രാവിലെ പോഷകഗുണമുള്ള ലളിതമായ ഭക്ഷണം കഴിക്കുന്നത് ശീലമാക്കണം.
പെട്ടെന്നുള്ള കഠിനമായ ഡയറ്റ് മാറ്റങ്ങളല്ല,ദിവസവും തുടരുന്ന ചെറിയ നല്ല ശീലങ്ങളാണ് മികച്ച ആരോഗ്യത്തിന്റെ അടിസ്ഥാനം
പ്രഭാതഭക്ഷണം ദീര്‍ഘകാല ആരോഗ്യത്തെയും ശരീരത്തിന്റെ ഊര്‍ജസ്വലതയെയും കാര്യമായി സ്വാധീനിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സങ്കീര്‍ണമായ ഡയറ്റുകള്‍ പിന്തുടരുന്നതിനേക്കാള് ലളിതവും എന്നാല്‍ മുടക്കമില്ലാത്തതുമായ ഭക്ഷണശീലങ്ങളാണ് ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമെന്ന് ഡയറ്റീഷ്യന്മാര് വ്യക്തമാക്കുന്നു. ഡല്‍ഹി എയിംസിലെ പോഷകാഹാര വിദഗ്ധര്‍ പങ്കുവച്ച പ്രധാന നിര്‍ദേശങ്ങള്‍:
ലളിതവും കൃത്യവുമായ ശീലങ്ങള്‍: ഡയറ്റുകളിലെ ആഡംബരങ്ങളേക്കാള്‍, രാവിലെ പോഷകഗുണമുള്ള ലളിതമായ ഭക്ഷണം കഴിക്കുന്നത് ശീലമാക്കണം. ബ്രേക്ക്ഫാസ്റ്റിനൊപ്പമോ അല്ലെങ്കില്‍ അതിനുശേഷമുള്ള സമയത്തോ ബദാം പോലുള്ള ഡ്രൈ ഫ്രൂട്ട്സ് ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്കാന് സഹായിക്കും.
ഒഴിവാക്കരുത് ബ്രേക്ക്ഫാസ്റ്റ്: തിരക്കേറിയ ജീവിതത്തില്‍ പലരും പ്രഭാതഭക്ഷണം പൂര്‍ണമായി ഒഴിവാക്കുകയോ അല്ലെങ്കില്‍ പെട്ടെന്ന് ലഭ്യമാകുന്ന ജങ്ക് ഫുഡുകളെ ആശ്രയിക്കുകയോ ചെയ്യാറുണ്ട്. ഇത് ശരീരത്തിന്റെ മെറ്റബോളിസത്തെ ദോഷകരമായി ബാധിക്കും.
ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവ: പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, എന്നിവ പ്രഭാതഭക്ഷണത്തിന്റെ ഭാഗമാക്കണം. കഠിനമായ ഡയറ്റ് നിയന്ത്രണങ്ങളേക്കാള്‍ കൃത്യസമയത്ത് ഗുണമേന്മയുള്ള ഭക്ഷണം കഴിക്കുന്നതിനാണ് മുന്‍ഗണന എന്ന് പ്രത്യേക ഓർക്കുക.
വെള്ളം കുടിക്കണം ധാരാളം: കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നതും ചെറിയ അളവില്‍ കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുന്നതും ദീര്‍ഘകാല ആരോഗ്യത്തിന് ഉത്തമമാണ്.
പെട്ടെന്നുള്ള കഠിനമായ ഡയറ്റ് മാറ്റങ്ങളല്ല, മറിച്ച് ദിവസവും തുടരുന്ന ചെറിയ നല്ല ശീലങ്ങളാണ് മികച്ച ആരോഗ്യത്തിന്റെ അടിസ്ഥാനമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Tags : Health News Breakfast Family health