കൂരാച്ചുണ്ട്: മാസങ്ങളായി പഞ്ചായത്തിലെ ഓട്ടപ്പാലം, മണ്ടോപ്പാറ പ്രദേശത്ത് നാശം വരുത്തിയ കാട്ടാനക്കൂട്ടം കക്കയം മുപ്പതാംമൈലിലെ ജനവാസ കേന്ദ്രങ്ങളിലേക്ക്. ഓട്ടപ്പാലത്ത് വനംവകുപ്പ് ആർആർടി സംഘം രാത്രികാല പെട്രോളിംഗ് ആരംഭിച്ചതോടെ ഈ പ്രദേശത്ത് കാട്ടാനയുടെ വരവ് നിലച്ചിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം മുതലാണ് കാട്ടാനകൾ കക്കയം മുപ്പതാംമൈൽ മേഖലയിലേക്ക് നീങ്ങിയത്.
ഇന്നലെ പകൽസമയം കാട്ടാനകൾ കക്കയം കള്ളുഷാപ്പിന് മുകളിലെ മലയിൽ തന്പടിച്ചിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ താമരശേരിയിൽ നിന്നുള്ള ആർആടി സംഘവും കൂരാച്ചുണ്ട് പോലീസും ചേർന്ന് കാട്ടാനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ്. ജനങ്ങൾ രാത്രിയിൽ ജാഗ്രത പുലർത്തണമെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. ആർആർടി പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കക്കയം സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ സി. വിജിത്തിന്റെ നേതൃത്വത്തിലുള്ള വനം ഉദ്യോഗസ്ഥരാണ് സ്ഥലത്തുള്ളത്. വൈകീട്ട് മുപ്പതാംമൈൽ - കക്കയം പഞ്ചവടി വരെയുള്ള ഭാഗത്ത് വാഹനങ്ങൾ കടന്നു പോകുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി വീട്ടുമുറ്റത്ത് വരെ കാട്ടാനകളെത്തിയിരുന്നു.
തുടർന്നു വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ച് തുരത്തുകയാണുണ്ടായത്. മുപ്പതാംമൈലിലെ കർഷകൻ പാറക്കൽ രാജന്റെ കൃഷിയിടത്തിലെ വാഴ, കമുക്, തെങ്ങ്, പ്ലാവ് എന്നിവ കാട്ടാന നശിപ്പിച്ചു. പാറക്കൽ മല്ലികയുടെ കൃഷിയിടത്തിലെ വാഴകളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. കൃഷിയിടത്തിലെ കയ്യാലയും തകർത്തു. കൂടാതെ മറ്റു കർഷകർക്കും കൃഷിനാശം സംഭവിച്ചു.
പുലർച്ചെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ വീട്ടുകാർ മുറ്റത്ത് ആനകളെ കണ്ട് ഭീതിയിലായി. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കംപൊട്ടിച്ചും മറ്റും കാട്ടാനയെ തുരത്തുകയായിരുന്നു. കക്കയം മേഖലയിൽ ജനങ്ങളുടെ സ്വൈര്യ ജീവിതം കെടുത്തുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വിലങ്ങാട് കാട്ടാനകളിറങ്ങി; വ്യാപക കൃഷി നാശം
നാദാപുരം: കാട്ടാനക്കൂട്ടമിറങ്ങി വ്യാപക കൃഷി നാശം. വാണിമേൽ പഞ്ചായത്ത് എട്ടാം വാർഡ് മലയങ്ങാടാണ് കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്.
വാണിമേൽ സ്വദേശി കോവൂരാൻ മൊയ്തു ഹാജിയുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ തെങ്ങ്, കമുക്, കുരുമുളക് വള്ളികൾ, എന്നിവയാണ് ആനകൾ നശിപ്പിച്ചത്. ചൊവ്വാഴ്ച്ച രാവിലെ റബർ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് കൃഷി നശിപ്പിച്ചത് കാണുന്നത്. കണ്ണൂർ ജില്ലയിലെ കണ്ണവം വനത്തിൽ നിന്നാണ് ആനകൾ മലയങ്ങാട് കൃഷിയിടത്തിലേക്കിറക്കുന്നത്. ഈ മേഖലയിൽ ഫെൻസിംഗ് ലൈനുകൾ ഇല്ലാത്തതാണ് ആനകൾ കൃഷിയിടത്തിലിറങ്ങാൻ ഇടയാകുന്നത്.
Tags : nattu vishesham Wildfires have entered