കോന്നി കല്ലാറിലൂടെ വനത്തിലേക്കു തിരികെ കയറുന്ന കാട്ടാനക്കൂട്ടം.
കാടിറങ്ങും ഭീതി-2
കോന്നി: പത്തനംതിട്ട ജില്ലയിൽ വനവിസ്തൃതി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ജനവാസ മേഖലകൾകൂടി ഏറ്റെടുത്ത് വനാതിർത്തി കൂട്ടുന്നതിലൂടെ ജനങ്ങളെ കുടിയൊഴിപ്പിക്കുകയെന്നതാണ് നയം. എന്നാൽ വനാതിർത്തി പങ്കിടുന്ന മേഖലയിലെ ജനങ്ങൾക്ക് എന്തു സംരക്ഷണമാണ് നൽകുന്നതെന്ന ചോദ്യത്തിന് ഉത്തരമില്ല. കോന്നി, റാന്നി, അച്ചൻകോവിൽ വനമേഖലകളോടു ചേർന്നുകിടക്കുന്ന ജില്ലയിലെ ഗ്രാമങ്ങൾ ഓരോ ദിവസവും തള്ളിനീക്കുന്നത് ഭീതിയുടെ നിഴലിലാണ്.
പത്തനംതിട്ട ജില്ലയുടെ ആകെ വിസ്തൃതിയുടെ 52 ശതമാനത്തോളവും (1,500 ചതുരശ്ര കിലോമീറ്ററിലധികം) വനമേഖലയാണ്. എന്നാൽ വനത്തിനുള്ളിലെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും ഭക്ഷണ, കുടിവെള്ള ക്ഷാമവും വന്യമൃഗങ്ങളെ വൻതോതിൽ ജനവാസ മേഖലകളിലേക്ക് നയിക്കുന്നു. വനാതിർത്തി വിട്ട് മൃഗങ്ങൾ നാട്ടിലേക്ക് സ്ഥിരമായി ഇറങ്ങിത്തുടങ്ങിയതോടെ നാട് ഇനി അവർക്ക് അവകാശപ്പെട്ടതാണെന്ന തരത്തിലാണ് വനംവകുപ്പ് നിലപാട്.
സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായി വന്യമൃഗ ആക്രമണങ്ങളിൽ മരണപ്പെട്ടവരുടെ എണ്ണം ഞെട്ടിക്കുന്നതാണ്. പത്തനംതിട്ട ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല.
സമീപകാല കണക്കുകൾ പ്രകാരം കേരളത്തിൽ പ്രതിവർഷം ശരാശരി 80 മുതൽ 100 വെര ആളുകൾ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി വനം ഡിവിഷനുകളിൽ മാത്രം കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ കാട്ടാന, കാട്ടുപന്നി, പുലി ആക്രമണങ്ങളിൽ എട്ടു പേർക്ക് ജീവൻ നഷ്ടപ്പെടുകയും അമ്പതിലേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തു തന്നെ കാട്ടാന ആക്രമണം ഏറ്റവും കൂടുതലുണ്ടായ വില്ലേജുകളിൽ മൂന്നാം സ്ഥാനമാണ് ചിറ്റാറിന്. 2008 മുതൽ 2025 വരെയുള്ള പഠനത്തിൽ ചിറ്റാറിൽ 79 കാട്ടാന ആക്രമണങ്ങൾ ആളുകൾക്കു നേരേയുണ്ടായെന്നാണ് കണക്ക്. ഏഴാം സ്ഥാനത്തുള്ളത് കോന്നി അരുവാപ്പുലം വില്ലേജാണ്. അരുവാപ്പുലത്ത് 54 പേർക്കുനേരെയാണ് കാട്ടാന ആക്രമണമുണ്ടായത്.
സാന്പത്തികാടിത്തറ തകർന്നു
കാർഷികവൃത്തിയിലൂടെ വരുമാനം കണ്ടെത്തിയിരുന്ന മലയോര മേഖലകൾ ഇന്ന് ഊഷര ഭൂമിയാണ്. കർഷകർ കൃഷി ഉപേക്ഷിച്ചതോടെ അവരുടെ സാന്പത്തികാടിത്തറ തകർന്നു.
റബർ, കപ്പ, വാഴ, തെങ്ങ് തുടങ്ങിയ പരന്പരാഗത കൃഷികൾ ഒന്നുംതന്നെ നടത്താനാകുന്നില്ല. ഇക്കാലയളവിൽ വന്യമൃഗശല്യം കാരണം ജില്ലയിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തികനഷ്ടമാണ് കർഷകർക്കുണ്ടായത്. ഒരുകാലത്ത് സമൃദ്ധമായ കാർഷിക സംസ്കാരമുണ്ടായിരുന്ന കൊക്കാത്തോട്, തണ്ണിത്തോട് മേഖലകൾ ഇന്ന് വന്യമൃഗ ഭീതിയിൽ ആളൊഴിയുകയാണ്. കാട്ടുപന്നികളുടെയും കാട്ടാനകളുടെയും ആക്രമണം കാരണം പലരും വിളവിറക്കുന്നത് പൂർണമായി നിർത്തി. കാടിറങ്ങിയ കാട്ടുപന്നി വർഷങ്ങളായി നാട്ടിൻപുറത്താണ് താമസമെങ്കിലും ഇവയ്ക്കു കാട്ടുപന്നിയുടെ സംരക്ഷണം ലഭിക്കുന്നു. നാട്ടിൽ കഴിയുന്ന മനുഷ്യന് മൃഗങ്ങളിൽനിന്നു യാതൊരു സംരക്ഷണവുമില്ല.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഈ മേഖലകളിൽ മാത്രം ഏകദേശം 450 മുതൽ 500 ഹെക്ടറോളം കൃഷിഭൂമിയാണ് വന്യമൃഗ ആക്രമണത്തിൽ പൂർണമായോ ഭാഗികമായോ നശിച്ചത്. കർഷകർക്കുണ്ടായ സാമ്പത്തികനഷ്ടം മൂന്നു കോടിയിലധികം രൂപയാണ്. ഫലവൃക്ഷങ്ങളായ തെങ്ങ്, കുലച്ച വാഴകൾ, ഏക്കറുകണക്കിന് കപ്പ (മരച്ചീനി), വിളവെടുപ്പിന് പാകമായ ചേന, കാച്ചിൽ, പൈനാപ്പിൾ, റബർ തൈകൾ, ഏലം എന്നിവയാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്.
