Editorial Audio
ഇന്ത്യൻ രാഷ്ട്രീയം, ഒരു തെരഞ്ഞെടുപ്പുവിജയാഘോഷത്തിൽ തെളിയണമെന്നില്ല. പക്ഷേ, പല തെരഞ്ഞെടുപ്പുകളെ ചേർത്തുവച്ചാൽ ജയപരാജയങ്ങൾക്കപ്പുറത്ത് ഭാവിയുടെ ചില സൂചനകൾ കാണാം. അതിൽ രണ്ടെണ്ണം ശ്രദ്ധേയമാണ്. ഒന്ന്, എല്ലാ പാർട്ടികളിലും പല വീര്യത്തിലെങ്കിലും ഏകാധിപതികൾ വർധിക്കുന്നു.
രണ്ട്, രാഷ്ട്രീയാവശ്യത്തിന് മനസുകളിലേക്കു കുത്തിവച്ച വർഗീയത പൊതു-സ്വകാര്യ സിരകളിലേക്കും വ്യാപിച്ചിരിക്കുന്നു. രണ്ടും ജനാധിപത്യ-മതേതര ഭരണഘടനയ്ക്കു കീഴിൽ സംഭവിക്കാൻ പാടില്ലാത്തതാണ്. അന്ധരാക്കപ്പെട്ട പാർട്ടി വിധേയരും വിവിധ മതങ്ങളിലെ വർഗീയവാദികളും ഇതു സമ്മതിക്കില്ല.
പക്ഷേ, വിജയികളെ തീരുമാനിക്കുന്ന നിഷ്പക്ഷ വോട്ടർമാർ അറിയണം; ഇത്തരം ഗുണ്ടാരാജുകളിൽ തങ്ങളുടെ മക്കളുടെ ജീവിതവും ക്ലേശകരമായിരിക്കുമെന്ന്. ഇവിടെ ആൾദൈവങ്ങൾ വേണ്ട. തികഞ്ഞ ഏകാധിപതികളെക്കുറിച്ചല്ല, ഇവിടെ പറയുന്നത്. മേയ് നാലിന് അധികാരം നഷ്ടമായ പിണറായി വിജയൻ, മമത ബാനർജി എന്നിവർ മാത്രമല്ല, ആം ആദ്മി പാർട്ടി തലവൻ അരവിന്ദ് കേജരിവാൾ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ പലരും താൻപോരിമയുടെ ഉദാഹരണങ്ങളാണ്.
ജനാധിപത്യത്തിൽ ഇതു ചർച്ച ചെയ്യപ്പെടണം. ഇത്തരക്കാരെ, കർശനക്കാരായ രാഷ്ട്രീയക്കാരായതുകൊണ്ടാണെന്നും സ്വഭാവം നല്ലതാണെന്നുമൊക്കെ പറഞ്ഞ് ന്യായീകരിക്കുന്നവർ ഭീരുക്കളായ പാർട്ടി-സാംസ്കാരിക-സാഹിത്യ വിധേയരാണ്. ജനങ്ങൾക്ക് അതിന്റെ ആവശ്യമില്ല. 2011 വരെ മൂന്നര പതിറ്റാണ്ടിന്റെ തുടർഭരണം സിപിഎം പശ്ചിമബംഗാളിൽ നടത്തിയത് ജനക്ഷേമംകൊണ്ടല്ല.
പാർട്ടിയുടെ ഏകാധിപത്യ ഭരണംകൊണ്ടായിരുന്നു. പ്രാദേശിക നേതാക്കൾ നാട്ടുരാജാക്കന്മാരായിരുന്നു. പാർട്ടി ഗ്രാമങ്ങളിൽ പുറത്തുനിന്നെത്തുന്നവർപോലും നിരീക്ഷണവിധേയരായി. എതിർത്ത് വോട്ട് ചെയ്തെന്നു സംശയിക്കുന്നവരുടെ വീടുകൾ ചുട്ടു ചാന്പലാക്കി. നിരവധിപ്പേർ കൊല്ലപ്പെടുകയും ഗ്രാമങ്ങൾ വിട്ടോടുകയും ചെയ്തു.
‘ഗാംഗ്സ്റ്റർ സ്റ്റേറ്റ്: ദ റൈസ് ആൻഡ് ഫാൾ ഓഫ് സിപിഎം ഇൻ വെസ്റ്റ് ബംഗാൾ’ എന്ന പേരിൽ മാധ്യമപ്രവർത്തകനായ സൗർജ്യ ഭൗമിക് രചിച്ച പുസ്തകം, ബംഗാളിൽ 35 വർഷത്തെ ഭരണത്തിനിടെ കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ക്രൂരതകളും അടിച്ചമർത്തലുകളും ബൂത്ത് പിടിത്തവുമൊക്കെ വിവരിക്കുന്നു. എസ്എഫ്ഐ-ഡിവൈഎഫ്ഐ നേതാവായിരുന്ന രജത് ലാഹിരിയുടെ തുറന്നുപറച്ചിലുകളാണ് സൗർജ്യ എഴുതിയത്.
ഒരിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുമണ്ഡലത്തിലും അജയ്യരായിരുന്ന എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും വെറും ഗുണ്ടായിസം വിപ്ലവമാണെന്നു തെറ്റദ്ധരിച്ച കമ്യൂണിസ്റ്റായിരുന്നു രജത് ലാഹിരി. ജ്യോതിബസു-ബുദ്ധദേബ് സർക്കാരുകളിൽ ധനമന്ത്രിയായിരുന്ന അശോക് മിത്രയുടെ ‘എ റെഫ്യൂജീസ് വ്യൂ’ എന്ന പുസ്തകത്തിൽ പാർട്ടി നേതാക്കളുടെ ധാർഷ്ട്യത്തെയും തെറ്റായ നയങ്ങളെയും തുറന്നുകാട്ടിയിരുന്നു.
മറ്റു പല നേതാക്കളും സിപിഎമ്മിന്റെ ഗുണ്ടാരാജിനെ ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ, കമ്യൂണിസം വിമർശനത്തെ സ്വീകരിക്കുന്നില്ല. ആ ധാർഷ്ട്യത്തിലാണ് 2006ൽ സിഗൂരിൽ കാർ ഫാക്ടറിക്കും 2007ൽ നന്ദിഗ്രാമിൽ കെമിക്കൽ ഹബ്ബിനുംവേണ്ടി ആയിരക്കണക്കിനേക്കർ കൃഷിഭൂമി കർഷകരിൽനിന്നു പിടിച്ചെടുക്കാനിറങ്ങിയത്. പാർട്ടി ഗുണ്ടകൾ രണ്ടിടത്തും അഴിഞ്ഞാടി. ഒടുവിൽ മൂന്നര പതിറ്റാണ്ട് സിപിഎം നശിപ്പിച്ച ബംഗാളിൽനിന്ന് മനുഷ്യർ ഇതര സംസ്ഥാനങ്ങളിലേക്ക് പണി തേടിയിറങ്ങി.
2018ൽ സിപിഎം ഭരണം അവസാനിച്ച ത്രിപുരയുടെ കഥയും ഏതാണ്ട് ഇതുപോലെതന്നെ. ബംഗാളിലെ ജനരോഷം മുതലെടുത്താണ് തൃണമൂൽ കോൺഗ്രസ് 2011ൽ അധികാരത്തിലെത്തിയത്. പക്ഷേ, സിപിഎമ്മിന്റെ ഏകാധിപത്യത്തിന്റെ മറ്റൊരു രൂപം മുഖ്യമന്ത്രി മമത ബാനർജിയിൽ തെളിഞ്ഞു. സിപിഎമ്മുകാർ ജീവനുംകൊണ്ടോടി. ലോക്കൽ-ബ്രാഞ്ച്-ഏരിയ കമ്മിറ്റി ഓഫീസുകളിൽ നേതാക്കളില്ലാതായി. പലതും കത്തിച്ചു.
ഗ്രാമങ്ങളിലും നഗരങ്ങളിലും സിപിഎം ഗുണ്ടകൾക്കു പകരം തൃണമൂൽ ഗുണ്ടകളെത്തി. അങ്ങനെ 2026 ആയി. മമതയുടെ ഗുണ്ടായിസം അവസാനിപ്പിച്ച് വ്യവസായവളർച്ചയും സമൃദ്ധിയും വാഗ്ദാനം ചെയ്ത് ബിജെപി അധികാരത്തിലെത്തിയിരിക്കുന്നു. ദരിദ്രരും നിരക്ഷരരുമടങ്ങുന്ന ജനം തങ്ങളെ മറ്റൊരു പരീക്ഷണശാലയിൽ കിടത്തിയിരിക്കുകയാണ്. പക്ഷേ, യുപി, ബിഹാർ ഉൾപ്പെടെ ബിജെപിയുടെ പല സംസ്ഥാനങ്ങളിലും ഈ വികസനമൊന്നും കാണാനില്ല!
ബംഗാളുമായി അത്ര താരതമ്യപ്പെടുത്താനാകില്ലെങ്കിലും കേരളത്തിലും രണ്ടാമൂഴത്തിലെത്തിയതോടെ പാർട്ടി സ്വജനപക്ഷപാതവും അഴിമതിയും ധൂർത്തും ഗുണ്ടായിസവും ഇരട്ടിയാക്കി. എസ്എഫ്ഐയും ഡിവൈഎഫ്ഐയും കാന്പസുകളിൽ ഉൾപ്പെടെ അഴിഞ്ഞാടി. 2017ൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ബിജെപി നേതാക്കളുമായി നടത്തിയ സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് “കടക്കൂ പുറത്ത്’’ എന്നു മുഖ്യമന്ത്രി പറഞ്ഞത്, കേരളം മറന്നിട്ടില്ല.
കോവിഡ്-പ്രളയകാലത്തെ സമയോചിത ഇടപെടലുകളിൽ ആകൃഷ്ടരായവർ 2021ൽ തുടർഭരണം കൊടുത്തെങ്കിലും അദ്ദേഹം ധാർഷ്ട്യത്തിന്റെ ആൾരൂപമായി മാറി. പ്രസംഗകരോടും അവതാരകരോടും മൈക്ക് ഓപ്പറേറ്റർമാരോടും മൈക്കിനോടും വരെ കാണിച്ചിട്ടുള്ള അസഹിഷ്ണുത ജനാധിപത്യവിരുദ്ധമായിരുന്നു. അംഗരക്ഷകൻ പ്രതിപക്ഷത്തെ തല്ലിച്ചതച്ചപ്പോൾ ‘രക്ഷാപ്രവർത്തന’മെന്ന ക്രൂരഫലിതം പറഞ്ഞു. ഒരു മന്ത്രിക്കെതിരേ പ്രതിഷേധിച്ചതു വധശ്രമമാക്കി.
നേതാക്കൾ ഭൃത്യരെപ്പോലെ നിന്നു. “കടക്കു പുറത്ത്” എന്ന് മുഖ്യമന്ത്രി ആക്രോശിക്കുന്പോൾ നിസഹായനായി ഇളിഭ്യച്ചിരിയോടെ നിൽക്കുകയായിരുന്നു അന്നത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി. ഇന്നും അതുതന്നെ സ്ഥിതി. പാർട്ടിക്കാർക്കു തുറന്നു പറയാനാകില്ലെങ്കിലും വോട്ടു ചെയ്യാനായി. അങ്ങനെ പാർട്ടി ദയനീയമായി തോറ്റു.
ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാൾ അഴിമതിക്കും വർഗീയതയ്ക്കുമെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു. പക്ഷേ, മുഖ്യമന്ത്രിയിൽ ഉദ്യോഗസ്ഥർക്കും പാർട്ടിക്കാർക്കും ഒരു രാജാവിനെ കാണേണ്ടിവന്നു. കാര്യമായ ചർച്ചയില്ലാതെ തീരുമാനങ്ങളെടുത്തു. നേതാക്കളുടെ അതൃപ്തി, തത്വങ്ങളുടെ അടിത്തറയൊന്നുമില്ലാതിരുന്ന പാർട്ടിയെ ദുർബലമാക്കി. അവസരം കാത്തിരുന്ന ബിജെപി മുതലെടുത്തു.
യുപിയിലും ആസാമിലുമൊക്കെ അധികാരികൾ ആൾദൈവങ്ങളായി മാറുകയാണ്. തെമ്മാടികളെന്നു യുപി മുഖ്യമന്ത്രിക്കു തോന്നിയവർ പലരും കോടതിയിലെത്താതെ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇത്തരം നേതാക്കൾ ജനാധിപത്യത്തിനു വെല്ലുവിളിയാണ്. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന് പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും ഓർമിപ്പിക്കാൻ ജനങ്ങൾക്കു കിട്ടുന്ന അവസരമാണ് തെരഞ്ഞെടുപ്പുകൾ.
തീരുമാനങ്ങൾ തെറ്റിയെന്നു വരാം. പക്ഷേ, ശരിയെന്നു കരുതുന്ന തീരുമാനമെടുക്കാനുള്ള അവസരം ജനാധിപത്യത്തിലേ ഉള്ളൂ. “രാജ്യത്തോട് എപ്പോഴും കൂറുള്ളവരായിരിക്കുക. പക്ഷേ, സർക്കാരുകളോടുള്ള കൂറ് അതർഹിക്കുന്പോൾ മതി.’’ മാർക് ട്വയിൻ എഴുതിയത് ഇന്ത്യക്കും വായിക്കാം. തങ്ങളോടുള്ള കൂറാണ് രാജ്യത്തോടുള്ള കൂറെന്ന വ്യാഖ്യാനം ഏകാധിപതികളുടെയും വർഗീയവാദികളുടെയുമാണ്.
ജനാധിപത്യം നേരിടുന്ന ഏകാധിപത്യ ഭീഷണിയെക്കുറിച്ചാണ് ഇവിടെ പറഞ്ഞത്. സാരമില്ലെന്നു കരുതി ജനാധിപത്യയാനം അവഗണിക്കുന്നതും തൊട്ടടുത്തെത്തിയതുമായ മഞ്ഞുമലയാണത്.
Tags : EDITORIAL