പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മര്യാദയില്ലാതെ പെരുമാറിയ മുനിസിപ്പാലിറ്റി ചെയർമാനെ ഡോക്ടർമാർ ബഹിഷ്കരിച്ചു. ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ വ്യാഴാഴ്ച നടന്ന മെയിൽ വാർഡ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുനിസിപ്പാലിറ്റി ചെയർമാനെ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണു ഡോക്ടർമാർ ബഹിഷ്കരിച്ചത്.
ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് മുനിസിപ്പാലിറ്റി ചെയർമാൻ മര്യാദയില്ലാതെ പെരുമാറിയ സംഭവത്തിൽ ഡോക്ടർമാർക്കിടയിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു ബഹിഷ്കരണം. ആരോഗ്യപ്രവർത്തകരുടെ ആത്മാഭിമാനത്തെയും ഔദ്യോഗിക കർത്തവ്യനിർവഹണത്തെയും ചോദ്യം ചെയ്യുന്ന ഇത്തരം പെരുമാറ്റങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും കെജിഎംഒഎ വ്യക്തമാക്കി. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയും അന്തസും സംരക്ഷിക്കുന്നതിൽ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശനമായ ഇടപെടൽ ഉണ്ടാകണമെന്നും കെജിഎംഒഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Tags : Nattuvishesham Local News Doctors boycott