പ്രതീകാത്മക ചിത്രം
നാരങ്ങാനം: ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചതോടെ ബിജെപിക്ക് ഭരണം നഷ്ടമായി. യുഡിഎഫിനും ബിജെപിക്കും ആറ് വീതം അംഗങ്ങളും എൽഡിഎഫിന് രണ്ട് അംഗങ്ങളുമാണ് പഞ്ചായത്തിലുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ബി. പ്രസാദിനെതിരേ ഇന്നലെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ എൽഡി.ഫ് അംഗങ്ങൾ പിന്തുണച്ചതോടെ ആറിനെതിരേ എട്ട് വോട്ടുകൾക്ക് പ്രമേയം പാസായി.
അവിശ്വാസം പാസായി പ്രസിഡന്റ് പുറത്തായതോടെ വൈസ് പ്രസിഡന്റ് കോൺഗ്രസിലെ ജെസി മാത്യുവിന് പ്രസിഡന്റിന്റെ ചുമതല നൽകി. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സതീഷ് ചന്ദ്രനായിരുന്നു വരണാധികാരി.
കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വി.പി. മനോജ് കുമാറിനും ബിജെപിയിലെ വി.ബി. പ്രസാദിനും തുല്യ വോട്ടുകള്‍ ലഭിച്ചതിനാല്‍ നറുക്കെടുപ്പില്‍ ബിജെപിക്കു ഭരണം ലഭിക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നറുക്ക് കോൺഗ്രസിന് അനുകൂലമാകുകയും ചെയ്തു. ഭൂരിപക്ഷം സ്റ്റാൻഡിംഗ് കമ്മിറ്റികളും യുഡിഎഫ് നിയന്ത്രണത്തിലുമാണ്.
കോണ്‍ഗ്രസിന്റെ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാറാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസിലെ തന്നെ പൊന്നമ്മ മാത്യു പിന്താങ്ങി കോൺഗ്രസും സിപിഎമ്മും തമ്മിൽ രാജ്യവ്യാപകമായി ഉണ്ടാക്കിയ ധാരണയുടെ ഭാഗമായിട്ടാണ് നാരങ്ങാനത്തെ ഭരണം അട്ടിമറിച്ചതെന്ന് സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ് വി.ബി.പ്രസാദ് പറഞ്ഞു. ബിജെപി ഭരണം അവസാനിപ്പിക്കാൻ എൽഡിഎഫിന്റെ പിന്തുണ വാങ്ങിയതിൽ തെറ്റില്ലെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ആർ രമേശ് പറഞ്ഞു. യുഡിഎഫിനെയും ബിജെപിയെയും തങ്ങൾ ഒരേപോലെ എതിക്കുമെന്ന് സിപിഎം ഗ്രാമപഞ്ചായത്തംഗം ഏബ്രഹാം തോമസ് പറഞ്ഞു.