കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ വ്യാപകനാശം വരുത്തിയ നിലയിൽ.
ബന്തടുക്ക: മാണിമൂല, ശ്രീമല ഭാഗങ്ങളിൽ കാട്ടാനക്കൂട്ടം വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് തമ്പടിച്ചിട്ടുള്ള ആനകൾ കൃഷിയിടങ്ങളിലെ തെങ്ങ്, കമുക്, വാഴ, കപ്പ എന്നിവയെല്ലാം പിഴുതെറിഞ്ഞും ചവിട്ടിമെതിച്ചും നശിപ്പിച്ച നിലയിലാണ്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായി ഉദയകുമാർ റൈ, മധുസൂദനൻ ശ്രീമല, ചെമ്മനാട്ട് ജോസ് വർക്കി എന്നിവരുടെ കൃഷിയിടങ്ങളിൽ വ്യാപകനാശം വരുത്തി.
കർണാടക വനത്തിൽനിന്ന് കാട്ടാനകളിറങ്ങുന്നത് തടയാൻ വനാതിർത്തിയിൽ കിടങ്ങുകൾ നിർമിച്ചിട്ടുണ്ടെങ്കിലും ഇവയുടെ പല ഭാഗങ്ങളും ഇപ്പോൾ നികന്നിട്ടുണ്ട്.
കാട്ടാനകൾ കാലുകൾ കൊണ്ടും തുമ്പിക്കൈ കൊണ്ടും മണ്ണിടിച്ച് കിടങ്ങുകളിലിട്ട് വഴി നിർമിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു. പ്രദേശത്ത് വനംവകുപ്പിന്റെ കൃത്യമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം.
ശ്രീമല മുതൽ തുമ്പോടി വരെ രണ്ട് കിലോമീറ്റർ ദൂരം ഫെൻസിംഗ് നിർമിക്കണമെന്ന നിർദേശം നേരത്തേ വനംവകുപ്പ് തയാറാക്കി സമർപ്പിച്ചിരുന്നു. ഇക്കാര്യം എത്രയുംവേഗം പരിഗണിക്കണമെന്ന ആവശ്യം മന്ത്രി ഷിബു ബേബി ജോണിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കെ. നീലകണ്ഠൻ എംഎൽഎ അറിയിച്ചതായി സ്ഥലം സന്ദർശിച്ച പഞ്ചായത്തംഗം ജോസ് പാറത്തട്ടേൽ പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പവിത്രൻ സി. നായർ, രതീഷ് ബേത്തലം, നീലകണ്ഠൻ നായർ പനംകുണ്ട്, അയൂബ് മാണിമൂല, മോഹനൻ കൊമ്പൻകല്ല്, മധുസുദനൻ ശ്രീമല, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.ആർ. രാജേഷ് കുമാർ, ബി. സുമിത്ര എന്നിവരും സ്ഥലം സന്ദർശിച്ചു.
Tags : Local News Nattuvishesham Wildfires erupt again Manimul