പ്രതീകാത്മക ചിത്രം
മുണ്ടക്കയം: പുഞ്ചവയൽ, പാക്കാനം, ഇഞ്ചക്കുഴി - കാരിശേരി മേഖലകളിൽ വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര പ്രതിരോധ നടപടികളുമായി വനംവകുപ്പ്. ഇതിന്റെ ഭാഗമായി വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇഞ്ചക്കുഴിയിൽ അടിയന്തര യോഗം ചേർന്നു. എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി. രതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ, ഊരുകൂട്ടം അംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രദേശത്ത് അനുഭവപ്പെടുന്ന വന്യമൃഗ ശല്യത്തിന് അടിയന്തരമായി പരിഹാരം കാണുന്നതിന് യോഗത്തിൽ തീരുമാനിച്ചു.
വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്കു കടക്കാതിരിക്കാൻ വനാതിർത്തിയിൽ നിർമിച്ചിട്ടുള്ള കിടങ്ങുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തൽ, സൗരവേലികളുടെ അറ്റകുറ്റപ്പണി, അതിർത്തിയിലെ കാടുതെളിക്കൽ എന്നിവ നടത്താനും യോഗത്തിൽ തീരുമാനമായി.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പ്രവർത്തനരഹിതമായിക്കിടന്ന ഒന്നര കിലോമീറ്ററോളം ദൂരത്തിലെ സോളാർ ഫെൻസിംഗ് കാട് വെട്ടിത്തളിച്ച് പ്രവർത്തന സജ്ജമാക്കിയിരുന്നു. പ്രദേശത്ത് പുലി, കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം കാരണം ജനജീവിതം ദുഃസഹമായ പശ്ചാത്തലത്തിലാണ് ജനപ്രതിനിധികളെയും പ്രദേശവാസികളെയും പങ്കെടുപ്പിച്ച് വനംവകുപ്പ് അടിയന്തര യോഗം ചേർന്നത്.
410 കുടുംബങ്ങൾ വസിക്കുന്ന കാരിശേരി മേഖലയിൽ ജനങ്ങൾ കടുത്ത ഭീതിയിലാണ്. നിരവധി വളർത്തുമൃഗങ്ങളെ വന്യമൃഗങ്ങൾ കടിച്ചുകൊല്ലുകയും കാണാതാകുകയും ചെയ്തതോടെ പുലി ഭീതിയിലാണ് നാട്ടുകാർ. വഴിയാത്രികർക്കു നേരേയും കാട്ടുമൃഗങ്ങളുടെ ആക്രമണമുണ്ടാകുന്നുണ്ട്.
കഴിഞ്ഞ ദിവസം വീട്ടിലേക്കു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇഞ്ചക്കുഴി സ്വദേശി ബിജിമോൻ കുര്യന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മനുഷ്യനും കൃഷിക്കും ഭീഷണിയായി വന്യമൃഗങ്ങൾ മാറിയതിനെ തുടർന്നാണ് വനം വകുപ്പ് സുരക്ഷ ശക്തമാക്കാൻ നടപടികൾ ആരംഭിച്ചത്.