x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

01
AUG
2026

പാ​റ്റ​ക​ളെ ക​രി​ന്തേ​ളു​ക​ളാ​ക്ക​രു​ത്!

Editorial Audio


Published: August 1, 2026 12:00 AM IST | Updated: July 31, 2026 10:44 PM IST

കേ​ര​ള​ത്തി​ലെ ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ച​ങ്കി​ലാ​ണ് പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ (പി​എ​സ്‌​സി) കു​ത്തി​യ​ത്. കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത കാ​ര്യം. കൊ​ടും​വ​ഞ്ച​ന, ത​ട്ടി​പ്പ്. സി​പി​എം സം​ഘ​ട​നാ നേ​താ​വി​നെ ഒ​ന്നാം റാ​ങ്കി​ലെ​ത്തി​ക്കാ​ൻ പ​രീ​ക്ഷാ സം​വി​ധാ​ന​ത്തെ​യാ​കെ അ​ട്ടി​മ​റി​ച്ചു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ചെ​യ​ർ​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​രി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ങ്ങു​ക​യാ​ണ്. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ഇ​നി​യെ​ങ്ങ​നെ വി​ശ്വ​സി​ക്കും‍?

ആ​സൂ​ത്ര​ണ ബോ​ർ​ഡി​ലെ ചീ​ഫ് (ഇ​ൻ​ഡ​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ) പ​രീ​ക്ഷ​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന തി​രി​മ​റി ന​ട​ന്ന​ത്. ഒ​ന്നാം​റാ​ങ്ക് ല​ഭി​ച്ച സി​പി​എം സം​ഘ​ട​നാ നേ​താ​വ് അ​രു​ൺ ജെ. ​പ്ര​താ​പ് എ​ഴു​താ​തെ വി​ട്ട നാ​ലും തെ​റ്റി​ച്ച ആ​റും ചോ​ദ്യ​ങ്ങ​ൾ ഒ​ന്നാ​കെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്രേ! എ​ല്ലാ ചോ​ദ്യ​ങ്ങ​ളും മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ ഒ​ന്നാം റാ​ങ്കു​കാ​ര​ൻ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ​പോ​ലും ഇ​ടം​പി​ടി​ക്കു​മാ​യി​രു​ന്നി​ല്ല എ​ന്നു പ​റ​യു​മ്പോ​ൾ ത​ട്ടി​പ്പി​ന്‍റെ ആ​ഴം വ്യ​ക്ത​മാ​കും. ര​ണ്ടാം റാ​ങ്കു​കാ​ര​നേ​ക്കാ​ൾ 53 മാ​ർ​ക്ക് കു​റ​വാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്. ഒ​രു മാ​ർ​ക്കി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ ഒ​ന്നാം റാ​ങ്കി​ലെ​ത്തി​യ അ​രു​ൺ ജെ. ​പ്ര​താ​പ് ആ​സൂ​ത്ര​ണ ബോ​ർ​ഡി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ണ്ടെ​ത്തി. 1,23,700-1,66,800 ശ​മ്പ​ള സ്കെ​യി​ലി​ലാ​ണ് നി​യ​മ​നം. എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​ന്‍റെ​യും മാ​ർ​ക്ക് ചേ​ർ​ത്താ​ണ് റാ​ങ്ക് പ​ട്ടി​ക​യു​ണ്ടാ​ക്കി​യ​ത്. സി​പി​എം പ്ര​തി​നി​ധി​യാ​യ ചെ​യ​ർ​മാ​നും ര​ണ്ടം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട ബോ​ർ​ഡാ​ണ് അ​ഭി​മു​ഖം ന​ട​ത്തി​യ​ത്. മാ​ർ​ക്ക് പ​ട്ടി​ക ഇ​തു​വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല. അ​തു​കൂ​ടി പ​രി​ശോ​ധി​ച്ചാ​ൽ കാ​ര്യ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രും.

പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​തു​പ​ക്ഷ ഭ​ര​ണ​ത്തി​ന്‍റെ കാ​ല​ത്ത് വി​വി​ധ പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റു​ക​ള്‍ അ​ട്ടി​മ​റി​ച്ചെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. അ​തി​നി​ടെ​യാ​ണ് മു​ന്‍ ഭ​ര​ണ​കാ​ല​ത്ത് ന​ട​ന്ന ക്ര​മ​ക്കേ​ടു​ക​ളു​ടെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്തു വ​രു​ന്ന​ത്. പ​ത്തു​വ​ർ​ഷം തു​ട​ർ​ച്ച​യാ​യി നാ​ടു ഭ​രി​ച്ച ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​ന്ന പ​ക്ഷ​പാ​ത​പ​ര​മാ​യ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളും ഇ​തി​ന​കം​ത​ന്നെ പു​റ​ത്തു വ​ന്ന​താ​ണ്. ഏ​തു​വി​ധേ​ന​യും സ്വ​ന്ത​ക്കാ​രെ ഉ​ദ്യോ​ഗ​ങ്ങ​ളി​ലും മ​റ്റു താ​ക്കോ​ൽ​സ്ഥാ​ന​ങ്ങ​ളി​ലും തി​രു​കി​ക്ക​യ​റ്റാ​നു​ള്ള അ​വ​രു​ടെ വി​രു​തു ക​ണ്ട് കേ​ര​ളം ഞെ​ട്ടി​യി​ട്ടു​ണ്ട്. ഏ​തു ക​ള്ള​ത്ത​ര​ത്തെ​യും പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ മൂ​ശ​യി​ലി​ട്ട് വ്യാ​ഖ്യാ​നി​ച്ച് സ്വ​ർ​ണം​പോ​ലെ തി​ള​ക്ക​മു​ള്ള​താ​ക്കാ​നു​ള്ള പാ​ട​വ​വും സി​പി​എ​മ്മി​ന്‍റെ കൂ​ടെ​പ്പി​റ​പ്പാ​ണ്. അ​ത് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ​ല്ലോ സം​സ്ഥാ​ന​ത്തെ ഭ​ര​ണ​മാ​റ്റം.

പി​എ​സ്‌​സി​ക്ക് അ​പേ​ക്ഷ ന​ൽ​കി രാ​വും പ​ക​ലും കു​ത്തി​യി​രു​ന്നു പ​ഠി​ച്ച് പ​രീ​ക്ഷ​യെ​ഴു​തി പ്ര​തീ​ക്ഷ​യോ​ടെ ഫ​ലം കാ​ത്തി​രി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​വ​സ്ഥ​യൊ​ന്നാ​ലോ​ചി​ക്കൂ. ജീ​വി​തം​ത​ന്നെ പ​രീ​ക്ഷ​ക​ൾ​ക്കാ​യി മാ​റ്റി​വ​യ്ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ നാ​ടാ​ണി​ത്. വെ​റു​തെ​യാ​ണോ യു​വാ​ക്ക​ൾ പാ​റ്റ​ക​ളും ക​രി​ന്തേ​ളു​ക​ളു​മൊ​ക്കെ​യാ​യി പ​രി​ണ​മി​ക്കു​ന്ന​ത്. ഒ​രു യു​വ​ത​ല​മു​റ​യെ മു​ഴു​വ​ൻ അ​നി​ശ്ചി​ത​ത്വ​ത്തി​ലേ​ക്കും അ​വി​ശ്വാ​സ​ത്തി​ലേ​ക്കും ത​ള്ളി​യി​ടു​ന്ന​വ​ർ​ക്ക് എ​ന്തു ശി​ക്ഷ കൊ​ടു​ത്താ​ലും അ​ധി​ക​മാ​കി​ല്ല.

വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ലും നാ​ടി​ന്‍റെ ന​ട്ടെ​ല്ലാ​ണ്. ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും സ​മീ​പ​കാ​ല​ത്ത് നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് തു​ട​ർ​ച്ച​യാ​യ പ​രീ​ക്ഷാ ത​ട്ടി​പ്പു​ക​ളും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക​ളും. സു​പ്ര​ധാ​ന ദേ​ശീ​യ പ​രീ​ക്ഷ​ക​ളാ​യ നീ​റ്റ്, നെ​റ്റ് മു​ത​ൽ സം​സ്ഥാ​ന​ത​ല​ങ്ങ​ളി​ലെ പി​എ​സ്‌​സി, സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ​ക​ളി​ൽ വ​രെ ക്ര​മ​ക്കേ​ടു​ക​ൾ പ​തി​വാ​കു​ക​യാ​ണ്. ദ​രി​ദ്ര-​മ​ധ്യ​വ​ർ​ഗ കു​ടും​ബ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യാ​ണ് ഈ ​ത​ട്ടി​പ്പു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ലൂ​ടെ ന​ഷ്‌​ട​പ്പെ​ടു​ന്ന​ത് കേ​വ​ലം ഒ​രു അ​വ​സ​രം മാ​ത്ര​മ​ല്ല. മ​റി​ച്ച്, ഒ​രു ത​ല​മു​റ​യു​ടെ ആ​ത്മ​വി​ശ്വാ​സ​വും ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളി​ലു​ള്ള വി​ശ്വാ​സ​വു​മാ​ണ്.

