Editorial Audio
ലോകത്ത് ആദ്യമായി ഒരു പ്രകൃതിദുരന്തത്തിനു പിന്നാലെ, പതിവില്ലാത്തൊരു പ്രശ്നം ഉയർന്നുവന്നിരിക്കുന്നു. നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിന്റെ കാരണം ആഗോളതാപനമായതിനാൽ, അതിനു കാരണമായ ഹരിതവാതകങ്ങൾ അധികം പുറന്തള്ളുന്ന അമേരിക്കയും ചൈനയും ഇന്ത്യയും നഷ്ടപരിഹാരം നല്കേണ്ടതുണ്ടെന്നാണ് നേപ്പാള് പറഞ്ഞത്. തത്കാലം നടപ്പില്ലാത്ത കാര്യമാണ്.
വ്യാപകനാശം വിതച്ച പ്രളയദുരിതത്തിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിച്ച ഇന്ത്യക്കു നടുക്കമുളവാക്കുന്ന പ്രസ്താവനയാണിത്. പക്ഷേ, ആഗോളതാപനത്തിന്റെ കാലത്ത് ലോകം ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ് ഉയർത്തപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെയാകമാനം സുഖജീവിതത്തിനു ചില മനുഷ്യർമാത്രം വിലകൊടുക്കേണ്ടിവരുന്ന അനീതിയെ നേപ്പാൾ ശ്രദ്ധയിൽപെടുത്തിയിരിക്കുന്നു. പരിസ്ഥിതിനാശത്തിന്റെ വില, കേരളത്തിന്റെ മലയോരവാസികൾ മാത്രം പരിസ്ഥിതിലോല നിരോധന-നിയന്ത്രണങ്ങളുടെ പേരിൽ ഒടുക്കേണ്ടിവരുന്ന അനീതിപോലെ പരിഹരിക്കപ്പെടേണ്ട വിഷയമാണിത്. ആഗോളതാപച്ചൂള കത്തിച്ചവർക്കും പൊള്ളണം.
ഹിമാലയത്തിൽ വൻ ഹിമപാതത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ നേപ്പാളിൽ 1,127 പേർ മരിച്ചു. 3,900ത്തിലധികം ആളുകളെ കണ്ടെത്താനായിട്ടില്ല. ‘ഹിമാലയൻ സുനാമി’ തങ്ങളുടെ കുറ്റംകൊണ്ടു സംഭവിച്ചതല്ല എന്നതാണ് നേപ്പാൾ വാദിക്കുന്നത്. ഇന്ത്യയും ചൈനയും അമേരിക്കയും ഉൾപ്പടെയുള്ളവർ സഹായമല്ല, നഷ്ടപരിഹാരമാണ് നൽകേണ്ടതെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി. “ആഗോളതാപനത്തിനു കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറത്തുവിടുന്ന രാജ്യങ്ങൾക്ക് ധാർമികവും നിയമപരവുമായ ഉത്തരവാദിത്വമുണ്ട്. ഞങ്ങൾ സൃഷ്ടിക്കാത്ത ഒരു ആഗോള പ്രതിസന്ധിയുടെ കനത്ത വിലയായി ജീവനുകൾ ഉൾപ്പടെ ബലി നൽകേണ്ടിവന്നിരിക്കുന്നു.
ആഗോളതാപനത്തിൽ നേപ്പാളിന്റെ പങ്ക് 0.1 ശതമാനത്തിലും താഴെയാണ്. ദുരിതാശ്വാസങ്ങളെ ഭിക്ഷയോ ഔദാര്യമോ ആയിട്ടല്ല. നീതിയും നഷ്ടപരിഹാരവുമായി കാണണം.” വിഷയം ചർച്ചയാക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ ‘ലോസ് ആൻഡ് ഡാമേജ്’ ഫണ്ടിനെ നേപ്പാൾ സമീപിച്ചിരിക്കുകയാണ്. അടുത്തതായി നേപ്പാൾ പ്രധാനമന്ത്രി യുഎൻ പൊതുസഭയെ സമീപിക്കുമെന്നാണ് റിപ്പോർട്ട്.
