കട്ടപ്പന: ജില്ലയില്‍ വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി കാഞ്ചിയാര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന് ഉദ്ഘാടനം ചെയ്തു.
കാഞ്ചിയാര്‍ പള്ളിക്കവലയില്നിന്നാരംഭിച്ച മാര്‍ച്ച് ഫോറസ്റ്റ് ഓഫീസ് പടിക്കല്‍ പോലീസ് തടഞ്ഞു. ജില്ലയില്‍ വന്യജീവികള്‍ ജനവാസ മേഖലകളിലേക്കിറങ്ങുന്നത് പതിവ് സംഭവമായി മാറിയ സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കയിലാണെന്നും സൂര്യനെല്ലിയില്‍ വീട്ടമ്മ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം ഉള്‍പ്പെടെ സമീപകാലത്തുണ്ടായ വന്യജീവി ആക്രമണങ്ങള്‍ ജനങ്ങളുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതായും നേതാക്കള്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.സി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം ശ്രീനഗരി രാജന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. കുമാര്‍, സി. സന്തോഷ് കുമാര്‍, രതീഷ് വരകുമല, മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത് ശശി എന്നിവര്‍ പ്രസംഗിച്ചു.