പേരൂർക്കട: ജോലിക്കുനിന്ന വീട്ടില്‍നിന്നു സ്വര്‍ണ മാല കവര്‍ന്ന സംഭവത്തില്‍ യുവാവിനെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ് മരുതന്‍കുഴി മഞ്ചാടിമൂട് പടയണി റോഡില്‍ കോണത്തുകുളങ്ങര സ്വദേശി അരുണ്‍ (31) ആണ് പിടിയിലായത്. ആഴ്ചകള്‍ക്ക് മുമ്പ് വട്ടിയൂര്‍ക്കാവ് നമ്പവന്കാവില് വീടിന്റെ പണിയുമായി ബന്ധപ്പെട്ടുള്ള ജോലിക്കിടെ ഇയാള്‍ വീടിനുള്ളിലെ മേശപ്പുറത്തുവച്ചിരുന്ന 24 ഗ്രാം തൂക്കമുള്ള സ്വര്‍ണ മാല അപഹരിക്കുകയായിരുന്നുവെന്നു പോലീസ് വ്യക്തമാക്കി.
മാല കാണത്തതിനെത്തുടര്ന്ന് വീട്ടുകാര്‍ ജോലിക്കാരോടു ചോദിച്ചെങ്കിലും ആരും കുറ്റമേൽക്കാത്തതിനെത്തുടര്ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം അരുണിനെ പോ ലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.