പാടശേഖരത്തിലെ കൃഷി സംരക്ഷിക്കാൻ നദിയിൽനിന്നുള്ള വെള്ളം തടകെട്ടി സംരക്ഷിച്ചിരിക്കുന്നു. നെടുമുടി-കരുവാറ്റ റോഡിൽ ബിഎസ്എൻഎൽ ജംഗ്ഷനിൽനിന്ന്.
ചമ്പക്കുളം: മഴ തുടങ്ങിയിട്ട് ഒരാഴ്ച കഴിയുന്പോഴും കുട്ടനാട്ടിൽ ദുരിതമൊഴിയുന്നില്ല. അപ്പർ കുട്ടനാട്ടിലെ വെള്ളം ലോവർ കുട്ടനാട്ടിലെത്തുമ്പോൾ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കുട്ടനാട്ടുകാർ. പത്തനംതിട്ട ജില്ലയിലെയും അപ്പർ കുട്ടനാട്ടിലെയും വെള്ളം ഇറങ്ങിത്തുടങ്ങുമ്പോഴും ലോവർ കുട്ടനാട്ടിലെ ദുരിതത്തിനു ശമനമില്ല. ഇടവിട്ടു മാത്രമാണ് മഴ പെയ്യുന്നതെങ്കിലും കുട്ടനാട്ടിൽ ഒഴുകിയെത്തിയ വെള്ളം ഒഴുകിമാറാൻ ആഴ്ചകൾ വേണ്ടിവന്നേക്കാം.
മഴ ശമിച്ചപ്പോഴും നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്കെത്തുന്നത്. ചമ്പക്കുളം, നെടുമുടി, കൈനകരി പഞ്ചായത്തുകളിലെ പല പാടശേഖരങ്ങളും വെള്ളം കവിഞ്ഞ് കയറി നിറഞ്ഞതോടെ പാടശേഖരത്തിന്റെ ബണ്ടുകളിലും തുരുത്തുകളിലും താമസിച്ചിരുന്ന കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കെത്താൻ നിർബന്ധിതരായി. ഇതാണ് കുട്ടനാട്ടിലെ ക്യാമ്പുകളിൽ ആളുകളുടെ എണ്ണം കൂടാൻ കാരണം. വീടുകളിൽ ഭക്ഷണം പാകം ചെയ്യാൻ നിർവാഹമില്ലാത്തതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവരും നിരവധിയാണ്. ഇനി ദിവസങ്ങൾ കഴിയാതെ ഇവർക്ക് വീടുകളിലേക്ക് മടങ്ങാനാവില്ല.
വെള്ളക്കെട്ട് ദുരിതം
കുട്ടനാട്ടിലെ പാടശേഖരങ്ങളിലേക്ക് സമീപത്തുള്ള തോടുകളിൽനിന്നും നദികളിൽ നിന്നും പ്രളയജലം എല്ലാ വശങ്ങളിലൂടെയും കവിഞ്ഞുകയറും. നദികളിലെയും തോടുകളിലെയും ജലനിരപ്പ് ചെറിയ തോതിൽ കുറഞ്ഞുതുടങ്ങിയാലും കവിഞ്ഞു കയറിയ വെള്ളം ഒഴുകിമാറില്ല. പാടശേഖരങ്ങളിലെത്തുന്ന വെള്ളം മോട്ടോർ പ്രവർത്തിപ്പിച്ചു വേണം പുറത്തേക്കു കളയാൻ. ഇതിന് പലപ്പോഴും ആഴ്ചകളും മാസങ്ങളുമെടുത്തേക്കാം. ഇതാണ് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കുട്ടനാട്ടിൽ വെള്ളക്കെട്ട് ദുരിതം വിതയ്ക്കുന്നതിന്റെ കാരണം.
നദികളിലെ ജലം ഒഴുകി മാറുന്നതിനൊപ്പം, കവിഞ്ഞുകയറുന്ന പ്രളയജലം ഒഴുക്കിക്കളയാൻ കൂടുതൽ ശേഷിയുള്ള ആധുനിക പമ്പുകൾ ഉപയോഗിക്കേണ്ടിവരും. എന്നാൽ, കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ ഭൂരിപക്ഷവും ദശാബ്ദങ്ങളായി ഉപയോഗിച്ചുവരുന്ന പെട്ടിയും പറയും തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. വെള്ളപ്പൊക്കസമയത്ത് അടിയന്തരമായി കൂടുതൽ ശേഷിയുള്ള പമ്പുകളുപയോഗിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാനുള്ള നടപടികൾ ഉണ്ടാകണം. വെള്ളക്കെട്ട് ദുരിതം നീളുന്നതനുസരിച്ചാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതവും നീളുന്നത്. മറ്റുപ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ തീവ്ര മഴകഴിഞ്ഞാലുടൻ നിർത്തലാക്കുമെങ്കിലും കുട്ടനാട്ടിലെ ക്യാമ്പുകൾ വീണ്ടും കൂടുതൽക്കാലം നിലനിർത്തേണ്ടിവരും.
