അബുജ: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തു വിവിധയിടങ്ങളിലുണ്ടായ സംഘടിത ആക്രമണങ്ങളിൽ എട്ട് ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസ, ബാർക്കിൻ ലാഡി, റിയോം മേഖലകളിലാണ് ആക്രമണമുണ്ടായത്.
ബസയിൽ ക്വാൾ ജില്ലയിലെ ക്പാഷോയിൽ ശനിയാഴ്ച രാത്രി എട്ടോടെയാണ് ആദ്യ ആക്രമണം നടന്നത്. ഇവിടെ ആയുധധാരികൾ വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന നാല് യുവാക്കളെ പതിയിരുന്ന് ആക്രമിച്ചു. ഒരാൾ സംഭവസ്ഥലത്ത് കൊല്ലപ്പെടുകയും മറ്റൊരാൾ ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തു. മറ്റു രണ്ടുപേർ പരിക്കേറ്റ് ചികിത്സയിലാണ്. ഏകദേശം രണ്ടു മണിക്കൂറിനുശേഷം ബാർക്കിൻ ലാഡി ജില്ലയിലെ ഹുറം ഗാഷിഷ് എൻടിവി എന്ന പ്രദേശത്തെത്തിയ അക്രമികൾ വീടുകളില്‍ ഇരച്ചുകയറി താമസക്കാർക്കുനേരേ വെടിയുതിർക്കുകയായിരുന്നു.
ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാത്രി 11 ഓടെ നടന്ന മൂന്നാമത്തെ ആക്രമണത്തിൽ റിയോം ജില്ലയിലെ ഷോനോംഗ് ബാച്ചി കമ്മ്യൂണിറ്റിയിലേക്ക് തോക്കുധാരികൾ അതിക്രമിച്ചുകയറി നടത്തിയ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് പ്രദേശവാസികൾ ഗ്രാമങ്ങളിൽനിന്നു പലായനം ചെയ്തു.
Tags : Eight Christians killed in Nigeria