തണ്ണിത്തോട്: കോന്നി-തണ്ണിത്തോട്-അടവി പ്രധാന പാതയിൽ കാട്ടാനശല്യം അതിരൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാവിലെ മുണ്ടോൻമൂഴി പാലത്തിന് സമീപമാണ് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിക്കൊണ്ട് കാട്ടാനകൾ റോഡ് മുറിച്ചുകടന്നത്.
അമ്മയും കുട്ടിയുമടങ്ങുന്ന ആനക്കൂട്ടം റോഡിൽ തമ്പടിച്ചതോടെ പ്രദേശം മണിക്കൂറുകളോളം ഭീതിയുടെ നിഴലിലായി. ഈ ഭാഗത്ത് രാത്രിയിലും പകലും ഒരേപോലെ കാട്ടാനകൾ ജനവാസ മേഖലയിലും പധാന പാതയിലും എന്നുന്നുണ്ട്.
യാത്രക്കാരുടെ ആശങ്ക
കഴിഞ്ഞ ദിവസംരാവിലെ തിരക്കേറിയ സമയത്താണ് കാട്ടാനക്കൂട്ടം റോഡിലേക്ക് ഇറങ്ങിയത്. ഇത് ഈ പാതയിലൂടെ കടന്നുപോകുന്ന വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും വലിയ ഭീഷണിയാണ് ഉയർത്തിയത്.
ആനകൾ റോഡിൽ നിലയുറപ്പിച്ചതോടെ ഇരുവശത്തുമായി വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുകയും ഗതാഗതം പൂർണ്ണമായും തടസപ്പെടുകയും ചെയ്തു.
തുടരുന്ന വന്യജീവി ശല്യം
അടവി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കും ഗവിയിലേക്കും പോകുന്നവർ ഉൾപ്പെടെ നിരവധി പേർ ദിവസവും ആശ്രയിക്കുന്ന പ്രധാന പാതയാണിത്. കാട്ടാനകൾക്ക് പുറമെ, കാട്ടുപന്നികൾ, കുരങ്ങുകൾ തുടങ്ങിയ വന്യജീവികളുടെ ശല്യവും ഈ മേഖലയിൽ വർദ്ധിച്ചുവരികയാണ്. ജനവാസ മേഖലയോട് ചേർന്നുള്ള കൃഷിയിടങ്ങളിലേക്കും മറ്റും ഇവ കടന്നുകയറുന്നത് പതിവായതോടെ കർഷകരും കടുത്ത ആശങ്കയിലാണ്.
നാട്ടുകാരുടെ ആവശ്യങ്ങൾ
പ്രധാന പാതയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. വനം വകുപ്പ് അധികൃതർ അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ ആനകളുടെ സാന്നിധ്യം മുൻകൂട്ടി അറിയാൻ ആവശ്യമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുക. ആനകൾ ഇറങ്ങാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ വ്യക്തമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക.
ജനങ്ങൾ ഏറെയുള്ള സമയങ്ങളിൽ വനം വകുപ്പിന്റെ പ്രത്യേക പട്രോളിംഗ് സംഘത്തെ വിന്യസിക്കുക, ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ കടന്നുകയറുന്നത് തടയാൻ ശാസ്ത്രീയമായ രീതിയിലുള്ള സുരക്ഷാ വേലികൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജനങ്ങൾ ഉയർത്തുന്നത്.
ആനകൾ വനത്തിനുള്ളിലേക്ക് മടങ്ങിയെങ്കിലും, പ്രദേശത്ത് ഇനിയും വന്യജീവികൾ ഇറങ്ങാൻ സാധ്യതയുള്ളതിനാൽ നാട്ടുകാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.