Editorial Audio
നമ്മൾ മലയാളികൾക്ക് ഒരു സ്ഥിരമേൽവിലാസമുണ്ടായിട്ട് 70 വർഷം! ഏഴു പതിറ്റാണ്ടിനിടെ ആ വിലാസത്തിലെത്തിയ ദേശീയ-അന്തർദേശീയ അംഗീകാരങ്ങളുടെ തപാലുകളിൽ മുദ്രകൾ മാറിമാറി വന്നു. ഉയർന്ന സാക്ഷരത, മികച്ച ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ, ഉയർന്ന ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക്, കുറഞ്ഞ മാതൃമരണ നിരക്ക്, സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ മുന്നേറ്റം, വർഗീയവിരുദ്ധത...! നാം മുന്നിലാണ്. അഭിമാനിക്കാനേറെയുണ്ട്. പ്രത്യേകിച്ചും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ. പക്ഷേ, അതു പോരാ. നമ്മുടെ മേൽവിലാസത്തിലേക്ക് മറ്റു ചിലതുകൂടി വന്നുകഴിഞ്ഞു.
യുവാക്കൾക്കു മികച്ച പഠനത്തിനും തൊഴിലിനും ജീവിതനിലവാരത്തിനുമുള്ള വിദേശവീസകൾ, വന്യജീവി-തെരുവുനായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ മരണ സർട്ടിഫിക്കറ്റുകൾ, കൃഷി ചെയ്തു മുടിഞ്ഞ കർഷകർക്കുള്ള ജപ്തി നോട്ടീസുകൾ, ഇത്തിരി ഭൂമിക്കുവേണ്ടിയുള്ള ദളിതരുടെ നിലവിളികൾ, ആദിവാസിക്കുട്ടികളുടെ മരവിച്ച ശരീരങ്ങൾ, ഭരണകർത്താക്കൾക്കും അന്തഃപുരവാസികൾക്കും വിശ്വസനീയമായ മറുപടിയില്ലാത്ത അഴിമതിക്കേസുകൾ, പിൻവാതിൽ നിയമനക്കത്തുകൾ... ഭരണകൂടങ്ങൾ കൈപ്പറ്റാൻ മടിച്ച മുന്നറിയിപ്പു കത്തുകൾ-പലതും കെട്ടിക്കിടക്കുന്നു. അടുത്ത കേരളപ്പിറവിക്കു മുന്പെങ്കിലും അവയൊന്നു തുറന്നുനോക്കിയാലും.കൗതുകകരമായ ഒരു നിരീക്ഷണം നടത്താം. മാധ്യമങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തെക്കുറിച്ചെഴുതുന്ന പ്രതീക്ഷകൾക്ക് ഒരു മാറ്റവുമില്ല. അവയൊന്നും നടപ്പാക്കാത്തതുകൊണ്ടാണ് വീണ്ടും വീണ്ടുമെഴുതേണ്ടിവരുന്നത്. ഒന്നാം നന്പർ, ഒന്നാം നന്പർ എന്ന് ആത്മകവിതകളെഴുതിക്കൊണ്ടിരിക്കുന്നവരുടെ കൺമുന്നിലൂടെയാണ് നമ്മുടെ യുവാക്കൾ തീവണ്ടികളിലും വിമാനങ്ങളിലും കയറി ‘രക്ഷപ്പെടുന്നത്’. കരിക്കുലത്തിലെ കറയൊന്നും ഭരണകൂടങ്ങൾ കാലത്തിനൊത്തു കഴുകിക്കളഞ്ഞില്ല.
രാഷ്ട്രീയക്കാരുടെ സിൻഡിക്കറ്റ്-സെനറ്റ് പ്രതിഷ്ഠയും അധ്യാപക-കുട്ടിരാഷ്ട്രീയക്കാരുടെ തോന്ന്യാസങ്ങളും കാന്പസുകളെ ലക്ഷ്യങ്ങളിൽനിന്നകറ്റി. അക്രമരാഷ്ട്രീയത്തെ വിദ്യാർഥിരാഷ്ട്രീയമെന്നു തെറ്റിദ്ധരിപ്പിച്ചു. മനംമടുത്തവർ നാടുവിട്ടു. അനൗദ്യോഗിക കണക്കുകൾ പ്രകാരം പ്രതിവർഷം 35,000ലധികം വിദ്യാർഥികളാണ് കേരളത്തിൽനിന്ന് ഉന്നതപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകുന്നത്. അതായത്, കഴിഞ്ഞവർഷം ഇവിടെ കേരളപ്പിറവി ആഘോഷിച്ച 35,000 പേർ പരോക്ഷമായി പറഞ്ഞാൽ കേരളത്തെ ഉപേക്ഷിച്ചു. പഠനം കഴിഞ്ഞാലും വരില്ല.
കർഷകർ കൃഷിയിടങ്ങൾ വിട്ടു. 1970-71 കാലഘട്ടത്തിൽ കേരളത്തിൽ 8.8 ലക്ഷം ഹെക്ടർ സ്ഥലത്ത് നെൽകൃഷി ഉണ്ടായിരുന്നത് 2024-25 കാലയളവിലേക്ക് എത്തിയപ്പോൾ വെറും 1.76 ലക്ഷം ഹെക്ടറായി ചുരുങ്ങി. റബർ, തെങ്ങ്, പച്ചക്കറി, ഔഷധസസ്യങ്ങൾ, തോട്ടവിളകൾ തുടങ്ങിയവയുടെ കൃഷിവിസ്തൃതിയും ഓരോ വർഷവും കുറയുകയാണ്. ക്ഷീരകർഷകർ നിവൃത്തിയില്ലാത്തതുകൊണ്ടു മാത്രം കാലിത്തൊഴുത്തുകളിൽ ജീവിതം തളയ്ക്കുന്നു. മക്കളെ കൃഷിക്കാരാക്കാൻ, നഷ്ടം മാത്രം കൊയ്ത കർഷകർ തയാറല്ല.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കുടിയേറ്റ കർഷകരെയും ആദിവാസികളെയും വന്യജീവികൾക്കു ബലി കൊടുക്കുന്നു. വനംവകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, 2025-26 സാമ്പത്തികവർഷത്തിൽ കേരളത്തിൽ വന്യജീവി ആക്രമണം മൂലം 43 പേർ കൊല്ലപ്പെട്ടു. വന്യജീവികളും വനംവകുപ്പുകാരും കേരളം ഇനിയും കണക്കെടുക്കാത്തൊരു കുടിയിറക്കത്തിന്റെ പണിപ്പുരയിലാണ്. ഭരണാധികാരികൾ അറിയുന്നുപോലുമില്ല. കാലഹരണപ്പെട്ടതും അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതുമായ വന്യജീവി സംരക്ഷണ നിയമത്തിനു മുകളിൽ അടയിരിക്കുന്ന കേന്ദ്രം ഒന്നാം പ്രതിയാണ്. കൊല്ലപ്പെടുന്നവർ അവരുടെ ആരുമല്ല! അവരെ പഴി പറഞ്ഞ് കേരളവും ഒളിച്ചുകളിക്കുന്നു.
കേരളപ്പിറവിക്കുശേഷം ഇന്നോളം ദളിതർ സമരഭൂമിയിൽനിന്നു കയറിപ്പോയിട്ടില്ല. 2025 ഫെബ്രുവരിയിലെ നിയമസഭാ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഭൂരഹിതരും ഭവനരഹിതരുമായി 73,687 പട്ടികജാതി കുടുംബങ്ങൾ ഉണ്ടെന്ന് പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആദിവാസികളെക്കുറിച്ചു പറയുന്നത് വനത്തിന്റെ അവകാശികളാണെന്നാണ്. നുണയെ അലങ്കാരമാക്കിയിരിക്കുകയാണ്. സത്യത്തിൽ അവർക്ക് അവകാശമായി ഒന്നുമില്ല. പട്ടിണിമരണത്തിന്റെ ഊരുകളെ ‘ഉന്നതി’യാക്കുന്ന ഒളിച്ചുകളികൾ ഉഷാറാണ്.
