Editorial Audio
വിളനാശം സംഭവിക്കുമ്പോൾ കർഷകർക്ക് താങ്ങാകാനാണ് വിള ഇൻഷ്വറൻസ്, പ്രകൃതിക്ഷോഭ ദുരിതാശ്വാസം തുടങ്ങിയ പദ്ധതികൾ. ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ കർഷകർക്ക് തുണയാകുന്നതാണ് ഈ പദ്ധതികളെന്നതിന് സംശയമില്ല. എന്നാൽ, പതിവു കെടുകാര്യസ്ഥതയും ചുവപ്പുനാടകളും കാരണം കർഷകർക്ക് ഈ പദ്ധതിയുടെയൊന്നും യഥാർഥ ഗുണം കിട്ടുന്നില്ലെന്നതാണ് വസ്തുത.
ഏറെ ക്ലേശം സഹിച്ച് വിളവെടുക്കുന്ന കർഷകർ ന്യായമായ വില കിട്ടാൻ പെടുന്ന പെടാപ്പാടുകൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ഓരോ സീസണിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ അടുത്ത തവണ ശരിയാക്കാം എന്നു പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. നെൽകർഷകരുടെ പ്രശ്നങ്ങൾ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സംഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നേയില്ല. വനമേഖലകളിൽ കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിന് ശമനമില്ല. വനത്തിൽനിന്നകലെയുള്ള പ്രദേശങ്ങളിൽപോലും കാട്ടുപന്നിയും കുരങ്ങുമൊക്കെ നിർബാധം വിഹരിക്കുന്നു. കാട്ടാനയും കടുവയും മനുഷ്യരെ കൊന്നുകൊണ്ടിരിക്കുന്നു. ഒന്നിനും ഒരു മാറ്റവുമില്ല. കർഷകരുടെ മുറവിളികൾ ബധിര കർണങ്ങളിൽ ഒരു ചലനവും സൃഷ്ടിക്കാതെ ഒടുങ്ങുന്നു. അതിനിടയിൽ തെരഞ്ഞെടുപ്പുകൾ വരുന്നുണ്ട്. മന്ത്രിസഭകൾ മാറുന്നുണ്ട്. നൽകുന്ന വാഗ്ദാനങ്ങൾക്കു കീഴിലെ ഒപ്പുകൾ മാറുന്നുണ്ട്. പക്ഷേ, യഥാർഥ അവസ്ഥയ്ക്കു മാത്രം മാറ്റമൊന്നുമില്ല.
കേരളത്തിലെ വിള ഇൻഷ്വറൻസ്, പ്രകൃതിക്ഷോഭ ദുരിതാശ്വാസ കുടിശികയെക്കുറിച്ചുള്ള വിവരങ്ങൾ ആരെയും അസ്വസ്ഥരാക്കുന്നതാണ്. ഇരുപദ്ധതികളിലുമായി കർഷകർക്ക് മൊത്തം നൽകാനുള്ളത് 133 കോടി രൂപയാണ്. 2025 മേയ് മുതലുള്ള അപേക്ഷകളിലെ കുടിശികയാണിതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഏറെ പ്രതീക്ഷകളോടെയാണ് കർഷകർ പ്രീമിയമടച്ച് സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ ചേർന്നത്. ഇവരിൽ 14,971 കർഷകർക്കാണ് തുക കിട്ടാനുള്ളത്. ഇവർക്കു കിട്ടാനുള്ള 43.22 കോടി രൂപ കഴിഞ്ഞ മാസംവരെ കുടിശികയാണ്. 2025 മേയ് നാലു മുതലുള്ള അപേക്ഷകളിലെ തുക ഇനിയും വിതരണം ചെയ്തിട്ടില്ലെന്നാണ് സർക്കാർതന്നെ അറിയിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലെ കർഷകർക്കാണ് വിള ഇൻഷ്വറൻസ് ആനുകൂല്യത്തിൽ കൂടുതൽ കിട്ടാനുള്ളത്. 12.72 കോടി രൂപയാണ് അവരുടെ വിഹിതം. കോഴിക്കോട് ജില്ലയിൽ 6.45കോടി രൂപയും വയനാട് ജില്ലയിൽ 5.42 കോടിയും തിരുവനന്തപുരം ജില്ലയിൽ 4.94 കോടി രൂപയും മുടങ്ങിക്കിടക്കുന്നു.
വിള നശിക്കുമ്പോൾ കർഷകനുണ്ടാകുന്ന ആഘാതം വളരെ വലുതാണ്. ഇതുപോലുള്ള സമാശ്വാസ പദ്ധതികൾ അനിശ്ചിതമായി മുടങ്ങുമ്പോൾ അവരുടെ ജീവിതം തികച്ചും വഴിമുട്ടുന്നു. ഇത്തരം സാഹചര്യങ്ങളാണ് കൃഷി ഉപേക്ഷിക്കാനും ജീവനൊടുക്കാനുംവരെ കർഷകരെ പ്രേരിപ്പിക്കുന്നത്. കാരണം, സാമ്പത്തിക പ്രതിസന്ധിയായാലും സംവിധാനങ്ങളുടെ മെല്ലെപ്പോക്കായാലും സർക്കാരിന്റെ കെടുകാര്യസ്ഥതയായേ വിലയിരുത്താനാകൂ. വയനാട്ടിൽ നടന്ന കാപ്പിദിനാഘോഷം ഉദ്ഘാടനം ചെയ്ത കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞത് വിള ഇൻഷ്വറൻസ് കുടിശിക തീർപ്പാക്കാൻ ആറു കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നാണ്. തുക വിതരണത്തിനുള്ള നടപടികളെല്ലാം പൂർത്തിയായെന്നും മന്ത്രി അവകാശപ്പെട്ടു. പ്രകൃതിക്ഷോഭത്തിൽ കാർഷികവിളകൾക്ക് സംഭവിച്ച നാശത്തിനുള്ള സഹായധനം ഈ മാസം അവസാനത്തോടെ നൽകുമെന്ന ഉറപ്പും മന്ത്രി നൽകി.
കണക്കുകൾ നോക്കുമ്പോൾ, വിള ഇൻഷ്വറൻസ് കുടിശിക തീർക്കാൻ മന്ത്രി പ്രഖ്യാപിച്ച ആറുകോടി രൂപ എങ്ങുമെത്തില്ലെന്നു കാണാം. പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന് അർഹതയുള്ള 1,52, 665 കർഷകർക്ക് 2021 ഒക്ടോബർ മുതലുള്ള ആനുകൂല്യം കിട്ടാനുണ്ടെന്ന സത്യവും തിരിച്ചറിയണം. ഈയിനത്തിൽ കഴിഞ്ഞ മാസം വരെയുള്ള കുടിശിക 90.81 കോടി രൂപയാണ്. ഈ മാസംതന്നെ ഇതു കൊടുത്തുതീർക്കുമെന്ന മന്ത്രിയുടെ വാക്കുകൾ ഏറ്റവും വലിയ ശുഭാപ്തിവിശ്വാസിക്കുപോലും വെള്ളം കൂട്ടാതെ വിഴുങ്ങാനാകില്ല. ഉരുൾപൊട്ടൽ എല്ലാം തകർത്ത വയനാട്ടുകാർക്കാണ് പ്രകൃതിക്ഷോഭ ദുരിതാശ്വാസ തുക ഏറ്റവും കൂടുതൽ കിട്ടാനുള്ളത്.
പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും കേൾക്കുമ്പോൾ കൈയടിച്ച് തളർന്നവരാണ് കർഷകർ. ദുരിതത്തിൽനിന്ന് കൈപിടിച്ചുയർത്തുന്ന യഥാർഥ ആക്ഷനാണ് അവർക്കിപ്പോൾ വേണ്ടത്. ഇതുവരെ 27 വിളകൾക്കായിരുന്നു ഇൻഷ്വറൻസ് പരിരക്ഷണം. അത് 13 വിളകൾക്കുകൂടി ബാധകമാക്കിയത് മാർച്ചിലാണ്. നല്ല കാര്യം. പക്ഷേ, ഇൻഷ്വറൻസ് തുക യഥാസമയം കിട്ടാതെ കർഷകരെങ്ങനെ തകർച്ചയിൽനിന്ന് കരകയറും എന്നതുകൂടി ഭരിക്കുന്നവരും ബന്ധപ്പെട്ടവരും വിശദീകരിക്കണം.
സ്വന്തമായി ആഹാരവും ഇന്ധനവും ഉത്പാദിപ്പിക്കുകയും സ്വന്തം വീട് നിർമിക്കുകയും ചെയ്യുന്ന കർഷകരാണ് ഈ ലോകത്തിലെ ഏറ്റവും ഉത്പാദനക്ഷമതയുള്ളവരും സ്വതന്ത്രരും സന്തുഷ്ടരുമായ മനുഷ്യരെന്ന് പറഞ്ഞത് ഗാന്ധിജിയാണ്. ഗാന്ധിജി സ്വപ്നം കണ്ട സന്തുഷ്ടരായ കർഷകരുടെ അവസ്ഥ ഇപ്പോൾ എങ്ങനെയാണ് എന്നതാണ് ഏറ്റവും ദുഃഖകരം. അദ്ദേഹം ഒരു കാര്യം കൂടി ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. കർഷകർ തങ്ങളുടെ അഹിംസാത്മകമായ ശക്തി തിരിച്ചറിഞ്ഞാൽ അവർക്കു മുന്നിൽ നിൽക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നതാണത്. ഭരണാധികാരികളുടെ നിസംഗതയും ഉഴുതുമറിക്കേണ്ട അധികഭാരമാണ് ഇപ്പോൾ കർഷകരുടെ ചുമലിൽ.
Tags : DEEPIKA EDITORIAL