മുക്തിതീരം ജനകീയ പ്രതിരോധ കൂട്ടായ്മ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമ്മേളനം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: സമൂഹത്തിന്റെ സുസ്ഥിതിയെ തകര്‍ക്കുന്ന മയക്കുമരുന്നുകളുടെ സ്വാധീനവും സാന്നിധ്യവും ഇല്ലാത്ത ലഹരി വിമുക്ത സാമൂഹ്യ നിര്‍മിതിക്കായി പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. മുക്തിതീരം ജനകീയ പ്രതിരോധ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തൂഫാന്, വിമുക്തി എന്നിവയുടെ പങ്കാളിത്തത്തോടെ തങ്കശേരി ബസ്ബേയില്നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ വിളംബര യാത്രയുടെയും ലഹരി വിമോചന റാലിയുടെയും സമാപനത്തിന്റെ ഭാഗമായി കൊടിമരം മൈതാനിയില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മുക്തിതീരം ജനകീയ പ്രതിരോധ കൂട്ടായ്മ മാതൃകാപരമാണെന്നും ഇത്തരം കൂട്ടായ്മകള്‍ സംസ്ഥാനത്തുടനീളം ആരംഭിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും തൂഫാന് ആഞ്ഞുവീശിയതോടെ സംസ്ഥാനത്ത് ലഹരി കോട്ടകള്‍ തകര്‍ന്നടിയുകയാണെന്നും മന്ത്രി പറഞ്ഞു. എഫ്സിഡിപി-ടിഎംഎസ് ഡയറക്ടര്‍ ഫാ. സജി ഇളമ്പാശേരില്‍ എസ്ഡിബി സമ്മേളനത്തില്‍ അധ്യക്ഷനായി.
വിഷ്ണു മോഹന്‍ എംഎല്‍എ ലഹരി വിരുദ്ധ സന്ദേശം നല്കി. കളക്ടര്‍ ആനി ജൂല തോമസ് മുഖ്യപ്രഭാഷണം നടത്തി. അസി.പോലീസ് കമ്മീഷണര്‍ ടി.ആര്. രാജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തോപ്പ് ഇടവക വികാരി ഫാ. ബെഞ്ചമിന്‍ ജോര്‍ജ് പാമ്പയ്ക്കല്‍, ടിഎംഎസ് പ്രസിഡന്റ് ലാക്ടീഷ്യ മാര്ട്ടിന്, കൊല്ലം കോര്പറേഷന് വെല്‍ഫെയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിന്‍സി ബൈജു, കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി എ.ജെ. ഡിക്രൂസ് എന്നിവര്‍ പ്രസംഗിച്ചു.
തങ്കശേരി ബസ്ബേയില്നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ വിളംബര യാത്ര ഡെപ്യൂട്ടി മേയര്‍ ഡോ. ഉദയാ സുകുമാരന്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഫാ. ജെറിന് പാലക്കില്‍, എഫ്സിഡിപി സെക്രട്ടറി എസ് മില്‍ട്ടണ്‍, സ്കാര്ബിറ്റ നോര്‍ബട്ട് (കെഎല്‍സിഎ) തുടങ്ങിയവര്‍ പ്രസംഗിച്ചു. പോര്‍ട്ട് ജംഗ്ഷനില്‍നിന്ന് ആരംഭിച്ച ലഹരി വിമോചന റാലി എക്സൈസ് അസി. കമ്മീഷണര്‍ (വിമുക്തി) ബൈജു ഫ്ളാഗ് ഓഫ് ചെയ്തു.
പോര്‍ട്ട് കൊല്ലം ഇടവക വികാരി ഫാ. മനോജ് ആന്റണി ആമുഖ സന്ദേശം നല്കി. ലഹരിവിരുദ്ധ സമ്മേളനത്തിന്റെ ഭാഗമായി തൂഫാന് ഐക്യദാര്‍ഢ്യ പ്രഖ്യാപനവും ബെന്‍സിഗര്‍ കോളജ് ഓഫ് നഴ്സിംഗ് വിദ്യാര്‍ഥികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും നേതൃത്വത്തില്‍ വിവിധ ബോധവത്കരണ കലാപരിപാടികള്‍ നടത്തി.
Tags : Local News Nattuvishesham Kollam