അമ്പലപ്പുഴ: എസ്എൻഡിപി ഗുരുമന്ദിരത്തിൽ മോഷണം നടന്ന് മൂന്നുദിവസം പിന്നിട്ടിട്ടും അന്വേഷണത്തിന് പോലീസെത്തിയില്ലെന്ന് പരാതി. കരുമാടി കളത്തിൽപ്പാലം 4073-ാം നമ്പർ എസ്എൻഡിപിയിലെ 1006-ാം നമ്പർ യൂത്ത് മൂവ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗുരു മന്ദിരത്തിലാണ് മോഷണം നടന്നത്. അമ്പലപ്പുഴ- തിരുവല്ല റോഡിനരികിലാണ് ഇത് പ്രവർത്തിക്കുന്നത്.15ന് രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് താത്കാലികമായി പണികഴിപ്പിച്ചിരിക്കുന്ന ബാലാലയത്തിന്റെ ഇരുമ്പ് വാതിൽ ഇളക്കിയ നിലയിൽ കണ്ടത്. വാതിൽ പൂർണമായി ഇളക്കി മാറ്റാൻ ശ്രമം നടത്തിയിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇതിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി നഷ്ടപ്പെട്ടതറിഞ്ഞത്. ഭാരവാഹികൾ ഉടൻതന്നെ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതിയും നൽകി. എന്നാൽ, മൂന്നുദിവസം പിന്നിട്ടിട്ടും അന്വേഷണത്തിന് പോലീസെത്തിയില്ലെന്നാണ് ഭാരവാഹികളുടെ പരാതി. രണ്ടുദിവസം തുടർച്ചയായി സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴും വരാമെന്നാണ് മറുപടി.
എട്ടുമാസം മുൻപാണ് കാണിക്കവഞ്ചിയിലെ പണം എണ്ണിത്തിട്ടപ്പെടുത്തിയത്. ഏകദേശം 7000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന് മുൻപ് രണ്ടുതവണ ഇവിടെ മോഷണം നടന്നിട്ടും പോലീസ് എത്തിയിരുന്നില്ലെന്നും ഇവർ പറയുന്നു.
ഒരു മാസത്തിനിടെ അമ്പലപ്പുഴ സ്റ്റേഷൻ പരിധിയിൽ മോഷണം വ്യാപകമായിരിക്കുകയാണ്. കാക്കാഴം എസ്എൻവിടിടിഐ സ്കൂൾ, അമ്പലപ്പുഴ നന്ദാവനം സ്കൂൾ, കരുമാടി ഹോമിയോ ആശുപത്രി എന്നിവിടങ്ങളിൽ മോഷണം നടന്നിരുന്നു.
Tags : nattu vishesham Where were police three days theft?