ഇന്നീ കേരളപ്പിറവിദിനത്തിൽ മാത്രം തെരുവിൽ പിറക്കുന്നുണ്ട് നൂറുകണക്കിന് നായകൾ. സ്കൂളുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ ഉൾപ്പടെ എല്ലാ പൊതുവിടങ്ങളിൽനിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും അക്രമകാരികളായവയെ ദയാവധം നടത്തണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ട്, ആറു മാസമാകുകയാണ്. തദ്ദേശ സ്ഥാപനങ്ങളിലും സംസ്ഥാനത്തും ഭരണമാറ്റമുണ്ടായി. പക്ഷേ, കെടുകാര്യസ്ഥത തെരുവിൽത്തന്നെ മനുഷ്യരെ കടിച്ചുകുടയുകയാണ്.
അടിസ്ഥാന തകർച്ചകളിൽ കേരളത്തിന്റെ മിനുക്കാത്ത മുഖവുമുണ്ട്. വീടുകളിൽനിന്നു ഹരിതകർമസേന പ്ലാസ്റ്റിക് പെറുക്കുന്നുണ്ട്. മാലിന്യമലയുടെ ഒരറ്റം പോലും നീക്കുന്നില്ലെന്നതാണ് യാഥാർഥ്യം. ആളൊഴിഞ്ഞ പറന്പുകളിലും പുറന്പോക്കുകളിലും ജലാശയങ്ങളിലുമൊക്കെ താഴ്ത്തുന്ന മരണം അധികാരികളറിയുന്നില്ല. വിനോദസഞ്ചാരകേന്ദ്രങ്ങളായ മലയോരങ്ങളിലും പുഴകളിലും നിരത്തുകളിലുമൊക്കെ മാലിന്യം കുമിഞ്ഞുകൂടുകയാണ്. ഗതികെട്ട യാത്രക്കാർ മാത്രമാണ് സർക്കാർ വിലാസം ശുചിമുറികളിൽ കയറുന്നത്.
കേരളത്തെ തളച്ചിട്ടിരിക്കുന്ന അടിസ്ഥാനപരമായ വിഷയങ്ങളിൽ ചിലതു മാത്രമാണ് കുറിച്ചത്. അഭ്യർഥിക്കുകയാണ്, അടുത്ത കേരളപ്പിറവിക്ക് മുന്പ് എന്തെങ്കിലും ചെയ്യാനാകുമോ, ഈ പുത്തൻ സർക്കാരിന്? ഒപ്പം, സമൂഹമാധ്യമങ്ങളിൽ വേരുകളാഴ്ത്തി നമ്മുടെ മതേതര സംസ്കാരത്തിനുമേൽ ചാഞ്ഞിരിക്കുന്ന വർഗീയ വിഷവൃക്ഷങ്ങളെ വെട്ടിനീക്കുമോ? വർഗീയവാദികൾക്കും വിദ്വേഷപ്രസംഗകർക്കും കേൾവിക്കാരെ കിട്ടാത്ത... കേരളം പിറക്കേണ്ടിയിരിക്കുന്നു.
നവകേരളത്തിനായി ജാതി-മത-പാർട്ടി ഭേദമില്ലാതെ കൈകോർക്കാൻ ഈ ജനതയെ ഒരുക്കാൻ ഇച്ഛാശക്തിയുള്ള ഭരണനേതൃത്വം ഉണ്ടാകട്ടെ. അല്ലാതിങ്ങനെ മംഗളഗാനം പാടി പിരിഞ്ഞിട്ടെന്തു കാര്യം!