ഇ​വി​ടെ തോ​ൽ​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​മാ​ണ്. ഭ​ര​ണ​ഘ​ട​ന​യാ​ണ്. പി​എ​സ്‌​സി പോ​ലൊ​രു പ​വി​ത്ര​മാ​യ സ്ഥാ​പ​ന​ത്തി​ന്‍റെ സു​താ​ര്യ​ത​യും വി​ശ്വാ​സ്യ​ത​യും വീ​ണ്ടെ​ടു​ത്തി​ല്ലെ​ങ്കി​ൽ ജ​നാ​ധി​പ​ത്യം എ​ന്ന വാ​ക്കി​ന് പി​ന്നെ എ​ന്ത​ർ​ഥ​മാ​ണു​ണ്ടാ​കു​ക?

ഡ​ൽ​ഹി​യി​ലെ ജ​ന്ത​ർ മ​ന്ത​റി​ൽ ഐ​തി​ഹാ​സി​ക​മാ​യൊ​രു സ​മ​ര​ജ​യം ന​മ്മ​ൾ ക​ണ്ടു​ക​ഴി​ഞ്ഞു. പാ​റ്റ​ക​ളാ​യി മാ​റി​യ ജെ​ൻ സി ​സ​മ​ര​മു​റ അ​ധി​കാ​ര​ത്തി​ന്‍റെ കോ​ട്ട​കൊ​ത്ത​ള​ങ്ങ​ളെ വി​റ​പ്പി​ച്ചു. അ​വി​ടെ​യും പ​രീ​ക്ഷാ​ത്ത​ട്ടി​പ്പു ത​ന്ന​യാ​യി​രു​ന്നു വി​ഷ​യം. അ​ധി​കാ​ര​ത്തി​ന്‍റെ മ​റ​വി​ൽ എ​ല്ലാ​വ​രെ​യും എ​ല്ലാ​ക്കാ​ല​ത്തും ഒ​രു​പോ​ലെ പ​റ്റി​ക്കാ​മെ​ന്ന ഇ​ന്ത്യ​ൻ രാ​ഷ്‌​ട്രീ​യ​ക്കാ​രു​ടെ ഹു​ങ്കാ​ണ് ജ​ന്ത​ർ മ​ന്ത​റി​ലെ സ​മ​ര​ക്കാ​രു​ടെ മു​ന്നി​ൽ മു​ട്ടി​ലി​ഴ​ഞ്ഞ​ത്. അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ക്കു​ന്ന രാ​ഷ്‌​ട്രീ​യ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ക്കാ​ര്യം ഓ​ർ​ത്താ​ൽ അ​വ​ർ​ക്കു ന​ല്ല​ത്.

പി​എ​സ്‌​സി​യു​ടെ റാ​ങ്ക്‌​ലി​സ്റ്റ് അ​ട്ടി​മ​റി​ക്കേ​സി​ൽ കു​റ്റ​മ​റ്റ​തും സു​താ​ര്യ​വു​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ണം. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ​നി​ന്ന് ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് അ​താ​ണ്. രാ​ഷ്‌​ട്രീ​യ-​ഉ​ദ്യോ​ഗ​സ്ഥ ത​ല​ങ്ങ​ളി​ലു​ള്ള വ​മ്പ​ൻ സ്രാ​വു​ക​ൾ ആ​രാ​യാ​ലും അ​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ന്നേ മ​തി​യാ​കൂ. എ​ങ്കി​ൽ മാ​ത്ര​മേ ത​ക​ർ​ന്ന​ടി​ഞ്ഞ വി​ശ്വാ​സ്യ​ത തി​രി​ച്ചു​പി​ടി​ക്കാ​നാ​കൂ. അ​ർ​ഹ​ത​യു​ള്ള​വ​ന് തൊ​ഴി​ൽ ഉ​റ​പ്പാ​ക്കു​ക എ​ന്ന​തു​ത​ന്നെ​യാ​ണ് നീ​തി​ബോ​ധ​മു​ള്ള സ​ർ​ക്കാ​രി​ന്‍റെ പ്രാ​ഥ​മി​ക ക​ർ​ത്ത​വ്യം.

Tags : DEEPIKA EDITORIAL

Recent News

Corehub Up