ടികെ റോഡിൽ പാലച്ചുവട് ഭാഗത്ത് നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിൽ ഇടിച്ച കാർ.
പത്തനംതിട്ട: തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിൽ ഇലന്തൂർ പാലച്ചുവട് ഭാഗത്ത് വീണ്ടും അപകടം. ബുധനാഴ്ച അർധരാത്രി നിയന്ത്രണം വിട്ട കാർ സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. കോഴഞ്ചേരിയിൽ നിന്നും പത്തനംതിട്ട ഭാഗത്തേക്കു വന്ന കാറാണ് റോഡിൽ നിന്നു തെന്നിമാറി എതിർവശത്തെ പോസ്റ്റിലും മതിലിലും ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ആറുമാസം മുന്പ് പൂർത്തിയായ റോഡ് ടാറിംഗിലെ അപാകതയാണ് തുടർച്ചയായ അപകടങ്ങൾക്കു കാരണമെന്ന ആക്ഷേപമുയരുന്നു. കോട്ടയം മെഡിക്കൽ കോളജിലേക്ക് രോഗിയുമായി പോയ ആംബുലൻസ് തെന്നിമാറി സ്ഥലവാസിയായ പുളിനിൽക്കുന്നതിൽ മാത്യു പി. ശാമുവേലിനെ ഇടിച്ചു തെറിപ്പിച്ചതാണ് സമീപകാലത്തെ ഏറ്റവും വലിയ അപകടം. മാത്യു പി. ശാമുവേൽ തൽക്ഷണം മരണപ്പെട്ടിരുന്നു.
പിന്നീടു പല ദിവസങ്ങളിലും നിയന്ത്രണംവിട്ട വാഹനങ്ങൾ പോസ്റ്റിൽ ഇടിച്ചുള്ള അപകടങ്ങൾ തുടരെയുണ്ടാകുന്നുണ്ട്. കാരൂർ സ്കൂളിനു മുന്പിൽ ചരക്ക് ലോറി റോഡിൽനിന്നു തെന്നിമാറി വൈദ്യുത പോസ്റ്റിലും മതിലിലും ഇടിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഒരേ സ്ഥലത്തു തന്നെയാണ് വാഹനങ്ങൾ തെന്നിമാറി അപകടം ഉണ്ടാകുന്നതെന്നതിനാൽ റോഡ് നിർമാണത്തിലെ അപാകതയാണ് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ആറുമാസം മുന്പ് ബിഎംബിസി ചെയ്ത റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്.
പുതിയ റോഡിൽ പലഭാഗത്തായി അറ്റകുറ്റപ്പണി നടത്തുന്നതും പതിവു കാഴ്ചയായി മാറി. വാര്യാപുരം വളവിൽ വൻ ഗർത്തമാണ് രൂപപ്പെട്ടിട്ടുള്ളത്. വളവ് തിരിഞ്ഞുകയറ്റം കയറി വരുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെട്ട് യാത്രക്കാർക്ക് പരിക്കേൽക്കുന്ന സംഭവങ്ങളുമുണ്ടായി.
അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ച് റോഡ് നിർമാണത്തിലെ അശാസ്ത്രിയത പരിശോധിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. റോഡിൽ രൂപപ്പെട്ട ഗർത്തങ്ങളും വീണ്ടു കീറലും ചാറ്റൽ മഴയിൽ വാഹനങ്ങൾ തെന്നിമാറുന്നതും പരിശോധിക്കപ്പെടണമെന്ന് ഇലന്തൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് വിൻസൻ തോമസ് ചിറക്കാല ആവശ്യപ്പെട്ടു.