വീടുകളിൽ വെള്ളം കയറിയവരുടെ കണക്കെടുപ്പ് സുതാര്യമാകണം
ദുരിതാശ്വാസ ക്യാമ്പിൽ വന്നവർക്ക് മാത്രമായി ചുരുക്കാതെ, വീടുകളിൽ വെള്ളം കയറിയ എല്ലാവർക്കും ധനസഹായം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. മുൻവർഷങ്ങളിൽ ചിലയിടങ്ങളിൽ വെള്ളപ്പൊക്ക ദുരിതാശ്വാസം ലഭ്യമായത് ദുരിതാശ്വാസ ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്തവർക്കു മാത്രമായിരുന്നു എന്ന ആക്ഷേപമുണ്ട്. പലവിധ കാരണങ്ങളാൽ ദുരിതാശ്വാസ ക്യാമ്പുകളിലെത്താൻ കഴിയാതെ പോകുന്ന നിരവധി ആളുകളുടെ വീട്ടിലും ദിവസങ്ങളോളം വെള്ളം കയറിക്കിടന്നിട്ടുണ്ട്. ജോലിഭാരംകൊണ്ട് വീർപ്പുമുട്ടുന്ന വില്ലേജ് ഉദ്യോഗസ്ഥരുടെ തലയിൽ മാത്രം ഉത്തരവാദിത്വം നല്കാതെ റവന്യു വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരെക്കൂടി വിന്യസിച്ച് ശരിയായ അന്വേഷണം നടത്തി അർഹരായ എല്ലാവർക്കും ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടിയും വേണം.
ഇതരസംസ്ഥാന തൊഴിലാളി കുടുംബങ്ങൾ
കുട്ടനാട്ടിലെ പല വില്ലേജുകളിലും അയൽ സംസ്ഥാനങ്ങളിൽനിന്ന് ഒറ്റയ്ക്കും കുടുംബവുമായി വന്ന് വീടുകളിലും മുറികളിലും താമസിക്കുന്നവരുണ്ട്. ഇവരുടെ വീടുകളും വെള്ളപ്പൊക്കത്തിൽ വെള്ളം കയറിയിട്ടുണ്ട്. പലപ്പോഴും ഇങ്ങനെയുള്ളവർക്ക് റേഷൻ കാർഡ് ഉണ്ടാവാൻ സാധ്യതയില്ല. ആധാർ കാർഡ് പരിശോധിച്ചും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധനയുടെയും അടിസ്ഥാനത്തിൽ ന്യായമായ നഷടപരിഹാരം ലഭ്യമാക്കാൻ നടപടിയും ഉണ്ടാവണം.
പാടശേഖരങ്ങളിലും വെള്ളം കയറി
ചമ്പക്കുളം കൃഷിഭവനു കീഴിലുള്ള മൂലപൊങ്ങന്പ്ര, എഴുകാട്ട്, പാടശേഖരങ്ങളിലെ കൃഷി വെള്ളം കയറി നശിച്ചു. നാലുതോടിനകം, മണിമലക്കാട്, പുളിങ്കുന്ന് കൃഷിഭവനു കീഴിലെ അയ്യനാട്, നെടുമുടി കൃഷിഭവനു കീഴിലെ മഠത്തിൽ മുല്ലാക്കൽ, കല്ലമ്പള്ളി തുടങ്ങിയ പാടശേഖരങ്ങളിൽ വെള്ളപ്പൊക്ക ദുരിതം നിയന്ത്രിക്കാനായി നിയന്ത്രിത പമ്പിംഗ് നടത്തി വന്നിരുന്നത് കിഴക്കൻ വെള്ളത്തിന്റെ വരവോടെ തടസപ്പെട്ടു. ഈ പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന റോഡുകളെല്ലാം വെള്ളത്തിലായത് യാത്രാദുരിതം വർധിപ്പിക്കുന്നു.
90 കുടുംബങ്ങളെ ഗവ. ജെ.ബി സ്കൂള് ക്യാമ്പിലേക്ക് മാറ്റി
അമ്പലപ്പുഴ: വെള്ളക്കെട്ടിലായ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്പ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നു മുതൽ പത്തു വരെ വാര്ഡുകളിലെ 90 ഓളം കുടുംബങ്ങളെയാണ് പുന്നപ്ര ഗവ. ജെ.ബി സ്കൂളിലേക്ക് മാറ്റിയത്. ജി. സുധാകരന് എംഎല്എ ക്യാമ്പ് സന്ദര്ശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസ്, വൈസ് പ്രസിഡന്റ് കെ.എഫ്. തോബിയാസ്, പുന്നപ്ര വില്ലേജ് ഓഫീസർ സ്മിത ദേവദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതബാധിതരെ ക്യാമ്പില് എത്തിച്ചത്. ആറാം വാർഡിൽ മാടായിക്കത്തറവീട്ടിൽ രമേഷ്-ശ്രുതി ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള പെൺകുട്ടി നീതിഷയും ക്യാമ്പില് കഴിയുന്നുണ്ട്.
കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾ
ക്യാമ്പുകൾ - 28
കുടുംബങ്ങൾ 922
അംഗങ്ങൾ 2765
പുരുഷൻമാർ 1121
സ്ത്രീകൾ 1252
കുട്ടികൾ 392
60 വയസിന് മുകളിൽ 329
ഗർഭിണികൾ 1
ഭിന്നശേഷിക്കാർ 5