സ്ത്രീകളില്‍ ആര്‍ത്തവം/മാസമുറ എന്നന്നേക്കുമായി അവസാനിക്കുകയും അവരുടെ പ്രജനനശേഷിക്കു വിരാമമിടുകയും ചെയ്യുന്ന ഒരു സ്വാഭാവിക ഘട്ടമാണ് ആര്‍ത്തവവിരാമം (Menopause).
തുടര്‍ച്ചയായി 12 മാസം വരെ ആര്‍ത്തവം ഇല്ലാതിരിക്കുമ്പോഴാണ് ആര്‍ത്തവവിരാമം സ്ഥിരീകരിക്കാന്‍ സാധിക്കുന്നത്. ഈ സാഹചര്യത്തില്‍ അവസാനമായി മാസമുറ വന്ന തീയതി അവസാന മാസമുറ (LMP - Last Menstural Period) ആയി കണക്കാക്കുന്നു.
45നും 55നും പ്രായത്തിനിടയിലുള്ള സ്ത്രീകളിലാണ് സാധാരണയായി ആര്‍ത്തവവിരാമം സംഭവിക്കുന്നത്. പ്രായത്തിന്റെതായ കാരണങ്ങളാല്‍ ഗര്‍ഭാശയത്തിലെ അണ്ഡാശയത്തില്‍ അണ്ഡോല്പാദനം കുറയുന്നു.
ഇത് മൂലം ഈസ്ട്രജന്, പ്രോജസ്ട്രോണ്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് ശരീരത്തില്‍ കുറയുകയും ആര്‍ത്തവവിരാമത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ആര്‍ത്തവവിരാമം മൂലം ഉണ്ടായേക്കാവുന്ന ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍
ആര്‍ത്തവവിരാമ ഘട്ടത്തില്‍ ശരീരത്തിലെ ഈസ്ട്രജന് ഹോര്‍മോണിന്റെ അളവ് കുറയുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അസ്ഥിബലക്ഷയം, ഹൃദ്രോഗം കൂടാതെ മെറ്റബോളിസം Metabolism, മാനസികാരോഗ്യം, മാംസപേശികള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു.
ആര്‍ത്തവ വിരാമത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിനായി തിരഞ്ഞെടുക്കേണ്ട പ്രധാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വ്യായാമം. ചിട്ടയായ ശാരീരിക പ്രവര്‍ത്തനം മുമ്പ് പ്രതിപാദിച്ച ആരോഗ്യ പ്രശ്നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.
ഓസ്റ്റിയോപൊറോസിസ് (അസ്ഥി ബലക്ഷയം)
ആര്‍ത്തവ വിരാമത്തിനു ശേഷം ഈസ്ട്രജന്റെ അളവ് കുറയുന്നതിനാല്‍ അസ്ഥി സാന്ദ്രത കുറയുകയും എല്ലുകള്‍ ബലഹീനമാവുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഓസ്റ്റിയോപോറോസിസ്.
ഇതുമൂലം ചെറിയ വീഴ്ചകളില്‍ പോലും എല്ലുകള്‍ ഒടിയാനുള്ള സാധ്യത കൂടുന്നു. ഇത് പ്രതിരോധിക്കുന്നതിനായി ഫിസിയോതെറാപ്പിസ്റ്റിന്റെ നിര്‍ദേശപ്രകാരം അനുയോജ്യമായ വ്യായാമം ദിവസവും ചെയ്യേണ്ടതാണ്.
റെസിസ്റ്റൻസ് എക്സർസൈസ് (Resistance exercise), വെയ്റ്റ് ബിയറിംഗ് എക്സർ സൈസ് (Weight bearing exercise) എന്നീ വ്യായാമങ്ങള്‍ ഒന്നിച്ചു ചെയ്യുന്നതിലൂടെ അസ്ഥികളുടെ ബലം ശക്തിപ്പെടുത്താനും പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും സാധിക്കും.
വിവരങ്ങൾ - ശ്രീദേവി
എച്ച്ഒഡി ഫിസിയോതെറാപ്പി വിഭാഗം എസ് യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Tags : Family Health