മലിനജലത്തിലൂടെയും പഴകിയ ഭക്ഷണത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പ്രധാനമായും പകരുന്നത് എന്നതിനാൽ, വ്യക്തിശുചിത്വവും പരിസരശുചിത്വവും ഭക്ഷണശുചിത്വവും കർശനമായി പാലിക്കണം.
കുട്ടികളിലും പ്രായമായവരിലും രോഗം പെട്ടെന്ന് ഗുരുതരമാകാനും നിർജലീകരണത്തിന് കാരണമാകാനും സാധ്യതയുള്ളതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.
പ്രധാന ലക്ഷണങ്ങൾ:
* തുടർച്ചയായ വയറിളക്കവും ഛർദ്ദിയും
* ശക്തമായ പനി, വയറുവേദന
* അമിതമായ ക്ഷീണവും തളർച്ചയും
* ശരീരത്തിൽ ജലാംശം കുറയുക (നിർജലീകരണം)
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
1. ശുദ്ധജലം മാത്രം ഉപയോഗിക്കുക:
2. കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. വെള്ളം കുറഞ്ഞത് 20 മിനിറ്റെങ്കിലും തിളപ്പിച്ചു എന്ന് ഉറപ്പുവരുത്തണം.
3. കൈകൾ വൃത്തിയായി സൂക്ഷിക്കുക: ഭക്ഷണം തയാറാക്കുന്നതിനും കഴിക്കുന്നതിനും മുൻപും, ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
4. ഭക്ഷണ കാര്യത്തിൽ ശ്രദ്ധ വേണം: തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണപദാർഥങ്ങൾ പൂർണമായും ഒഴിവാക്കുക. എപ്പോഴും ചൂടുള്ള ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
5. വഴിയോര ഭക്ഷണങ്ങൾ ഒഴിവാക്കുക: വിദ്യാർഥികൾ വഴിയോരങ്ങളിൽ വിൽക്കുന്ന അനധികൃത ഭക്ഷണ പദാർഥങ്ങളും ഉപ്പിലിട്ട വിഭവങ്ങളും കഴിക്കുന്നത് ഒഴിവാക്കണം.
6. ജലസ്രോതസുകൾ ശുചീകരിക്കുക: കിണറുകളും മറ്റ് ജലസ്രോതസുകളും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് കൃത്യമായി ക്ലോറിനേറ്റ് ചെയ്യുക.
7. പഴങ്ങളും പച്ചക്കറികളും: പാകം ചെയ്യുന്നതിനും പച്ചയ്ക്ക് കഴിക്കുന്നതിനും മുൻപായി പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ പലതവണ നന്നായി കഴുകുക.
രോഗം വന്നാൽ എന്തുചെയ്യണം?
* ശരീരത്തിലെ ജലാംശം നിലനിർത്താൻ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
* യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ശാസ്ത്രീയ ചികിത്സ തേടുക.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Tags : Family Health