തോട്ടുവ-കുറുപ്പന്തറ-കല്ലറ റോഡ് നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി മോൻസ് ജോസഫ് നിർവഹിക്കുന്നു.
കുറവിലങ്ങാട്: തോട്ടുവ-കുറുപ്പന്തറ-കല്ലറ പുത്തൻപള്ളി റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സംസ്ഥാന സർക്കാർ അനുവദിച്ച 6.29 കോടി രൂപ വിനിയോഗിച്ച് നടപ്പാക്കുന്ന റോഡ് വികസന പദ്ധതിയുടെ നിർമാണോദ്ഘാടനം മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു.
കാഞ്ഞിരത്താനത്തിന് സമീപമുള്ള മെയിൻ റോഡ് ഭാഗം കുഴികളടച്ച് മണ്ണിട്ടുയർത്തുന്ന നിർമാണ ജോലികൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. വെള്ളക്കെട്ട് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം എന്ന നിലയിലാണ് റോഡ് മണ്ണിട്ടുയർത്തുന്നത്. തുടർന്ന് ടൈൽ വിരിച്ച് റോഡ് നവീകരിക്കും. ബിഎം ആൻഡ് ബിസി ടാറിംഗും ബിസി ഓവർലേ ടാറിംഗും സംയോജിപ്പിച്ചാണ് റോഡ് നിർമാണം പൂർത്തിയാക്കുന്നത്. ജനത്തിരക്കുള്ള പ്രധാന കവലകളിൽ റോഡിന്റെ വീതികൂട്ടി ടാറിംഗ് നടത്തുന്നതിനൊപ്പം വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിർമിച്ച് കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കുന്ന ഡ്രെയിനേജ് സൗകര്യവും പദ്ധതിയിലുണ്ട്.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ അധ്യക്ഷത വഹിച്ചു. മാഞ്ഞൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജോസ് പാളിത്തോട്ടം, ലൂക്കോസ് മാക്കീൽ, സി.എം. ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശോഭ ജയിംസ് പുല്ലാപ്പള്ളിൽ, ബാബു തൂമ്പുങ്കൽ, ജയിംസ് പുല്ലാപ്പള്ളിൽ, ബേബി തൊണ്ടാംകുഴി, ബിനോ സക്കറിയ, ജോസി മാത്യു, പി.വി. ജോസഫ് പാളിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews