തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് റിസൾട്ട് 29ന് രാവിലെ 11 മുതൽ പ്രവേശനം സാധ്യമാകുന്ന വിധം പ്രസിദ്ധീകരിക്കും. പ്രവേശനം 29ന് രാവിലെ 11 മുതൽ ജൂലൈ മൂന്നിന് വൈകുന്നേരം അഞ്ചുവരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Third Allot Results ലിങ്കിലൂടെ ലഭിക്കും.
അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Third Allot Results എന്ന ലിങ്കിൽനിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷാകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം.
വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. രണ്ട് അലോട്ട്മെന്റുകളിൽ താത്ക്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ ലെറ്റർ ആവശ്യമില്ല.
സ്പോർട്സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. പ്രവേശനം 29ന് രാവിലെ 11ന് ആരംഭിച്ച് ജൂലൈ രണ്ടിന് വൈകുന്നേരം നാലു വരെയാണ്. പട്ടികജാതി/പട്ടികവർഗ വികസന വകുപ്പുകളുടെ കീഴിലുള്ള മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിലേക്കുള്ള മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് റിസൽട്ടും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നുണ്ട്.
Tags : Plus One Third Allotment admission