കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ കനിഞ്ഞാല്‍ കൊല്ലത്ത് വാട്ടര്‍ മെട്രോ യാഥാര്‍ഥ്യമാകും. ആയിരം കോടി ചെലവ് പ്രതീക്ഷിക്കുന്ന സാധ്യതാ പഠന റിപ്പോര്‍ട്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സംസ്ഥാന സര്‍ക്കാരിന് കൈമാറി.
രാജ്യത്തെ 18 സ്ഥലങ്ങളില്‍ നടത്തിയ പഠനത്തോടൊപ്പമാണ് സംസ്ഥാനത്ത് കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ ഇന്‍ലാന്‍ഡ് വാട്ടര്‍വെയ്സ് അഥോറിറ്റി ഒഫ് ഇന്ത്യയുടെ നിര്‍ദേശ പ്രകാരം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സാധ്യതാ പഠനം നടത്തിയത്.സംസ്ഥാനത്ത് നിലവില്‍ എറണാകുളത്ത് വാട്ടര്‍ മെട്രോ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.
കൊല്ലത്ത് നടപ്പാക്കുന്ന വാട്ടര്‍ മെട്രോ പദ്ധതി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് ആലോചനയിലുള്ളത്. വിനോദ സഞ്ചാരികള്‍ ധാരാളമായെത്തുന്ന ശ്രീനഗര്‍, ഉത്തര്‍പ്രദേശ്, അസാം എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി വാട്ടര്‍ മെട്രോ ആരംഭിക്കുന്നതിന് ഇന്‍ലാന്‍ഡ് വാട്ടര്‍വെയ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ആലോചനയിലുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തം വഹിക്കുമെങ്കില്‍ അടുത്ത ഘട്ടത്തില്‍ കൊല്ലത്ത് പദ്ധതിക്ക് അനുമതി ലഭിക്കും.
അതേസമയം നിലവില്‍ ജലഗതാഗത വകുപ്പ് അഷ്ടമുടി കായല്‍ കേന്ദ്രീകരിച്ച് നടത്തുന്ന ബോട്ട് സര്‍വീസുകളെല്ലാം നഷ്ടത്തിലാണ്.
ടൂറിസ്റ്റ് സര്‍വീസായ സീ അഷ്ടമുടി മാത്രം നല്ല ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു.
കൊല്ലത്ത് വാട്ടര്‍ മെട്രോ പദ്ധതിക്കായി സര്‍വീസ് നടത്താവുന്ന റൂട്ടുകള്‍, ടൂറിസം, ചരക്ക് സര്‍വീസുകള്‍, സര്‍വീസിന് ഉപയോഗിക്കാവുന്ന യാനം, മെട്രോ സര്‍വീസിനായി ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍, പദ്ധതിക്കാവശ്യമായ തുക, പദ്ധതി നടപ്പാക്കിയാല്‍ ലാഭകരമായി നടക്കുമോയെന്നും ചെലവാക്കുന്ന തുക തിരിച്ചു കിട്ടുമോയെന്നും സാധ്യതാ പഠനം നടത്തിയിട്ടുണ്ട്.
പാസഞ്ചര്‍ സര്‍വീസിനു പുറമേ ടൂറിസം സാധ്യത കൂടി പ്രയോജനപ്പെടുത്തി മാത്രമേ കൊല്ലം വാട്ടര്‍ മെട്രോ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കൊല്ലം മെട്രോക്കായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
Tags : nattu vishesham Water metro