ചവറ: ചവറയില്‍ ഇനി കാണാന്‍ പോകുന്നത് വികസനത്തിന്റെ പൂരമാണെന്നും അതു പറഞ്ഞറിയിക്കേണ്ടതില്ലെന്നും യുഡിഎഫ് ചവറ നിയോജകമണ്ഡലം കമ്മിറ്റി. കഴിഞ്ഞ 10 വര്‍ഷം ഭരണകക്ഷി എംഎല്‍എമാര്‍ ചവറയില്‍ ഉണ്ടായിരുന്നിട്ടും യാതൊരു വികസനം മുന്നേറ്റവും സൃഷ്ടിക്കാന്‍ കഴിയാതെ ഇപ്പോള്‍ വിലകുറഞ്ഞ ആരോപണങ്ങളുമായി ഇറങ്ങുന്നത് സ്വയം ഇളിഭ്യരാകുന്നത് പോലെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഷിബു ബേബി ജോണിന്റെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത നിരവധി പദ്ധതികളാണ് ഒരു മാസം മാത്രം പ്രായമുള്ള വി.ഡി. സതീശന് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ഇടംപിടിച്ചത്.
നീണ്ടകര ഫൗണ്ടേഷന് താലൂക്ക് ആശുപത്രിയെ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയായി ഉയര്‍ത്തിയത്, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോര്‍ട്സ് അക്കാഡമി, തീരദേശത്തെ സൈക്കിള്‍ ട്രാക്കും ഫുട്പാത്തും, പൊന്മന പാലം, കാടന്മൂല-കൊച്ചുതുരുത്ത് പാലം, പൈപ്പ് റോഡ് ടാറിംഗ് എന്നിവ അവയില്‍ ചിലത് മാത്രമാണ്. എന്നിട്ടും, 10 വര്‍ഷം ചവറയെ വികസനരംഗത്ത് പിന്നോട്ട് അടിച്ചവര്‍ ഇപ്പോള്‍ മുതലക്കണ്ണീര് ഒഴുക്കുകയാണ്.
ഇത്രയും കാലം ലഭിച്ചിട്ടും ചവറയ്ക്കായി ഒന്നും ചെയ്യാത്തവര്‍ ഒരു മാസം മാത്രം പ്രായമായ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് അപഹാസ്യമാണെന്നും യുഡിഎഫ് നേതൃത്വം ആരോപിച്ചു. ചിറ്റൂര്‍ ഭൂമി ഏറ്റെടുക്കല്‍, കരിമണല്‍ വ്യവസായ മേഖലയിലെ പ്രശ്നങ്ങള്‍, ഹാര്‍ബര്‍ വികസനം, മാരിടൈം അക്കാദമി തുടങ്ങി എല്ലാ വികസന പ്രശ്നങ്ങള്‍ക്കും യുഡിഎഫ് സര്‍ക്കാരിന്റെയും ഷിബു ബേബി ജോണിന്റെയും ഇടപെടലുകള്‍ ഉണ്ടാകുമെന്ന് മാത്രമല്ല, ചവറയുടെ വികസന കുതിപ്പിനും ജനങ്ങളുടെ പുരോഗതിക്കും ഈ സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്നും യുഡിഎഫ് ചവറ നിയോജകമണ്ഡലം ചെയര്മാന് കോലത്ത് വേണുഗോപാലും കണ്‍വീനര്‍ ജസ്റ്റിന് ജോണും അറിയിച്ചു.
ബജറ്റില്‍ ചവറയ്ക്ക് വിസ്മയങ്ങളില്ല: സുജിത് വിജയന് പിള്ള
ചവറ: ബ്ജറ്റ് നിര്‍ദേശങ്ങളില്‍ ചവറയ്ക്ക് പ്രത്യേകിച്ച് വിസ്മയങ്ങള്‍ ഒന്നുമില്ലെന്ന്് മുന്‍ എംഎല്‍എ സുജിത് വിജയന് പിള്ള. കഴിഞ്ഞ ജനുവരിയില്‍ കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് നിര്‍ദേശങ്ങളാണ് ഭൂരിഭാഗവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയതായി നിര്‍ദേശിച്ചിരിക്കുന്ന തെക്കുംഭാഗം-കാടന്‍ മൂല- കൊച്ചുതുരുത്തു പാലം 21-22 ലെ ബജറ്റ് നിര്‍േദശമാണ്. ഇത് പുതിയ പദ്ധതിയല്ല. ചിറ്റൂര്‍ ഭൂമി ഏറ്റെടുക്കല്‍ പദ്ധതി പ്രകിയ നേരത്തെ ആരംഭിച്ചതാണ്.
ടൈറ്റാനിയം കാഷ്വല്‍ ജീവനക്കാരായി ഡിസിഡബ്ല്യൂ വര്‍ക്കര്‍മാരായ 610 പേരെ നിയമിക്കാന്‍ ഉത്തരവായത് നടപ്പാക്കാന്‍ എന്തെങ്കിലും നിര്‍ദേശം കണ്ടില്ലെന്നും കെഎംഎംഎല്ലിനോട് ചേര്‍ന്ന് റെയര്‍ എര്‍ത്ത് കോറിഡോര്‍ സ്ഥാപിച്ച് കെഎംഎംഎല്‍, കെല്‍ട്രോണ്‍, എന്‍എഫ്ടിഡിസി തുടങ്ങിയ സര്‍ക്കാര്‍ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പെര്‍മനന്റ് മാഗ്നെറ്റ് ഹബ് സ്ഥാപിക്കുമെന്ന് ജനുവരിയിലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതിനെക്കുറിച്ച് പരാമര്‍ശമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനുവരിയിലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ റോഡുകള്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. ലോകോത്തര സ്പോര്‍ട്സ് അക്കാഡമി, അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തല്‍ കുളം, ഫുട്ബോള്‍ ടര്‍ഫ്, പ്രഫഷണല്‍ ക്രിക്കറ്റ് നൈറ്റ്സ് ഇന്‍ഡോര്‍ കോര്‍ട്ടുകള്‍ തുടങ്ങിയവയൊക്കെ എവിടെയാണ് വരുന്നതെന്ന് പറഞ്ഞിട്ടില്ലെന്നും പുതിയ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളില്‍ പലതും ടോക്കണ്‍ പ്രൊവിഷനില്‍ മാത്രമാണെന്നും സുജിത് വിജയന്‍പിള്ള ആരോപിച്ചു.
Tags : Local News Nattuvishesham Kollam