പ്രതീകാത്മക ചിത്രം
തുറവൂർ: ഓൺലൈൻ തട്ടിപ്പ് കേസിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കമ്പനിയുടെ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ്. ജൂലൈ 24-നായിരുന്നു സംഭവം.
അരൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മറൈൻ എക്സ്പോർട്ട് കമ്പനി അക്കൗണ്ട്സ് മാനേജരുടെ വാട്സ് ആപ്പ് ഹാക്ക് ചെയ്താണ് പണം തട്ടിയത്. സംഭവം ഉടൻ തന്നെ ആലപ്പുഴ സൈബർ ക്രൈം പോലീസിൽ റിപ്പോർട്ട് ചെയ്തതോടെ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴിയും പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു.
സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഹണി കെ. ദാസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം നടത്തിയ നീക്കത്തിലൂടെയാണ് പണം തിരിച്ചുകിട്ടിയത്. തട്ടിയെടുത്ത തുകയിൽ 75 ലക്ഷം രൂപ ഇൻഡസ് ഇൻഡ് ബാങ്കിന്റെ ന്യൂഡൽഹിയിലെ വികാസ് നഗർ ശാഖയിലെ കറന്റ് അക്കൗണ്ടിൽ മരവിപ്പിച്ച നിലയിൽ കണ്ടെത്തി.
തുടർന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വഴി ഉത്തരവ് നേടി അന്വേഷണസംഘം ഡൽഹിയിലെത്തി ബാങ്ക് അധികൃതർക്ക് ഉത്തരവ് കൈമാറി 75 ലക്ഷം തിരിച്ചുപിടിക്കുകയായിരുന്നു. തട്ടിപ്പുകാരെ കണ്ടെത്തുന്നതിന് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
എസ്ഐ സി.എസ്. ശരത്ചന്ദ്രൻ, എഎസ്ഐമാരായ ബി. ബിജു, എം. അജയകുമാർ സിവിൽ പോലീസ് ഓഫീസർ വിദ്യ ഓമനക്കുട്ടൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.
മുന്നറിയിപ്പ്
ഓൺലൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ 1930 എന്ന ദേശീയ സൈബർ തട്ടിപ്പ് ഹെൽപ്ലൈൻ നമ്പറിലോ www. cybercrime.gov.in എന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ വഴിയോ റിപ്പോർട്ട് ചെയ്യുക.
Tags : Nattuvishesham DistrictNews DeepikaNews