Editorial Audio
വിനിയോഗ രേഖകളില്ലാതെയും തെറ്റായ വർഗീകരണം നടത്തിയും കേന്ദ്രം 54,282.32 കോടി രൂപ ചെലവഴിച്ചെന്ന സിഎജി (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ) റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. സുതാര്യമായ അന്വേഷണം നടത്തി ഉത്തരവാദികളെ ശിക്ഷിക്കണം.
അല്ലാതെ, അണിയറയിൽ ഒരുങ്ങുന്ന ‘എഫ്സിആർഎ കണ്ടുകെട്ടൽ വിറ്റഴിക്കൽ മേള’ ശൈലിയിൽ, ബന്ധപ്പെട്ട 15 മന്ത്രാലയങ്ങളുടെ ആസ്തിവകകൾ കണ്ടുകെട്ടുകയോ വിറ്റഴിക്കുകയോ ചെയ്യണമെന്ന് തലയ്ക്കു വെളിവുള്ളവരാരും പറയില്ല. ലോകത്തൊരിടത്തും കേട്ടുകേൾവിയില്ലാത്തത്ര വിചിത്രമായ എഫ്സിആർഎയുടെ ആരാധകരോ സ്വയംപ്രഖ്യാപിത വക്താക്കളോ അത്തരമൊരു ആവശ്യം ഉന്നയിക്കാനുമിടയില്ല.
പക്ഷേ, സർക്കാർ റിപ്പോർട്ട് ഗൗരവത്തിലെടുക്കണം. പ്രത്യേകിച്ചും 2ജി സ്പെക്ട്രം അഴിമതിയെന്ന സിഎജി റിപ്പോർട്ട് (ആ നഷ്ടക്കണക്ക് വെറും ഊഹമായിരുന്നെന്ന പരാമർശത്തോടെ 2017ൽ കോടതി തള്ളി) അധികാരത്തിലെത്താൻ നന്നായി ഉപയോഗിച്ചവരെന്ന നിലയിൽ.
2024-25 സാന്പത്തികവർഷത്തെ സർക്കാർ കണക്കുകളെക്കുറിച്ച് സിഎജി പാർലമെന്റിൽ വച്ച റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. 54,282.32 കോടി രൂപയുടെ കൃത്യമായ കണക്കും വിനിയോഗ സർട്ടിഫിക്കറ്റുകളും 15 മന്ത്രാലയങ്ങളോ ബന്ധപ്പെട്ട വകുപ്പുകളോ ഹാജരാക്കിയിട്ടില്ല.
2025 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച്, മേൽപറഞ്ഞ തുകയുടെ 33,973 സർട്ടിഫിക്കറ്റുകളാണ് ഹാജരാക്കാനുള്ളത്. 38,287.52 കോടി രൂപ മൂന്ന് വർഷങ്ങളിൽ (2021-22 മുതൽ 2023-24 വരെ) അനുവദിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട 13,926 സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടില്ല. ഇത് പൊതുസാമ്പത്തിക ചട്ടങ്ങളിലെ 238(1), (2) വകുപ്പുകളുടെ ലംഘനമാണ്.
12,754.47 കോടി രൂപയുടെ കണക്കുകൾ തെറ്റായ വർഗീകരണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ലെവി, സെസ് ഇനങ്ങളിൽ പിരിച്ച 9,222 കോടി രൂപ ബന്ധപ്പെട്ട പദ്ധതികൾക്ക് പൂർണമായി കൈമാറിയിട്ടുമില്ല. അതേസമയം, ഫണ്ടുകൾ വകമാറ്റി ചെലവഴിച്ചിട്ടുമുണ്ട്. ബിജെപി സർക്കാർ നടപ്പാക്കാനിരിക്കുന്ന എഫ്സിആർഎ ബിൽ അനുസരിച്ചാണെങ്കിൽ ചെറിയ തുകപോലും വകമാറ്റുന്ന ജീവകാരുണ്യസംഘടനകൾക്ക് പിന്നെ നിലനിൽക്കാൻ അവകാശമില്ല.
സ്വത്തെല്ലാം കണ്ടുകെട്ടാനും വകുപ്പുണ്ട്. സന്ദർഭവശാൽ സൂചിപ്പിച്ചെന്നേയുള്ളൂ. അല്ലാതെ, ഒരു തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തുന്നതിനു പകരം ജനങ്ങളെ സേവിച്ചുകൊണ്ടിരിക്കുന്ന സർക്കാർ വകുപ്പുകളെല്ലാം പൂട്ടണമെന്നു പറയാനാകില്ലല്ലോ.സർക്കാർ ഫണ്ട് എന്തിനാണോ അനുവദിച്ചത് അതിനുവേണ്ടിത്തന്നെ വിനിയോഗിച്ചെന്ന് ഉറപ്പാക്കാനുള്ള സംവിധാനമാണ് വിനിയോഗ സർട്ടിഫിക്കറ്റ്.
