പ്രതീകാത്മക ചിത്രം
പിറവം: മണീടിൽ ആനമുന്തിക്കവലയ്ക്ക് സമീപം നാട്ടുകാരുടെ എതിർപ്പിനേത്തുടർന്ന് കഴിഞ്ഞ 16 വർഷമായി നിർത്തിയിട്ടിരുന്ന കരിങ്കൽ ക്വാറി വീണ്ടും തുടങ്ങാനുള്ള നീക്കത്തിനെതിരേ പ്രതിഷേധമുയർന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ക്വാറി വീണ്ടും ആരംഭിക്കുന്നതിന് ഉടമ നൽകിയ അപേക്ഷ മണീട് പഞ്ചായത്ത് കമ്മറ്റി തള്ളിയിരുന്നു. തുടർന്ന് ഉടമ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി ഡീമിസ് ലൈസൻസ് നേടിയെടുക്കാനുള്ള ശ്രമമാണന്ന് പറയുന്നു.
15 ഏക്കറിലധികം വരുന്ന ഭൂമിയിൽ, 1.54 ഏക്കർ സ്ഥലം സർക്കാർ തരിശു ഭൂമിയാണന്ന് നേരത്തെ കണ്ടെത്തിയിരുന്നതാണ്. ഇക്കാര്യം അന്വേഷിച്ച മധ്യ മേഖല റവന്യു വിജിലൻസ് ഡെപ്യൂട്ടി കളക്ടർ ഇത്രയും ഭാഗം സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയാക്കണമെന്നും റിപ്പോർട്ട് നൽകിയിട്ടുള്ളതാണ്. കൂടാതെ ക്വാറിക്ക് സമീപമുള്ള മണീട് ഗവ. ഹയർ സെക്കൻഡറി സ്കൂളിനും, രണ്ടാം മഞ്ഞനിക്കര എന്നറിയപ്പെടുന്ന പ്രസിദ്ധമായ മണീട് മാർ സെന്റ് കുര്യാക്കോസ് കത്തീഡ്രലിനും, നിരവധി കുടുംബങ്ങൾക്കും ഭീഷണിയായിരുന്ന സാഹചര്യത്തിലായിരുന്നു ലൈസൻസ് പുതുക്കി നൽകാത്തതെന്ന് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ പറഞ്ഞു.
പാറമടയുടെ പ്രവർത്തനമാരംഭിക്കാനുള്ള സാഹചര്യമുണ്ടായാൽ നിയമപരമായി നേരിടാനും ക്വാറിയിലേക്ക് പ്രവേശിക്കുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഇടുങ്ങിയ റോഡിലൂടെയുള്ള ഭാരവണ്ടികളുടെ ഗതാഗതം നിരോധിക്കാനും പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ജനകീയ പ്രക്ഷോഭവും ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷിജി ബിജു അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews quarry