മുന്പ് പരോക്ഷമായി ഉന്നയിക്കപ്പെട്ടിരുന്ന വിഷയമാണെങ്കിലും പ്രഹസനങ്ങളായി മാറിക്കൊണ്ടിരിക്കുന്ന സമകാലിക ആഗോളതാപന ചർച്ചകളുടെ ദിശ മാറ്റുന്ന പ്രസ്താവനയാണ് നേപ്പാൾ നടത്തിയിരിക്കുന്നത്. ആഗോള കാർബണിന്റെ 45 മുതൽ 48 ശതമാനം വരെ അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് പുറന്തള്ളുന്നതെന്നാണ് നേപ്പാൾ ആരോപിച്ചിരിക്കുന്നത്. എന്നാൽ, ആകെയുള്ള കാർബൺ പുറന്തള്ളലിൽ മുന്നിലാണെങ്കിലും പ്രതിശീർഷ കാർബൺ പുറന്തള്ളലിൽ പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണെന്നതാണ് ഇന്ത്യയുടെ നിലപാട്.
വ്യവസായങ്ങളും ഊർജോത്പാദനമേഖലയും പ്രധാനമായും ആശ്രയിക്കുന്നതു കൽക്കരിയെ ആയതിനാൽ ലോകത്ത് ഏറ്റവുമധികം കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നതു ചൈനയാണ്; 30 ശതമാനം. ലോകജനസംഖ്യയുടെ നാലു ശതമാനം മാത്രമുള്ള അമേരിക്ക, ആകെ കാർബൺ പുറന്തള്ളലിന്റെ ഏകദേശം 13 ശതമാനം നടത്തുന്നുണ്ട്. പക്ഷേ, എല്ലാ മനുഷ്യരുടെയും പരിസ്ഥിതിദ്രോഹത്തിന്റെ ഇരകൾ പർവതങ്ങളിലും താഴ്വരകളിലും കടൽത്തീരങ്ങളിലുമൊക്കെയുള്ള താരതമ്യേന ദരിദ്രരായ മനുഷ്യരാണ്. പക്ഷേ, അധികാരം ദാരിദ്ര്യത്തെ പ്രചാരണോപാധി മാത്രമായി കാണുന്ന സന്പന്നരുടെ കൈയിലാണ്.
കേരളത്തിൽ പരിസ്ഥിതിലോല മേഖല (ഇഎസ്ഐ)യിൽ പെടുത്തിയ 131 വില്ലേജുകളിലെ ലക്ഷക്കണക്കിനു മനുഷ്യരുടെ അവസ്ഥയും ഇതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും കോടതികളും നിർവികാരത പുലർത്തുന്പോൾ എന്തു ചെയ്യണമെന്നറിയാതെ ആയുസത്രയും ഭീതിയിൽ കഴിയാൻ വിധിക്കപ്പെട്ടിരിക്കുകാണ് അവർ. നഗരങ്ങൾക്കുവേണ്ടിയുള്ള ജലസേചന പദ്ധതികളും അണക്കെട്ടുകളും പവർഹൗസുകളുമെല്ലാം മലയോരവാസികളുടെ അക്കൗണ്ടിൽ ചേർത്തിട്ടുണ്ട്. ഭരണാധികാരികളും നിയമജ്ഞരും നഗരവാസികളും അനുഭവിക്കുന്നതിന്റെ ഒരംശം സുഖജീവിതം വിധിച്ചിട്ടില്ലാത്ത മനുഷ്യർ എല്ലാത്തിന്റെയും ഉത്തരവാദികളായി മാറുന്നു.
നേപ്പാളിന്റെ അവകാശവാദം അവർക്കു സഹായവുമായി ഓടിയെത്തിയ ഇന്ത്യയെ വേദനിപ്പിക്കുന്നതാണ്. പക്ഷേ, ആഗോളതാപനത്തിന്റെ ഇരകളായ കേരളത്തിലേത് ഉൾപ്പടെയുള്ള എല്ലാ മനുഷ്യർക്കുംവേണ്ടി അതു വിലയിരുത്തപ്പെടണം. അന്തർദേശീയ ബന്ധങ്ങളെ ബാധിക്കുന്നതു മാത്രമല്ല, ആഭ്യന്തര നിലവിളികളെ പ്രതിഫലിപ്പിക്കുന്നതുമാണ് ആഗോളതാപനവും പ്രകൃതിദുരന്തങ്ങളുമെന്ന് ഇന്ത്യയും തിരിച്ചറിയണം. നേപ്പാളിനുമുന്പ്, കേരളത്തിലുൾപ്പടെയുള്ള പരിസ്ഥിതിലോല തടവുകാർക്കു നഷ്ടപരിഹാരം കൊടുക്കണം.
Tags : DEEPIKA EDITORIAL Nepal