംഘടിപ്പിച്ച സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ് കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
തലയോലപ്പറമ്പ്: കേരള സർക്കാരിന്റെ സഹകരണത്തോടെ കാരിത്താസ് ആശുപത്രിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസും ചേർന്ന് "കരുതലായി കാരിത്താസ്' എന്ന പേരിൽ തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പ് നടത്തി.
ഇന്നലെ രാവിലെ ആരംഭിച്ച വൈദ്യപരിശോധനാ ക്യാമ്പിൽ ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റ്, മെഡിക്കൽ സോഷ്യൽ വർക്കർമാർ എന്നിവരടങ്ങുന്ന സംഘം പ്രളയബാധിത മേഖലകളിൽനിന്നെത്തി ക്യാമ്പിൽ കഴിയുന്ന ദുരിതബാധിതർക്ക് ചികിത്സയും ആവശ്യമായ ആരോഗ്യസേവനങ്ങളും ലഭ്യമാക്കി. കെ. ബിനിമോൻ എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം അധ്യക്ഷത വഹിച്ചു.
കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത്, ഡോ. മുഹമ്മദ് അഫ്സൽ, ഡോ. ബിപിൻ മാത്യു, ഡോ.അർജുൻ മോഹൻദാസ്, ടീം ലീഡറും സോഷ്യൽ വർക്കറുമായ മരിയ മാത്യു, ജില്ലാ-ബ്ലോക്ക്- ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
പൊതുവായ രോഗപരിശോധന, ആവശ്യമായ മരുന്നുകളുടെ വിതരണം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കു തുടർപരിചരണം, മാനസിക-സാമൂഹിക പിന്തുണ, ആരോഗ്യ ബോധവത്കരണം എന്നിവ ഉറപ്പാക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ദുരിതകാലത്ത് സമൂഹത്തോടൊപ്പം ഉറച്ചുനിൽക്കുകയെന്ന കാരിത്താസ് ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ദുരിതാശ്വാസ ക്യാമ്പുകൾ കേന്ദ്രീകരിച്ച് ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Tags : Nattuvishesham Local News Medical check-up camp