പ്രതീകാത്മകചിത്രം
നാരുകളടങ്ങിയ ഭക്ഷണം പലവിധ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉപകാരപ്പെടുന്നതാണ്. ആയതിനാൽ, നാരുകളടങ്ങിയ ഭക്ഷണം അവ നഷ്ടപ്പെടാതെതന്നെ ഉപയോഗിക്കാനാണ് ശ്രദ്ധിക്കേണ്ടത്. നാരുകൾ കുറവുള്ള ഭക്ഷണം കഴിക്കുമ്പോൾ നാരുകൾ കൂടുതലുള്ളവ കൂടി അതിനൊപ്പം കഴിക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചാൽ ആരോഗ്യത്തോടെ ദീർഘകാലം കഴിയാവുന്നതാണ്.
നാരുകൾ ധാരാളമുള്ള ഭക്ഷണം മലബന്ധം ഉള്ളവർ കഴിക്കുന്നത് ശരിയായ മലശോധന ലഭിക്കുവാൻ കാരണമാകും. എന്നാൽ വയറിളക്കമുള്ളവർ നാരുകളടങ്ങിയ ഭക്ഷണം കഴിച്ചാൽ വയറിളക്കം വർധിക്കാനാണ് സാധ്യത. അതിനാൽ വയറിളക്കമുള്ളപ്പോൾ വാഴപ്പഴം, പാൽ, ഉഴുന്ന്, ഇലക്കറികൾ പ്രത്യേകിച്ചും മുരിങ്ങയിലത്തോരൻ, തവിടുള്ള ധാന്യങ്ങൾകൊണ്ട് ഉണ്ടാക്കുന്ന ആഹാരം എന്നിവ കഴിക്കരുത്.
ഭക്ഷണത്തിൽ നാരുകൾ എന്തിന്?
നമ്മൾ കഴിക്കുന്ന ഏത് ആഹാരവും നാരുകളുടെ സാന്നിധ്യത്തിൽ ശരിയായി ദഹിക്കുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ദഹനപ്രക്രിയ സമയബന്ധിതമായി തീർക്കുന്നു. ഭക്ഷണശകലങ്ങളുടെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള ചലനം കുടലിന്റെ പെരിസ്റ്റാൽട്ടിക് മൂവ്മെന്റിനൊപ്പം സുഗമമാക്കുന്നു.
എവിടെയും ഭക്ഷ്യാവശിഷ്ടങ്ങൾ തടസപ്പെടാത്തവിധം സഞ്ചരിച്ച് മലാശയത്തിൽ എത്തുകയും അവിടെനിന്നു യാതൊരു പ്രയാസവും കൂടാതെതന്നെ സമയത്ത് പുറത്തേക്ക് ബഹിഷ്കരിക്കുകയും ചെയ്യുന്നു. ഇതുകാരണം ശരീരത്തിനാവശ്യമായതെന്തും ഭക്ഷണത്തിൽനിന്ന് ശരിയായി ആഗിരണം ചെയ്യാനും ആവശ്യമില്ലാത്തതെല്ലാം ഒട്ടും സമയംകളയാതെ പുറന്തള്ളുവാനും സാധിക്കുന്നു.
വിവരങ്ങൾ - ഡോ. ഷർമദ് ഖാൻ BAMS, MD റിട്ടയേർഡ് മെഡിക്കൽ ഓഫീസർ
Tags : Don't eat any of these when you have diarrhea... Healthnews FamilyHealth