പഴയ പുഴപ്പാലം പൊളിക്കുന്നു.
വടക്കാഞ്ചേരി: പഴയ പുഴപ്പാലം പൊളിക്കുന്നതിനിടെ പാലംതകർന്ന് യുവാവിന് ഗുരുതര പരിക്ക്. ഉത്തർപ്രദേശ് സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണ് ഗുരുതരമായി പരിക്കേറ്റത്.
പാലത്തിന്റെ സൈഡിലുള്ള ഇരുമ്പ് ഭാഗങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പാലത്തിനുമുകളിൽ മധ്യഭാഗത്തുനിന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇരുമ്പ് ഭാഗങ്ങൾ മുറിച്ചുമാറ്റുകയായിരുന്നു.
സൈഡിലെ ഇരുമ്പുപാളി നീക്കംചെയ്തതോടെ പാലത്തിന്റെ ഒരു ഭാഗം തകർന്ന് താഴെയുള്ള വടക്കാഞ്ചേരി പുഴയിലേക്ക് പതിച്ചു. ഇതോടെ യുവാവും പുഴയിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് തൊഴിലാളികൾ മറ്റുവശങ്ങളിലേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു.
വീഴ്ചയുടെ ആഘാതത്തിൽ യുവാവിന്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻതന്നെ ഇയാളെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags : Young man nattuvishesham local news