അത്തരം 33,973 സർട്ടിഫിക്കറ്റുകൾ ആണ് ഹാജരാക്കാനുള്ളത്. എഫ്സിആർഎ ബില്ലിലെ ഗൂഢവകുപ്പുകൾ ചൂണ്ടിക്കാണിച്ചവരോട് മടിയിൽ കനമില്ലാത്തവർ പേടിക്കേണ്ടെന്നും ക്രൈസ്തവസഭകളുടെ കൊള്ള അവസാനിപ്പിക്കാൻ സമയമായെന്നും ഫണ്ട് വകമാറ്റി ചെലവഴിച്ചവർ അഴിമതിക്കാരും ദേശദ്രോഹികളുമാണെന്നുമൊക്കെ ക്ലാസെടുത്തുകൊണ്ടിരിക്കുന്ന ‘അഴിമതി വിരുദ്ധ നിഷ്കളങ്ക’രുടെ കൺമുന്നിലാണ് ഈ റിപ്പോർട്ട് പൊട്ടിവീണിരിക്കുന്നത്.
അതെന്തെങ്കിലുമാകട്ടെ; സർക്കാർ സുതാര്യമായ അന്വേഷണത്തിനു തയാറാകണം. അന്പത്തയ്യായിരത്തിൽപ്പരം കോടിയെന്നൊക്കെ പറഞ്ഞാൽ, ഒരു നികുതിയിളവിനും യോഗ്യരല്ലാത്ത ഈ രാജ്യത്തെ പാവപ്പെട്ടവർക്കു വലിയ കാര്യമാണ്. മാത്രമല്ല, സിഎജി റിപ്പോർട്ടിന്റെയൊക്കെ പ്രാധാന്യം സർക്കാരിന് അറിയാവുന്നതാണല്ലോ.
അടിസ്ഥാനമില്ലെന്നു പിന്നീട് കോടതി വിധിച്ച ഒരു സിഎജി റിപ്പോർട്ടായിരുന്നല്ലോ യുപിഎ സർക്കാരിനെതിരേ 2014ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ പ്രചാരണായുധം. 1.76 ലക്ഷം കോടി രൂപയുടെ 2ജി സ്പെക്ട്രം അഴിമതിക്കേസിൽ നഷ്ടമെന്ന് ആരോപിച്ചത്, കിട്ടാനിടയുണ്ടായിരുന്ന ലാഭം നഷ്ടമായി എന്ന അടിസ്ഥാനത്തിലായിരുന്നു.
2017 ഡിസംബറിൽ സിബിഐ പ്രത്യേക കോടതി തെളിവുകളുടെ അഭാവത്തിൽ എ. രാജ, കനിമൊഴി എന്നിവരുൾപ്പെടെ എല്ലാ പ്രതികളെയും വെറുതെവിടുകയായിരുന്നു. പക്ഷേ, എൻഡിഎ അപ്പോഴേക്കും കേന്ദ്രത്തിൽ അധികാരത്തിലെത്തിയിരുന്നു.
ഇപ്പോഴത്തെ സിഎജി റിപ്പോർട്ടും അഴിമതിയല്ലെന്നു തെളിയിക്കാനുള്ള അന്വേഷണം ഉണ്ടാകണം. അഴിമതിയാണെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും ഭാവിയിലെ പണമിടപാടുകൾ സുതാര്യമാകാനുള്ള നടപടിയെടുക്കുകയും വേണം. അല്ലാതെ, ഭവന-നഗരകാര്യ മന്ത്രാലയങ്ങളും ഉന്നതവിദ്യാഭ്യാസ വകുപ്പുമൊക്കെ കണ്ടുകെട്ടി നിർത്തലാക്കാനാകില്ലല്ലോ.
വിദേശഫണ്ട് മാത്രമല്ല, ജനങ്ങളുടെ നികുതിപ്പണവും കൈകാര്യം ചെയ്യുന്നവർക്കു തന്നിഷ്ടംപോലെ ചെലവാക്കാനുള്ളതല്ലല്ലോ. സുതാര്യതയെന്നത് ശത്രുസംഹാരത്തിന്റെ ചെല്ലപ്പേരാകരുത്.
Tags : EDITORIAL