സന്ധ്യക്കു മുന്പേ വീടണയണം
മലയോര മേഖലയിലുള്ളവർ സന്ധ്യക്കു മുന്പേ വീടണയുന്നതാണ് ഇപ്പോഴത്തെ രീതി. കാൽനട മാത്രമല്ല, വാഹനങ്ങളിൽ പോലും വനാതിർത്തി മേഖലകളിലൂടെ സഞ്ചരിക്കാനാകില്ല. ഏറെ സൂക്ഷിക്കേണ്ടത് ഇരുചക്രവാഹന യാത്രക്കാരാണ്. പകൽ പോലും കാട്ടാനയുടെ ശല്യം ഈ മേഖലയിൽ ഉണ്ടാകുന്നുണ്ട്. ഓട്ടോറിക്ഷകളിലും മറ്റു ചെറുവാഹനങ്ങളിലും കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കുന്ന രക്ഷിതാക്കൾ നെഞ്ചിടിപ്പോടെയാണ് പകൽ കഴിച്ചുകൂട്ടുന്നത്.
സോളാർ വേലികളും കിടങ്ങുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയുടെ കൃത്യമായ അറ്റകുറ്റപ്പണി നടക്കാത്തതിനാൽ ആനകൾ വേഗത്തിൽ നാട്ടിലിറങ്ങുന്നു. ഇതു കാരണം വീടിനു സമീപത്തെ നടവഴികളിൽ പോലും ഇറങ്ങാൻ ജനങ്ങൾ ഭയപ്പെടുകയാണ്.
വനത്തിനുള്ളിലെ ആദിവാസി വിഭാഗങ്ങളുടെ അവസ്ഥ അതിലും ദാരുണമാണ്. കാട്ടാനയുടെ ശല്യം ആദിവാസികൾക്കു നേരേയും ഉണ്ടാകുന്നുണ്ട്.
തേൻ, ഈറ്റ തുടങ്ങിയ വനവിഭവങ്ങൾ ശേഖരിച്ച് ജീവിച്ചിരുന്ന ഊരുകാർക്ക്, കാട്ടിൽ വന്യമൃഗസാന്നിധ്യം വർധിച്ചതോടെ വനത്തിനുള്ളിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്.
ളാഹയിലെ ഊരുകളിൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് ആനകളുടെയും പുലികളുടെയും സാന്നിധ്യം വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്.
തണ്ണിത്തോട്ടിൽനിന്നു കോന്നിയിലേക്കുള്ള വനപാതയിലെ രാത്രിയാത്ര അത്യന്തം അപകടകരമാണ്. സന്ധ്യമയങ്ങുന്നതോടെ കാട്ടാക്കൂട്ടം പ്രധാന റോഡിലേക്ക് ഇറങ്ങുന്നതുമൂലം മണിക്കൂറുകളോളമാണ് ഗതാഗതം തടസപ്പെടുന്നത്. പയ്യനാമൺ, അതുമ്പുംകുളം മേഖലകളിലെ പല വനാതിർത്തികളിലും സ്ഥാപിച്ച സോളാർ വേലികൾ ദീർഘകാലമായി അറ്റകുറ്റപ്പണി നടത്താതെ കാടുകയറി നശിച്ചതാണ് മൃഗങ്ങൾ എളുപ്പത്തിൽ നാട്ടിലേക്കിറങ്ങാൻ കാരണം.
പുനരധിവാസ പദ്ധതികളും പാളി
വനമേഖലകളിലെ ഗ്രാമങ്ങളിൽനിന്ന് റീബിൽഡ് കേരള പദ്ധതി ഒഴിപ്പിക്കാനുള്ള പദ്ധതി കഴിഞ്ഞ സർക്കാർ ആസൂത്രണം ചെയ്തിരുന്നു. എന്നാൽ പദ്ധതിയിൽ ഗുണഭോക്താക്കളുടെ മുൻഗണനാക്രമം നിശ്ചയിക്കാനായില്ല. മതിയായ നഷ്ടപരിഹാരത്തുക ലഭിക്കാതെ വന്നതോടെ ഏറെപ്പേരും സ്ഥലം വിട്ടുകൊടുക്കാൻ തയാറായില്ല. എന്നാൽ, പലയിടങ്ങളിലും കാട്ടുമൃഗ ഭീതി കാരണം പലരും വീടൊഴിഞ്ഞിരിക്കുകയാണ്. കോന്നിയിൽ മണ്ണീറ മേഖലയിൽ ഇത്തരത്തിൽ നിരവധി വീടുകൾ അടഞ്ഞുകിടക്കുകയാണ്. ആളുകൾ ഒഴിഞ്ഞ് കാട് പടർന്നുപന്തലിക്കുന്നതോടെ വന്യമൃഗങ്ങൾക്കു താവളം ഒരുങ്ങുകയും ചെയ്യും.
Tags : Nattuvishesham Districtnews Deepikanews Wild animals