ആലപ്പുഴ-ചങ്ങനാശേരി റോഡിലെ വെള്ളക്കെട്ട്.
ചങ്ങനാശേരി: തോരാതെ പെയ്ത ഇന്നലത്തെ മഴ ജനജീവിതത്തിനു ദുഃസഹമായി. ആളുകള്‍ക്ക് വീടുകളില്‍നിന്നും ക്യാമ്പുകളില്‍നിന്നും പുറത്തിറങ്ങാനാവാത്ത അവസ്ഥയായിരുന്നു. ആറുകളിലും തോടുകളിലും ജലനിരപ്പ് താണെങ്കിലും ദുരിതജീവിതം അകലുന്നില്ല. പല സ്ഥലങ്ങളിലും മുക്കാലടിയോളം വെള്ളം കുറഞ്ഞെങ്കിലും വീടുകളിലെ വെള്ളം കാര്യമായി കുറഞ്ഞില്ല. വീടുകളില്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിട്ടുതുടങ്ങി. ആളുകള്‍ ജോലിക്കു പോയിട്ട് ഇന്ന് എട്ടു ദിവസമാകും. വീടുകളില്‍ വെള്ളക്കെട്ടുള്ളതിനാല്‍ പാചകം വലിയ ബുദ്ധിമുട്ടിലാണ്.
മണിമല, പമ്പ ആറുകളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെങ്കിലും ഒഴുക്ക് അപകടകരമാണ്. കോമങ്കേരി-മേപ്രാല്‍ റോഡ് അരയറ്റം വെള്ളത്തിലാണ്. റോഡിലൂടെ വാഹനങ്ങള്‍ക്ക് ഓടാന്‍ കഴിയുന്നില്ല. വള്ളം മാത്രമാണ് ആശ്രയം. എസി റോഡിന്റെ വിവിധ ഭാഗങ്ങളിലെ വെള്ളക്കെട്ട് കുറഞ്ഞിട്ടുണ്ട്.
മൂലേപ്പുതുവല്‍, നക്രാല്‍, അറുനൂറില്‍ പുതുവല്‍, കോമങ്കേരിച്ചിറ ഭാഗങ്ങളില്‍ ജനങ്ങള്‍ നന്നേ ദുരിതത്തിലാണ്. മഹേന്ദ്രപുരം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലും ദൈവപ്പറമ്പ് ദേവീ ക്ഷേത്രത്തിലും വെള്ളം കയറിയ നിലയിലാണ്.
ജലനിരപ്പ് താണെങ്കിലും പായിപ്പാട് പഞ്ചായത്തിലെ പറാല്‍, വെട്ടിത്തുരുത്ത്, കുമരങ്കരി, ചീരഞ്ചിറ, പുതുച്ചിറ തൃക്കൊടിത്താനം പഞ്ചായത്തിലെ പൊട്ടശേരി, ചെറുവേലി ഭാഗങ്ങളിലും കുറിച്ചി പഞ്ചായത്തിലെ അനക്കുഴി, വട്ടന്ചിറമറ്റം, ചാണകക്കുഴി ഭാഗങ്ങള്‍ ദുരിതത്തിലാണ്.
പാലങ്ങള്‍ക്കടിയിലെ മുട്ടുകള്‍ ഒഴുക്കിനു തടസമാകുന്നു
പെരുമ്പുഴക്കടവ് പാലത്തിന്റെ അപ്രോച്ച് നിര്‍മാണത്തിനായി പാലത്തിനു സമാന്തരമായി മുട്ടിട്ട് നിര്‍മിച്ചിരിക്കുന്ന റോഡ് തുറക്കാത്തതിനാല്‍ ഈ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് വര്‍ധിക്കുകയാണ്. പെരുമ്പുഴക്കടവ് പാലം നിര്‍മാണം വേഗത്തിലാക്കി മുട്ടുപൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാണ്.
പൂവത്തുനിന്നും നക്രാല്പ്പുതുവലിലേക്കു പോകുന്ന റോഡിന്റെ പനയാറിനു കുറുകെയുള്ള മുട്ടും വെള്ളമൊഴുക്ക് തടസപ്പെടുത്തുന്നതിനാല്‍ ഈ മുട്ട് പൊളിച്ച് പാലം നിര്‍മിച്ചെങ്കില്‍ മാത്രമേ പെരിങ്ങര, നെടുമ്പുറം പഞ്ചായത്തുകള്‍, പായിപ്പാട് പഞ്ചായത്തിലെ കോമങ്കേരിച്ചിറ തുടങ്ങിയ ഭാഗങ്ങളിലെ മഴക്കാലത്തെ വെള്ളപ്പൊക്കം നിയന്ത്രിക്കാനാകൂ.
തോടുകളില്‍ പോളയും ചെളിയും നിറഞ്ഞുകിടക്കുന്നത് നെല്കൃഷിയയും വ്യാപകമായി ബാധിക്കുന്നുണ്ട്.
Tags : Nattuvishesham Local News AC Road