പ്രതീകാത്മക ചിത്രം
കൊല്ലം: തപാല്‍ പാര്‍സല്‍ ചാര്‍ജ് ഇരട്ടിയായി വര്‍ധിപ്പിച്ച തപാല്‍ വകുപ്പിന്റെ നടപടി പിന്‍വലിക്കണമെന്ന് ഫെഡറേഷന് ഓഫ് മലയാളം ബുക്ക് പബ്ലിഷേഴ്സ് സംസ്ഥാന കമ്മിറ്റി. 500 ഗ്രാം വരെയുള്ള പാര്‍സല്‍ സംസ്ഥാനത്ത് അയയ്ക്കാന്‍ പുതുക്കിയ നിരക്ക് 77 രൂപയും സംസ്ഥാനത്തിന് പുറത്തേക്ക് അയയ്ക്കാന്‍ ജിഎസ്ടി അടക്കം 84 രൂപയുമാകും. 501 ഗ്രാം മുതല്‍ വര്‍ധിക്കുന്നു ഓരോ 500 ഗ്രാമിനും അടുത്ത സ്ലാബായി കണക്കാക്കി നിരക്ക് ആനുപാതികമായി വര്‍ധിച്ചിച്ചിരിക്കുകയാണ്. നേരത്തെ ഇതേ പാഴ്സല്‍ രാജ്യത്തെവിടെയ്ക്കും അയയ്ക്കാന്‍ ജിഎസ്ടി അടക്കം 42 രൂപ മതിയായിരുന്നു.
ഒട്ടേറെ പ്രതിസന്ധികള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പുസ്തകപ്രസാധക മേഖലയെ ഈ നിരക്ക് വര്‍ധനവ് സാരമായി ബാധിക്കുമെന്ന് ഫെഡറേഷന് കുറ്റപ്പെടുത്തി. പ്രസാധകര് തപാല്‍ പാര്‍സല്‍ ചാര്‍ജ്ജ് ഈടാക്കാതെയാണ് വായനക്കാരിലേക്ക് പുസ്തകങ്ങള്‍ എത്തിച്ചു കൊണ്ടിരിക്കുന്നത്. പുതുക്കിയ നിരക്ക് പിന്‍വലിക്കണമെന്നും പ്രിന്റഡ് പുസ്തകങ്ങള്‍ അയ്ക്കുവാന്‍ നേരത്തെയുണ്ടായിരുന്ന സൗജന്യ നിരക്കുകള്‍ പുനഃസ്ഥാപിക്കണമെന്നും ഫെഡറേഷന് ഓഫ് മലയാളം ബുക്ക് പബ്ലിഷേഴ്സ് സംസ്ഥാന പ്രസിഡന്റ് അനില്‍ വേഗ, ജനറല്‍ സെക്രട്ടറി സുനില്‍ പി. മതിലകവും പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.