ദേവികുളങ്ങര മുട്ടേൽ പാലത്തിനു സമീപത്തെ റോഡിലെ വെള്ളക്കെട്ട്.
കായംകുളം: ദേവികുളങ്ങര പഞ്ചായത്തിനെയും കായംകുളത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മുട്ടേല്‍ പാലത്തിനു സമീപം റോഡിൽ നൂറുമീറ്ററോളം ഭാഗത്ത് നിലനിൽക്കുന്ന രൂക്ഷമായ വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർ അപകടത്തിൽപ്പെടുന്ന സാഹചര്യമാണുള്ളത്.
വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതിനാൽ റോഡും തകർച്ചയുടെ വക്കിലായി. 7.55 കോടി രൂപ ചെലവിലാണ് പൊതുമരാമത്ത് വകുപ്പ് മുട്ടേൽ പാലം പുനർനിര്‍മിച്ചത്.
2018ല്‍ ഭരണാനുമതി ലഭിച്ച് 2019ല്‍ നിര്‍മാണം ആരംഭിച്ച പാലം 2021ൽ നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. ബോസ്ട്രിംഗ് ആര്‍ച്ച് മാതൃകയില്‍ നിര്‍മിച്ച പാലത്തിന് 11 മീറ്റര്‍ വീതിയും 30 മീറ്റര്‍ നീളവുമുണ്ട്. തൂണുകള്‍ ദ്രവിച്ച് കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലായിരുന്ന അരനൂറ്റാണ്ടിലധികം പഴക്കമുള്ള പാലം പൊളിച്ചുമാറ്റിയാണ് പുതിയ ആര്‍ച്ച് പാലം നിര്‍മിച്ചിരിക്കുന്നത്. ഈ പാലത്തിന് നൂറുമീറ്റർ ഭാഗത്താണ് ഇപ്പോൾ രൂക്ഷമായ വെള്ളക്കെട്ടുള്ളത്.
Tags : NattuVishesham DistrictNews