വടക്കഞ്ചേരി: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിനു ഗുരുതരമായി പരിക്കേറ്റു. കിഴക്കഞ്ചേരി കോരഞ്ചിറ ആണ്ടിയപ്പുവിന്റെ മകൻ രത്നേഷിനാണ് പരിക്കേറ്റത്.
ബസ് ജീവനക്കാരനായ രത്നേഷ് ജോലി കഴിഞ്ഞ് പതിവുപോലെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെ കുന്നങ്കാടിനും വേങ്ങശേരിക്കുമിടയിൽ മേലിടിക്കാവ് പള്ളിക്ക് സമീപത്തുവച്ചാണ് പന്നിയുടെ ആക്രമണമുണ്ടായത്.
പന്നി റോഡിലേക്കുചാടി വാഹനത്തിലും കാലിലും ഇടിക്കുകയായിരുന്നു. നാട്ടുകാരും വഴിയാത്രക്കാരും ചേർന്നാണ് ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും ഇതുവഴി യാത്ര ചെയ്യുന്ന വാഹനയാത്രക്കാർക്ക് മുമ്പും സമാനമായ അപകടങ്ങളുണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വനംവകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.